മലയാളത്തിലും തെന്നിന്ത്യയിലും ഒരു പോലെ കഴിവുതെളിയിച്ചയാളാണ് നടിയും സംവിധായികയുമായ രേവതി. സിനിമയിൽ നിന്നെല്ലാം തൽക്കാലം അകലം പാലിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അവർ. നാലരവയസുകാരി മകൾ മാഹിയാണ് ഇന്ന് ഇൗ താരത്തിന്റെ ലോകം. സ്വർഗത്തിൽ നിന്നു ലഭിച്ച സമ്മാനം എന്നാണ് മകളെ അവർ വിശേഷിപ്പിക്കുന്നത്.
സിനിമയിൽ അമ്മവേഷം അഭിനയിക്കുന്നതും യഥാർഥത്തിൽ അമ്മയാകുന്നതും തമ്മിൽ ഏറെ അന്തരമുണ്ടെന്നും രേവതി പറയുന്നു. ജീവിതത്തിൽ അൽപം വൈകിയാണ് താൻ അമ്മയാകാൻ തീരുമാനിക്കുന്നത്. ഈ പ്രായത്തിൽ കുഞ്ഞുണ്ടാകുന്നതിൽ പ്രശ്നമുണ്ടാകുമോ എന്നും ഭാവിയിൽ പ്രായമായ അമ്മയെ മകൾ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു.
കുട്ടികളെ ദത്തെടുക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാൽ നവജാത ശിശുക്കളെ നൽകാൻ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്. അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു. മകളുടെ ജനനത്തെക്കുറിച്ച് അവൾ വലുതായതിനുശേഷം പറയാമെന്ന് രേവതി വ്യക്തമാക്കി. ഇൗ പ്രായത്തിൽ കുഞ്ഞുണ്ടായാൽ കുട്ടി വലുതാകുമ്പോൾ പ്രയാമായ അമ്മയെ അവൾ നോക്കുമോ എന്നും ഞാൻ സംശയിച്ചിരുന്നു.
കുട്ടിയെ അധിക സമയം ടിവി കാണാൻ ഞാൻ അനുവദിക്കില്ല. എന്നോടൊപ്പം ചെടി നടാനും കുക്ക് ചെയ്യാനുമൊക്കെ കൂടെക്കൂട്ടും. എന്റെ അച്ഛനെ അവൾ ഡാഡി താത്ത എന്നാണ് വിളിക്കുന്നത്. സ്കൂളിൽ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികൾ ചോദിക്കുമ്പോൾ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നവൾ മറുപടി പറയും.
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ട്. അവളെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത് തുറന്നു സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകാറുണ്ട്. മക്കളെ കഴിയുന്നിടത്തോളം സ്നേഹിക്കുക, വാരിപ്പുണരുക. അവർ വലുതായെന്നു കരുതി മാറ്റി നിർത്തരുത്. അതേസമയം നിങ്ങൾക്ക് മാത്രമായി ചെലവഴിക്കാനും സമയം കണ്ടെത്തണം, ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രേവതി മനസു തുറന്നത്.
സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനെ രേവതി വിവാഹം കഴിയുന്നത്. 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹ േമാചിതരാവുകയായിരുന്നു.