elephant-wayanad

പൂച്ചയെക്കൊണ്ട് വലിയ ശല്യം.

അങ്ങനെ എലികള്‍ യോഗം വിളിച്ചു. വാദങ്ങള്‍ സജീവം. പൂച്ചയുടെ കഴുത്തില്‍ മണികെട്ടിയാല്‍ പ്രശ്നം പരിഹരിക്കാമെന്ന് ഒരഭിപ്രായം ഉയര്‍ന്നു.

ആ നിര്‍ദേശത്തോട് എല്ലാ എലികളും യോജിച്ചു. കയ്യടിച്ച് പാസാക്കിയ ശേഷം കൂട്ടത്തിലെ കുഞ്ഞനായ ഒരെലി ചോദിച്ചു പൂച്ചയുടെ കഴുത്തില്‍ ആര് മണി കെട്ടും...? 

പൂച്ചയുടെ കഴുത്തില്‍ ഏതെങ്കിലും എലി പോയി മണി കെട്ടിയോ എന്നറിയില്ല. എന്നാല്‍ ബത്തേരിയില്‍ കൊടുംകാട്ടില്‍കയറിയ മനുഷ്യന്‍ കൊലയാളി ആനയുടെ കഴുത്തില്‍  കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്.

elephant-two

∙∙ 

അമ്പതു മനുഷ്യരും രണ്ട് നാട്ടാനകളും അങ്ങനെ കൊടുംകാട്ടില്‍ക്കയറി. 

കൊലയാളിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമാണ് അവര്‍ തിരിച്ചു പോന്നത്. നാടിനെ വിറപ്പിച്ച വടക്കനാട് കൊമ്പന്റെ കാട്ടിലെ ഒരോ അനക്കങ്ങളും ഇനി വനം വകുപ്പിലെ ഒാഫീസിലെത്തും.

ആരാണ് വടക്കനാട് കൊമ്പന്‍ ? എന്താണ് റേഡിയോ കോളര്‍ ? 

ബത്തേരി വടക്കാനട്ടെ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന കൊലയാളി കൊമ്പനാനയാണ് വടക്കനാട് കൊമ്പന്‍. ഏറ്റവും അവാസാനം കൊലപ്പെടുത്തിയത് കുറിച്യാട് റെയ്ഞ്ചിലെ വാര്‍ഡനായ കരിയനെ.

മുന്നില്‍വന്നുപെട്ട കരിയനെ തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് മരത്തിന് മുകളിലേക്ക് വലിച്ചെറിയുകയായിരുന്നു.

നീണ്ടു വളഞ്ഞ കൊമ്പുകള്‍. അല്‍പം കൂടി അടുത്താല്‍ രണ്ട് കൊമ്പും പരസ്പരം കൂട്ടിമുട്ടും. കൂട്ടുകൊമ്പന്‍ എന്നാണ് മറ്റൊരു വിളിപ്പേര്.

elephant-one

വടക്കനാട് കൊമ്പന്റെ കൂടെ എപ്പോഴും മറ്റ് നാല് കൊമ്പന്‍മാര്‍ കൂടെയുണ്ടാകും. പക്ഷെ അവരത്ര അപകടകാരികളല്ല.

നേതാവ് വടക്കാനാട് കൊമ്പനാണ്. വെടിവെച്ചാലും പടക്കം പൊട്ടിച്ചാലും കുലുങ്ങില്ല. 

ഭയപ്പെടുത്തിയാല്‍ പിന്നിലോട്ട് പതുക്കെ നടക്കും. അവിടെത്തന്നെ നിലയുറപ്പിക്കും. കൊന്നേ തിരിച്ചു പോകൂ എന്ന ഭവത്തില്‍.

∙∙ 

മനുഷ്യജീവന് നിരന്തരം ഭീഷണിയുയര്‍ത്തുന്ന കൊമ്പനെ എങ്ങനെ തളയ്ക്കും ?

മാസങ്ങളായി വനം വകുപ്പ് തലപുകയ്ക്കുകയായിരുന്നു. 

അങ്ങനെയാണ് വന്യജീവി സംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ രക്ഷക്കെത്തിയത്.

രണ്ട് ലക്ഷം രൂപയുടെ റേഡിയോ കോളര്‍ അവര്‍ സൗജന്യമായി നല്‍കി.

∙∙ 

എന്താണ് റേഡിയോ കോളര്‍?

ജി.പി.എസ് ഉപയോഗിച്ച് കാട്ടിനുള്ളിലെ വന്യമൃഗങ്ങളുടെ നീക്കങ്ങള്‍ മനസിലാക്കി മുന്‍കരുതലുകളെടുക്കാനുള്ള സംവിധാനമാണിത്.

മൈക്രോചിപ് ഘടിപ്പിച്ച കോളര്‍ പോലുള്ള ഈ ചെറിയ യന്ത്രം ആനയുടെ കഴുത്തില്‍ കെട്ടണം..

സെന്‍സറുകളുടെ സഹായത്തോടെ ഉപഗ്രഹസംവിധാനം വഴി ആനയുടെ ഒരോ അനക്കങ്ങളും വനം വകുപ്പ് ഒാഫീസുകളിലെത്തും.

അഞ്ച് വര്‍ഷമെങ്കിലും ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയിലാണ് പ്രവര്‍ത്തനം. കഴുത്തിലായതിനാല്‍ പെട്ടന്ന് അഴിഞ്ഞു പോകാനും സാധ്യതയില്ല.

∙∙ 

വയനാട് വൈല്‍ഡ് ലൈഫ് സങ്കേതത്തിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ അങ്ങനെ റോഡിയോ കോളറുമായി കാടുകയറി.

കാട്ടില്‍ ജനിച്ചു വളര്‍ന്ന രണ്ട് പേരെ കൂടി കൂടെക്കൂട്ടി. മുത്തങ്ങ പന്തിയിലെ കുങ്കിയാനകളായ കുഞ്ചുവിനെയും പ്രമുഖയെയും.

മയക്കു വെടി ഏറ്റ കൊമ്പനെ മെരുക്കിനിര്‍ത്തുകയായിരുന്നു ഇവര്‍ക്ക് ചെയ്യാനുള്ള ജോലി. 

ആദ്യ രണ്ട് ദിവസം കൊമ്പന്‍ പിടി തന്നില്ല.

മനുഷ്യ സാന്നിധ്യം അറി‍ഞ്ഞപ്പോള്‍ തന്നെ കൊങ്ങിണിക്കാടിലേക്ക് മാറി.

സാധാരണ കൂടെയുണ്ടാകാറുള്ള മറ്റ് നാല് കൊമ്പന്‍മാരും വഴിരികില്‍ നിലയുറപ്പിച്ചു.

മൂന്നാം ദിനത്തില്‍ വടക്കാനാട് കൊമ്പനും ഉദ്യാഗസ്ഥരും നേര്‍ക്കുനേര്‍ വന്നു.

ആകാശത്തേക്ക് വെടിവെച്ചപ്പോള്‍ വടക്കനാട് കൊമ്പനൊഴികെയുള്ളവ പിന്‍മാറി

തിരിഞ്ഞോടുന്നതിനു പകരം ഭയപ്പെടുത്തി പിന്നിലോട്ട് നടക്കുകയായിരുന്നു വടക്കനാട് കൊമ്പന്‍.

ആദ്യ മയക്കുവെടി ഏറ്റില്ല. വെടിയേറ്റ കൊമ്പന്‍ വിരണ്ട് പരാക്രമം കാട്ടി കാട്ടിലേക്ക് മറഞ്ഞു. 

∙∙ 

കൊമ്പനെ മയക്കാതെ തിരിച്ചു പോകില്ലെന്ന് ഉദ്യോഗസ്ഥരുടെ ദൃഢനിശ്ചയം.

ഒന്നരമണിക്കൂറിന് ശേഷം കൊമ്പനെ കണ്ടെത്തി വീണ്ടും വെടിയുതിര്‍ത്തു. അതില്‍ അവന്‍ വീണു. 

നാടിനെ വിറപ്പിച്ചവനിതാ തൊട്ടുമുന്നില്‍ ഉറങ്ങിയതുപോലെ നില്‍ക്കുന്നു.

വളരെ കുറച്ചു സമയം മാത്രമേ മരുന്ന് പ്രവര്‍ത്തിക്കൂ. അതിനുള്ളില്‍ റോഡിയോ കോളര്‍ ഘടിപ്പിക്കണം. കുങ്കിയാനകളായ പ്രമുഖയും കുഞ്ചുവും വടക്കനാട് കൊമ്പന്റെ ഇരുവശവും നിലയുറപ്പിച്ചു.

ഇതിനിടയില്‍ അതിസാഹസികമായി ആനപ്പുറത്ത് കയറിയ വന്യജീവി സങ്കേതത്തിലെ ഹുസൈന്‍ എന്ന വാച്ചര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചു.

പതിനഞ്ച് മിനിറ്റാണ് ഇതിനെടുത്തത്.

സാധാരണഗതിയില്‍ കൊമ്പന്റെ കൂടെയുണ്ടാകാറുണ്ടായിരുന്ന മറ്റ് നാല് കൊമ്പന്‍മാര്‍ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞത് സഹായകമായി.

മയക്കം വിടാത്ത കൊമ്പന വിട്ട് അവരങ്ങനെ കാടിറങ്ങി.

∙∙ 

ഇനിയെന്ത് ?

കൊമ്പനെ ഇനി ഉള്‍ക്കാട്ടിലേക്ക് തുരത്തുക എന്നതാണ് അടുത്ത ജോലി.

പകല്‍ സമയത്ത് ഉറങ്ങി രാത്രികാലത്ത് നാട്ടിലിറങ്ങുന്നതാണ് കുറേക്കാലമായി ഈ ആനയുടെ പതിവ്.

ഉള്‍ക്കാട്ടിലേക്ക് ഒാടിച്ചാല്‍ ആ ശീലത്തിന് മാറ്റം വന്നേക്കും.

അതാണ് അടുത്ത ദൗത്യം.