നടി ദിവ്യ ഉണ്ണി രണ്ടാമതും വിവാഹം കഴിച്ചതിനെ പരിഹസിച്ചവര്‍ക്കെതിരെ വ്യാപകമായാണ് പ്രതികരണങ്ങള്‍ ഉയരുന്നത്. പുനര്‍ വിവാഹിതര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നവര്‍ ഏകാന്തതയുടെ കയ്പ് അനുഭവിച്ചിട്ടുണ്ടാകില്ലെന്നു ഉറപ്പിച്ചു പറയുകയാണ് മലയാള മനോരമയില്‍ മാധ്യമപ്രവര്‍ത്തകയായ രമ്യ ബിനോയ്. 

 

രമ്യയുടെ ഫേസ്ബുക്ക് കുറിപ്പ്: 

ഏകാന്തതയുടെ കയ്പ് എപ്പോഴെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ... "എന്റെ കൈകൾ മറ്റൊരാൾ കോർത്തുപിടിച്ചിട്ട് എത്ര വർഷങ്ങളായി" എന്ന് ഒരിക്കലെങ്കിലും ആലോചിക്കേണ്ടി വന്നിട്ടുണ്ടോ... ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും പുനർവിവാഹിതർക്കു നേരെ വിരൽചൂണ്ടി ആക്രോശിക്കില്ല, അടുത്ത തവണ ഒഎൽഎക്സിൽ ഇടാം എന്ന് പരിഹസിക്കില്ല. 

എന്റെ അമ്മ മരിക്കുമ്പോൾ അച്ഛന് 64 വയസ്സാണ്. തൊട്ടടുത്ത വർഷമായിരുന്നു ഞാൻ അമ്മുവിനെ പ്രസവിക്കുന്നത്. കുഞ്ഞ് ഉറങ്ങാത്ത രാത്രികളിൽ ഞാൻ ഉണർന്നിരിക്കുമ്പോൾ കണ്ടിട്ടുണ്ട് പുലർച്ചെ മൂന്നിനും മറ്റും ഉറക്കം ഞെട്ടി അച്ഛൻ ഉണരുന്നത്. മക്കളെല്ലാം വിവാഹിതരായി പോയി, സമാധാനത്തോടെ ജീവിച്ചുതുടങ്ങിയപ്പോഴാണ് അമ്മയുടെ മരണം. മക്കളും കൊച്ചുമക്കളുമായി ഒരുപാട് പേർ ചുറ്റുമുണ്ടായിട്ടും അച്ഛനു ചുറ്റും ഏകാന്തതയുടെ ഒരു വലിയ മൺപുറ്റ് വളർന്നു വരുന്നത് ആ കാലങ്ങളിൽ ഞാൻ മനസ്സിലാക്കി. അതോടെ ചേച്ചിമാരെ വിളിച്ചു ഞാൻ പറഞ്ഞു, അച്ഛന് ഒരു കൂട്ടുവേണമെന്ന്. ആദ്യം അവരൊന്ന് അമ്പരന്നെങ്കിലും പിന്നീട് പിന്തുണച്ചു. പക്ഷേ അമ്മയുടെ നിത്യകാമുകനായ അച്ഛൻ ഞാൻ പറഞ്ഞത് കേൾക്കാൻ കൂട്ടാക്കിയില്ല. ഇത്ര വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് കുറ്റബോധമുണ്ട്. കാരണം ചിലപ്പോഴെങ്കിലും അച്ഛൻ വല്ലാതെ ഒറ്റയാകുന്നതുപോലെ. ഞാൻ ഒന്നു വാശി പിടിച്ചിരുന്നെങ്കിൽ, പതിവുശാഠ്യക്കാരിയാശി കരഞ്ഞുനിലവിളിച്ചെങ്കിൽ അച്ഛൻ ചിലപ്പോൾ സമ്മതിച്ചേനെ. എങ്കിൽ ഈ ഏകാന്തതയുടെ വാൽമീകം അച്ഛനെ മൂടില്ലായിരുന്നു.

 

ഇനി മറ്റൊരു സുന്ദരമായ കഥ പറയാം. എന്റെ ഒരു ഉറ്റബന്ധു ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു. പ്രണയം കൊടിയിറങ്ങിയപ്പോൾ പൊരുത്തക്കേടുകളായി കൂടുതൽ. ഒടുവിൽ ഒരു കുഞ്ഞുപിറന്നതോടെ രണ്ടാളും രണ്ടു വഴിക്കായി. ആ പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ എന്നുമൊരു നീറ്റലായി ഉള്ളിലുണ്ടായിരുന്നു. ഞങ്ങളുടെ പയ്യനോട് അകന്നെങ്കിലും അവൾ ഞങ്ങളോട് സൗഹൃദം ഉപേക്ഷിച്ചിരുന്നില്ല. അടുത്തിടെ അവൾ വീണ്ടും വിവാഹിതയായി. ആദ്യ വിവാഹത്തിൽ ലഭിക്കാതിരുന്ന സ്നേഹം, പരിഗണന ബഹുമാനം എല്ലാം ഇപ്പോഴവൾക്ക് ലഭിക്കുന്നുണ്ട്. അവരുടെ കുടുംബചിത്രങ്ങളിലെല്ലാം കുഞ്ഞ് 'ഡാഡിയുടെ' കൈകളിലാണ്. അവൾക്കിപ്പോൾ സ്നേഹിക്കപ്പെടുന്ന സ്ത്രീയുടെ മുഖമാണ്. ഇതെല്ലാം വേണ്ടെന്നുവച്ച് , അവൾ ആദ്യവിവാഹത്തിന്റെ നോവിൽ എന്നും കഴിയണമെന്നു ചിന്തിക്കുന്നതിലും വലിയ ക്രൂരതയുണ്ടോ... 

 

മറ്റുള്ളവരുടെ സന്തോഷം കണ്ട് അവിടേക്ക് ചെളിവാരി എറിയുന്നത് മനോരോഗമാണ്... ചികിത്സ ഇല്ലാത്ത മനോരോഗം... അവരുടെ കുത്തുവാക്ക് കേൾക്കുമ്പോൾ നമ്മുടെ പഴയ കുറുക്കനെ ഓർക്കുക... മുന്തിരിങ്ങാമധുരം വിധിച്ചിട്ടില്ലാത്ത ആ പാവം കുറുക്കനെ...