മനുഷ്യ ശരീരത്തിൽ ഇത്രയധികം കല്ലുകൾ കണ്ടെത്തിയതിന്റെ അത്ഭുതത്തിലാണ് മുംബൈയിലെ ഡോക്ടർമാർ. മീരാ റോഡിലെ ഭക്തി വേദാന്ത ആശുപത്രിയിലാണ് സംഭവം. 50കാരിയുടെ പിത്താശയത്തിൽ നിന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത് 2350 കല്ലുകൾ. 2016 നവംബറിൽ തന്നെ ഇവരുടെ പിത്താശയത്തിൽ കല്ല് കണ്ടെത്തിയിരുന്നു. അന്നുതന്നെ ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദ്ദേശം നൽകിയെങ്കിലും ഇവർ നടത്തിയിരുന്നില്ല. അതി കഠിനമായ വയറുവേദനയെ തുടർന്ന് ഇവരെ ഈമാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കി. അരമണിക്കുറിനകം പത്തു മുതൽ പന്ത്രണ്ട് മില്ലീ മീറ്റർ വരെ നീളമുള്ള കല്ലുകളാണ് നീക്കെ ചെയ്തത്. 

 

ഇത്രയധികം കല്ലുകൾ തന്റെ ശരീരത്തിൽ ഉള്ളതായി അറിവില്ലായിരുന്നു എന്നാണ് രോഗിയുടെ പ്രതികരണം. ഒരു വർഷം മുൻപ് ചികിത്സ തേടിയെങ്കിലും ആളുകൾ പറഞ്ഞതനുസരിച്ച് അത് കാര്യമാക്കിയില്ല. കല്ല് സാധാരണമാണെന്നും അതിനു ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ചിലർ പറഞ്ഞു. അതു പ്രകാരം മരുന്നുകൾ വാങ്ങി കഴിച്ചു. അടുത്തിടെ വേദന കലശലായതായും തുടർന്ന് ചികിത്സ തേടുകയായിരുന്നു എന്നും അവർ പറഞ്ഞു.