plavujayan2

നാടു മുഴുവന്‍ പ്ലാവ് നട്ട് പേരിനൊപ്പം പ്ലാവ് ഇനിഷ്യലായി കിട്ടിയ വ്യക്തിയാണ് തൃശൂര്‍ അവിട്ടത്തൂര്‍ സ്വദേശി ജയന്‍ . നൂറുകണക്കിനു പ്ലാവുകള്‍ നട്ട് ചക്ക വിപ്ലവത്തിന് തുടക്കം കുറിച്ച കര്‍ഷകനാണ് ഈ പ്ലാവ് ജയന്‍ . ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കണമെന്ന് ജയന്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. 

തൃശൂര്‍ അവിട്ടത്തൂര്‍ സ്വദേശിയായ കെ.ആര്‍.ജയന്‍റെ ജീവിതം പ്ലാവിന്‍ തൈകള്‍ക്കൊപ്പമാണ്. ഏഴാം വയസില്‍ തുടങ്ങിയതാണ് ഈ പ്ലാവ് സ്നേഹം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ മുറ്റത്തു മരം നടാന്‍ ഒരു തൈ കൊണ്ടുവരാന്‍ അധ്യാപിക പറഞ്ഞു. എല്ലവരില്‍ നിന്നും വ്യത്യസ്തമായി പ്ലാവിന്‍ തൈ കൊണ്ടുവന്ന ആ വിദ്യാര്‍ഥിയ്ക്ക് സഹപാഠികള്‍ സ്നേഹത്തോടെ ആ പേര് ചാര്‍ത്തി നല്‍കി. പ്ലാവ് ജയന്‍. വീടിന്റെ മുന്നിലെ ബോര്‍ഡിലും ഈ പേര് തന്നെ കൊത്തിവച്ചിട്ടുണ്ട്. ചക്ക മഹോല്‍സവം നടത്താന്‍ ഇന്നാളുണ്ടെങ്കിലും പ്ലാവിന്‍ തൈ നടാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന് ജയന്‍ പറയുന്നു. 

പണ്ടുക്കാലത്ത് വീട്ടിലെ പട്ടിണി മാറ്റാന്‍ ചക്ക സഹായിച്ചിരുന്നു. വീട്ടുമുറ്റത്ത് പ്ലാവ് ഉണ്ടെങ്കില്‍ മുറ്റത്ത് ഓക്സിജന്‍ നിറയുമെന്ന് ജയന്‍ ഓര്‍മപ്പെടുത്തുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ജയന്‍ സഹായം നല്‍കുന്നുണ്ട്. േകരളത്തിലെ പ്ലാവുകളുടെ എണ്ണം പണ്ടത്തെ അപേക്ഷിച്ച് കുറയുന്നതാണ് ആശങ്ക. കൃഷിവകുപ്പ് ഗൗരവമായി ഇക്കാര്യത്തില്‍ ഇടപ്പെട്ടില്ലെങ്കില്‍ ചക്ക സംസ്ഥാന ഫലമായി മാത്രം അവശേഷിക്കും.