പ്രശസ്ത ഒാങ്കോളജിസ്റ്റും ഡോ. ഗംഗാധരന്റെ ഭാര്യയുമായ ഡോ. ചിത്രതാര എഴുതിയ 'ദയാവധത്തിനു മുന്‍പേ' എന്ന കഥ കണ്ണുനനയിക്കുന്നു. ദയാവധത്തെ അനുകൂലിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നത് വലിയ വാർത്തയായിരുന്നു. ആ സാഹചര്യത്തിലാണ് കഥയും ശ്രദ്ധേയമാക്കുന്നത്. ഡോക്ടർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കഥ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

 

 

കഥവായിക്കാം

 

 

വനജയുടെയും സുകുവിന്‍റേയും സ്വരം കേട്ടു.

 

എന്തു പറ്റി. അവര്‍ മാസത്തിലൊന്നേ വരാറുള്ളല്ലോ. കഴിഞ്ഞ ആഴ്ച വന്നിട്ടു പോയതല്ലേയുള്ളൂ. എന്തേ പൊടുന്നനേ ഇന്ന് വന്നത്.

 

ഇന്ന് ഞായറാഴ്ചയാണല്ലേ. കഴിഞ്ഞയാഴ്ച മോള്‍ തന്നെയാണ് വന്നത്. സുകുവിന് വേറെന്തോ അത്യാവശ്യ ജോലിയുള്ളതുകൊണ്ട് വന്നില്ല. വന്നാലും പണ്ടത്തേപ്പോലുള്ള സംസാരങ്ങളൊന്നുമില്ല. ചിലപ്പോള്‍ സുകുവിന് എന്നെക്കാണാന്‍ തോന്നിക്കാണും.

 

എത്രയോ തവണ എന്‍റെ കൈകൊണ്ട് വിളമ്പിയ ചോറുണ്ടതാണ് സുകു. ഇവിടെയുള്ളപ്പോഴൊക്കെ സുകുവിന് ഏറ്റവും പ്രിയപ്പെട്ട ചീര അവിയല്‍ ഞാന്‍ ഉണ്ടാക്കുമായിരുന്നു. അമ്മയുടെ ചീര അവിയല്‍ കൂട്ടാനാണ് ഞാന്‍ വരുന്നതെന്നു പോലും ഇടയ്ക്കിടെ പറയുമായിരുന്നു. സുകുവിന്‍റെ "അമ്മേ" എന്ന വിളികേട്ടാല്‍ അമ്മായി അമ്മയെയാണ് എന്നു പോലും തോന്നത്തില്ലായിരുന്നു.

 

കല്യാണം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷമാണ് മൂത്ത മകള്‍ വനജ ഉണ്ടാകുന്നത്. വിശേഷമായില്ലേയെന്ന് പത്മേട്ടന്‍റെയും എന്‍റേയും അമ്മമാര്‍ ഇടയ്ക്കിടെ ചോദിച്ചിരുന്നു. അവരോട് വീട്ടുകാരും നാട്ടുകാരും ഈ ചോദ്യം ആവര്‍ത്തിച്ച് ശല്യം ചെയ്യുന്നുണ്ടായിരിക്കും.

 

"കുറച്ച കഴിഞ്ഞു മതി എന്നു വിചാരിച്ചിരിക്കുകയാണ്." കളവു പറഞ്ഞു രക്ഷപ്പെട്ടു.

അവരറിയാതെ ചില ടെസ്റ്റുകളൊക്കെ നടത്തി ഗര്‍ഭം ധരിച്ചപ്പോള്‍ പത്മേട്ടന്‍റെ പെരുമാറ്റം നാണിപ്പിക്കും വിധമായിരുന്നു. വനജ മോളെ ഒരുപാട് ഓമനിച്ചു. താഴെ വച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും എന്നതു പോലെ.

 

മോള്‍ക്കു വേണ്ടി ജോലി രാജി വച്ചു. പത്മേട്ടന്‍റെ ശമ്പളം കൊണ്ട് അല്ലലറിയാത്ത ജീവിതം, ആര്‍ഭാടമില്ലെന്നേ ഉണ്ടായിരുന്നുള്ളൂ. മൂന്നു വര്‍ഷം തികയുന്നതിനു മുമ്പ് രണ്ടാമത്തെ മോളെയും ദൈവം തന്നു. രണ്ടു മക്കളേയും പഠിപ്പിച്ചു, ജോലിയായി, നല്ല നിലയില്‍ കല്യാണം കഴിപ്പിച്ചു. പത്മേട്ടന്‍ റിട്ടയര്‍ ചെയ്തു.

 

മക്കളുടെ പ്രസവമെടുക്കാനും കുട്ടികളെ വളര്‍ത്താനുമൊക്കെ നന്നേ കഷ്ടപ്പെട്ടു. പത്മേട്ടന്‍ ഇടയ്ക്കിടെ പറയുമായിരുന്നു നമുക്കു രണ്ടു പെണ്‍കുട്ടികളല്ലേ. വീണു പോയാല്‍ ആരു നോക്കും.

"ആരു നോക്കിയില്ലെങ്കിലും സുകു നോക്കും". എന്‍റെ മറുപടി എപ്പോഴും പെട്ടെന്നായിരുന്നു.

 

ഇളയമോള്‍ വരുണയെ കല്യാണം കഴിച്ചിരിക്കുന്നത് രണ്ടു വീടിനപ്പുറമാണ് - ഗോപന്‍.

 

അല്ലറ ചില്ലറ ബിപിയും ഷുഗറുമൊക്കെ എനിക്കുണ്ട്. മക്കള്‍ക്കു ലീവു ബുദ്ധിമുട്ടായ കാരണം കൃത്യമായ ചെക്കപ്പുകള്‍ക്കൊന്നും പറ്റുന്നില്ല.

 

82 വയസായി പത്മേട്ടന്. ഇടയ്ക്ക് തൊടിയില്‍ ഒന്നു തെന്നി വീണു. പ്ലാസ്റ്ററിട്ട് ശരിയായി എന്നു പറയാം. അതോടെ തിണ്ണയിലെ ചാരു കസേരയിലേക്ക് ഒതുങ്ങി, കൂടുതല്‍ സമയവും. കണ്ണിനും കാഴ്ചക്കുറവുണ്ട്. അരെങ്കിലും പിടിക്കണം എഴുന്നേല്‍ക്കാന്‍. പത്മേട്ടന്‍റെ എല്ലാക്കാര്യവും നോക്കാന്‍ ഞാന്‍ വേണം. ഞങ്ങള്‍ക്കു തമ്മില്‍ 12 വയസ്സിന്‍റെ വ്യത്യാസമുണ്ട്.

 

പെട്ടെന്നൊരു ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ എനിക്ക് മിണ്ടാന്‍ പറ്റുന്നില്ല. പത്മേട്ടനെ തട്ടി വിളിച്ചു. വരുണേം ഭര്‍ത്താവും വന്ന് ആശുപത്രിയില്‍ കൊണ്ടു പോയി. ഒരാഴ്ചത്തെ ഇന്‍ജക്ഷനു ശേഷം മരുന്നൊക്കെയായി തിരിച്ചു വന്നു.

 

എല്ലാം പറയണമെന്നുണ്ട്. ചില വാക്കുകള്‍ മാത്രം പുറത്തേക്ക് വരും. പിന്നെ ആംഗ്യഭാഷയിലൂടെ എല്ലാക്കാര്യങ്ങളും മറ്റുള്ളവരെ അറിയിക്കാം. സ്വന്തമായി എല്ലാക്കാര്യങ്ങളും ചെയ്യാം.

 

ആസ്പിരിന്‍ ഗുളിക കഴിക്കുമ്പോള്‍ വല്ലാത്ത എരിച്ചിലും വിശപ്പില്ലായ്മയും. അതു കാരണം ചിലപ്പോള്‍ കഴിക്കില്ല. അപ്പോള്‍ ഒരു സുഖം തോന്നും.എന്‍റെ വിഷമം കണ്ടപ്പോള്‍ പത്മേട്ടനും പറഞ്ഞു "എന്നാ കുറച്ചു ദിവസത്തേയ്ക്ക് കഴിക്കണ്ട".

 

രണ്ടാഴ്ച കഴിഞ്ഞു. പെട്ടെന്ന് ഒരു വശം തളര്‍ന്നു പോയി. വീണ്ടും ആശുപത്രി വാസം. ഇന്‍ജക്ഷനുകള്‍, മരുന്നുകള്‍. വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കട്ടിലിലേക്കൊതുങ്ങി. ഒരു ഹോം നഴ്സിനെ രണ്ടു മാസത്തേയ്ക്ക് വച്ചു. ഫിസിയോ തെറാപ്പിയും എല്ലാമായി ചിലവു കൂടുന്നു എന്നു കണ്ടപ്പോള്‍ വീട്ടുജോലിക്കാരിയും വരുണയും കൂടെ എല്ലാം മാനേജ് ചെയ്യാം എന്ന ധാരണയായി. വരുണ ദിവസവും വരും.

 

മലവും മൂത്രവും പോകാന്‍ കട്ടിലില്‍ നിന്നു പിടിച്ച് താഴെ കസേരയിലിരുത്തും. പറയാന്‍ പറ്റാത്തതുകൊണ്ട്. കൃത്യസമയങ്ങളില്‍ ഇരുത്തണം. പകല്‍ രണ്ടു മണിക്കൂര്‍ കിടത്തുന്നതൊഴിച്ചാല്‍ കൂടുതല്‍ സമയവും ബഡ്ഡില്‍ ഇരിക്കും. ഒരു ദിവസം ജോലിക്കാരി വരാന്‍ താമസിച്ചു. മുണ്ടിലും ബഡ്ഡിലുമൊക്കെ മൂത്രമായി. അപ്പോഴാണ് മകള്‍ വന്നത്.

 

"അമ്മയോട് എത്ര തവണ പറഞ്ഞതാ വെള്ളം അധികം കുടിക്കരുതെന്ന്. മിണ്ടാതിരുന്നാല്‍ മതിയല്ലോ. കഷ്ടപ്പെടാന്‍ ബാക്കിയുള്ളവരും."

 

ബാത്റൂമില്‍ നിന്നു പതുക്കെ പതുക്കെ നടന്നു വന്നിരുന്ന പത്മേട്ടന്‍ ഇതു കേട്ടുവെന്നു തോന്നുന്നു.

 

"നിങ്ങളെയും നിങ്ങളുടെ മക്കളെയും ഒക്കെ നോക്കിയത് അവളല്ലേ. ഒരു തവണയെങ്കിലും പരാതി പറഞ്ഞതായി ഓര്‍മ്മയുണ്ടോ. "

 

"അച്ഛന്‍ പഴംപുരാണം തുടങ്ങി. മിണ്ടാതെവിടെങ്കിലും ഇരുന്നാല്‍ മതി." ജോലിക്കാരിയെ വിളിക്കാന്‍ മകള്‍ പോയി.

 

പതുക്കെ പതുക്കെ പത്മേട്ടന്‍ അടുത്ത വന്നിരുന്നു. സാരമില്ല തലയിലും നെറ്റിയിലും ക്ഷീണിച്ച വിരലുകളുടെ തലോടലിന്‍റെ സുഖം ഞാനറിഞ്ഞു. കുഴിഞ്ഞ കണ്ണുകളിലെ ദൈന്യത കണ്ട് കരച്ചിലടക്കി ചിരിക്കാന്‍ ശ്രമിച്ചു.

 

ജോലിക്കാരി കതകു കടന്ന് വരുന്നുണ്ടായിരുന്നു. പത്മേട്ടന്‍ എഴുന്നേറ്റ് പ്രാഞ്ചി പ്രാഞ്ചി തിണ്ണയിലെ ചാരു കസേരയിലേക്ക് ചെന്നു വീണു. ഇവിടെ കിടന്നാലും ഇരുന്നാലും പത്മേട്ടന്‍ ചാരു കസേരയില്‍ ഇരിക്കുന്നതു കാണാം. ഇപ്പോഴുള്ള ഏക ആശ്വാസവും അതാണ്.

 

ങെ! വനജ എവിടെപ്പോയി. ഒച്ച കേട്ടിട്ട് രണ്ടു പേരേം ഇങ്ങോട്ടു കാണുന്നില്ലല്ലോ. അച്ഛന്‍റടുത്തേക്കും വന്നില്ലല്ലോ. പെട്ടെന്നു കൊച്ചുമോന്‍ എന്‍റടുത്തു വന്ന് അമ്മൂമ്മേന്നു വിളിച്ച് ഉമ്മ തന്നിട്ടു മുത്തച്ഛന്‍റടുത്തേക്ക് ഓടിപ്പോയി.

 

"മുത്തച്ഛാ ഈ മേഴ്സി കില്ലിംഗ് എന്നു പറഞ്ഞാലെന്താ? അച്ഛനുമമ്മേം ഇളയച്ഛനും ഇളയമ്മേം സംസാരിക്കുന്നതു കേട്ടല്ലോ." കൊച്ചു മോന്‍ ചോദിച്ചു

 

"മോനേ അത് ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്തഅസുഖമുള്ളവരെ ദുരിതമനുഭവിക്കാതിരിക്കാന്‍ വേണ്ടി കൊല്ലുന്നതാണ് ദയാവധം." പത്മേട്ടനവന് പറഞ്ഞു കൊടുത്തു.

 

"അപ്പോള്‍ അമ്മൂമ്മയുടെ അസുഖം ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റില്ലേ? അമ്മൂമ്മ മിണ്ടത്തില്ലന്നല്ലേയുള്ളൂ. ഇരിക്കുമല്ലോ. മുത്തച്ഛന്‍ ഞങ്ങളുടെ കൂടെ വരുവാണോ? "

 

ഉള്ളിലൊരു വെള്ളിടി വെട്ടി. പത്മേട്ടന്‍ കസേരയിലേക്ക് ചായുന്നതു കണ്ടു.

 

പണ്ടൊരിക്കല്‍ പത്മേട്ടനോട് അമ്മയും കേള്‍ക്കട്ടെ എന്ന വിധത്തില്‍ മക്കള്‍ ചിലത് സംസാരിക്കുന്നത് കേട്ടിരുന്നു.

 

"രണ്ടു പേരെയും എനിക്ക് നോക്കാന്‍ പറ്റില്ല എന്ന് ഇളയ മകള്‍. ചേച്ചിയവിടെ സുഖിച്ചു ജീവിക്കുകയാണ്. വല്ലപ്പോഴും വന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒന്നു വന്നിട്ടു പോകും. ഒരാളെ ചേച്ചി നോക്കട്ടെ. ഒരാളെ ഞാനും നോക്കാം. "

 

പത്മേട്ടന്‍ അന്നെതിര്‍ത്ത കാരണം അതു നടന്നില്ല. ഇപ്പോള്‍ എതിര്‍ക്കാനാവാത്ത വിധം പത്മേട്ടന്‍ അവശനായല്ലോ.

 

"ഇളയമ്മയാണ് അമ്മൂമ്മയെ കൊണ്ടു പോകുന്നത്. അവിടെ ചെന്നിട്ട് ആപ്ലിക്കേഷന്‍ കൊടുക്കാമെന്നാണ് എല്ലാവരും പറയുന്നത്." കൊച്ചുമോന്‍ തുടര്‍ന്ന് എന്തൊക്കെയോ പറഞ്ഞു...ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല....ചെവിയില്‍ പെരുമ്പറ കൊട്ടും പോലെ.

 

ജീവിച്ചിരിക്കുവോളം ഈ വീട്ടില്‍തന്നെ താമസിക്കണമെന്ന മോഹം പത്മേട്ടനോടും മക്കളോടും പറഞ്ഞിരുന്നതാണ്. പത്മേട്ടനെ കാണാതെ...രണ്ടിടത്തെ ജീവിതം. ദൈവമേ ബോധം മറയുന്നതുപോലെ തോന്നി. "പത്മേട്ടാ..." മെല്ലേ ഉയരാന്‍ ശ്രമിച്ചു. കാലു വയ്ക്കുന്ന സ്റ്റൂളിനു മുകളില്‍ കൂടി താഴേക്കു വീണു...തലയിടിച്ചു....

 

"മോളേ....എന്‍റെ അമ്മയുടെ വിളിയല്ലേ അത്.... അമ്മ എന്നെ കൈപിടിച്ചെഴുന്നേല്പിച്ചു... വാ... മോളെ...പോകാം...."