ഇവർ ജലജീവികളൊന്നുമല്ല. നമ്മളെ പോലുള്ള സാധാരണ മനുഷ്യർ. പക്ഷേ, ജീവിതം നമ്മുടേത് പോലെ ഭൂമിയിലല്ലെന്ന് മാത്രം. ജലജീവിതമാണ് ഇവരുടേത്. ആയുഷ്കാലം മുഴുവൻ വെള്ളത്തിൽ ജീവിക്കേണ്ടി വരിക. നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ഫിലിപ്പീൻസിലെ ബഡ്ജാവോ ഗോത്ര വ‌‌‌ർഗക്കാരാണ് ഇവർ. ജലത്തിൽ മാത്രം ജീവിക്കുന്നവർ. ബഡ്ജാവോ എന്ന പദത്തിന് അർഥം തന്നെ വെള്ളത്തിലെ മനുഷ്യർ എന്നാണ്. ഇവരുടെ ജലജീവിതത്തെ പറ്റി ചില കെട്ടുകഥകളൊക്കെ നിലവിലുണ്ട്. പണ്ട്, ഒരു രാജകുമാരിയെ അവൾക്കിഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും രക്ഷിക്കുന്നതിനുവേണ്ടിയാണ് ഇവർ ജലജീവിതം തുടങ്ങിയതത്രെ. കാരണം ജലത്തിലാകുമ്പോൾ വേഗത്തിൽ രക്ഷപ്പെടുത്താനാകുമെന്നും പെട്ടന്ന് രാജകുമാരിയെ ആർക്കും കണ്ടെത്താനും കഴിയില്ല. അന്ന് രാജകുമാരിക്ക് കാവലായ ബഡ്ജവോ ഗോത്ര വർഗക്കാർ ഇന്നും വെള്ളത്തിൽ ജീവിക്കുന്നു.

 

ബോട്ടുകളിലും, വെള്ളത്തിന് മേല്‍ തൂണുകള്‍ നാട്ടിയുണ്ടാക്കിയ കുടിലുകളിലുമാണ് ഇവരുടെ താമസം. .ഫിലിപ്പീന്‍സിലെ നിപ്പാ മരത്തിന്റെ ഇലകള്‍ കൊണ്ടാണ് ബോട്ടിന്റെ മേല്‍ക്കൂര ഉണ്ടാക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവര്‍ ഉപയോഗിക്കുന്നത്. വെള്ളത്തില്‍ ജീവിക്കുന്നതിനാല്‍ മീന്‍ പിടുത്തം തന്നെയാണ് ഇവരുടെ തൊഴിലും മുഖ്യ വരുമാന മാര്‍ഗവും. മീൻ പിടുത്തത്തില്‍ അഗ്രഗണ്യരാണ് ഇവര്‍. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടിക്കും . ഇങ്ങനെ ലഭിക്കുന്ന മീന്‍ വിൽക്കാനായി മാത്രമാണ് ഇവർ കരയിലെത്തുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകാറില്ല. ആര്‍ത്തിരമ്പുന്ന കടലിലെ മീൻ പിടിത്തം മാത്രമാണ് ഇവരുടെ പഠിത്തം. 

 

ബാഡ്ജാവോകളുടെ വിശ്വാസങ്ങളും തികച്ചും വ്യത്യസ്തമാണ്. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ സൂക്ഷിച്ചുവെക്കുകയും ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും ചെയ്യും.  മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് മറ്റൊരു വിശ്വാസം. മരണാനന്തര ജീവിതത്തിലൊക്കെ വലിയ വിശ്വാസമുള്ള ഇവരുടെ പ്രധാന ആരാധനാ ദൈവം വരുണനാണ്. തീർന്നില്ല, വിവാഹ ചടങ്ങുകളിലുമുണ്ട് ചില പ്രത്യേകതകൾ. മുഖത്ത് അരിപൊടിയും ചുണ്ടില്‍ ചായവും പൂശിയാണ് ഇവര്‍ വധുവിനെ അലങ്കരിക്കുക. ഇങ്ങനെയൊക്കെയാണെങ്കിലും ബഡ്ജവോകളുടെ പുതുതലമുറയ്ക്ക് ജലജീവിതത്തോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.