chandralekha

 

ശ്രീഹരി ഇപ്പോൾ മൂന്നാംക്ലാസിലാണ്. അവനെ ഉറക്കാൻ  രാജഹംസമേ... എന്ന പാട്ടുപാടിയ ചന്ദ്രലേഖ മലയാളിക്ക് പിന്നീട് ‘പാവങ്ങളുടെ ചിത്ര’യായി മാറി. മലയാളി ഗാനാസ്വാദകര്‍ നെഞ്ചിലേറ്റി കൊണ്ടുനടന്നു അവരെ. ഔപചാരികമായി സംഗീതം അഭ്യസിക്കാത്ത ചന്ദ്രലേഖയെ മലയാളി ആകാശത്തോളം വളർത്തി. സിനിമാ പിന്നണി ഗാനരംഗത്ത് നിറഞ്ഞ് നിൽക്കാൻ ഒരു കൈത്താങ്ങായി മാറി. വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ചന്ദ്രലേഖ നിറഞ്ഞുനിന്ന കാലം. ഇന്ന് എവിടെയാണ് ചന്ദ്രലേഖ? സിനിമാ പിന്നണി ഗാനരംഗത്ത് നിറഞ്ഞ് നിൽക്കാൻ എന്തേ ചന്ദ്രലേഖയ്ക്ക് കഴിഞ്ഞില്ല? പാടിയത് എല്ലാം മനോഹരം.. പാടാത്ത പാട്ടുകളോ..? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ എന്താണ് സത്യം..? ചില നിര്‍ഭാഗ്യങ്ങള്‍ കൈവന്ന സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിച്ചോ..? തനിക്ക് കിട്ടിയതെല്ലാം വലിയ സുകൃതങ്ങളാണെന്ന് വിനയത്തോടെ പറഞ്ഞ് ചന്ദ്രലേഖ മനസുതുറക്കുന്നു മനോരമ ന്യൂസ് ഡോട്ട്കോമിനോട്. 

വൈകിട്ട് ചേർത്തലയിൽ ഒരു ഗാനമേളയുണ്ട്. അങ്ങോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. സ്നേഹപൂർവം മലയാളി അനിയത്തീ എന്നുവിളിച്ച ചന്ദ്രലേഖയ്ക്ക് ഒരുമാറ്റവും വന്നിട്ടില്ല. പ്രശസ്തിയും തിരക്കുകളും അവരെ തൊട്ടിട്ടില്ലെന്ന് ആ വാക്കുകളിൽ നിന്നും വ്യക്തം.  

 

സിനിമയിൽ എന്താണ് സജീവമാകാതെ പോയത്?

chandralekha-family

മൂന്നു സിനിമകളിൽ പാടി. രണ്ടുമലയാള ചിത്രവും ഒരു തമിഴ് ചിത്രവും. പക്ഷേ രണ്ടുചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പക്ഷേ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധേനേടിയിരുന്നു. ലൗ സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യ ഗാനം പാടിയത്. പക്ഷേ ആ ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. ഉടൻ റിലീസാകുമെന്നാണ് ഇപ്പോൾ അറിയുന്നത്. പിന്നീട് കിട്ടിയത് എന്റെ ‘സ്വപ്ന’ത്തോടൊപ്പം പാടാനായിരുന്നു. മറക്കാനാവാത്ത പാട്ട്. ചിത്രചേച്ചിക്കൊപ്പം പാടാൻ കിട്ടിയ അവസരം. അതും ജോൺസൺ മാഷ് മരിക്കുന്നതിന് മുൻപ് തുടങ്ങിവച്ച ഗാനം. പിന്നീട് ആ സ്വപ്നം മകൾ ഷാൻ ജോൺസൺ പൂർത്തിയാക്കിയപ്പോൾ ഷാൻ എന്നെ വിളിച്ചു, ചേച്ചി, പപ്പ ചിത്ര ചേച്ചിക്കായി ഒരുക്കാൻ ഇരുന്ന പാട്ടാണ്. പപ്പ അത് തുടങ്ങിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ... ആ പാട്ട് ഞാൻ ചെയ്യാൻ പോകുകയാണ്, ചിത്ര ചേച്ചിക്കൊപ്പം ചേച്ചിയും ഇൗ പാട്ടിൽ വേണം. 

ഷാനിനെ ഒാർത്താവണം ചന്ദ്രലേഖയുടെ ശബ്ദം ഒന്നിടറി, അങ്ങനെ ആ ഗാനം പൂർത്തിയാക്കി. ഒ.എൻ.വി സാറിന്റെ വരികൾ, ചിത്ര ചേച്ചിക്കൊപ്പം പാടാനുള്ള അവസരം, ജോൺസൺ മാഷിന്റെ സ്വപ്നം. ഒരുപാട് പേരുടെ സ്വപ്നമായിരുന്നു ആ ഗാനം. പിന്നീട് ഒരു തമിഴ് ഗാനം. വൈരമുത്തുവിന്റെ വരികൾക്ക് ഡേവിഡ് ഷോൺ സംഗീതം നൽകിയ ഗാനം മികച്ച അഭിപ്രായമാണ് നേടിതന്നത്. പാട്ടുകേട്ട് ഒരുപാട് പേർ വിളിച്ചു. അഭിനന്ദിച്ചു. ‘എന്നാ കണ്ണാ..’ എന്നു തുടങ്ങുന്ന ഗാനം വരികൾ കൊണ്ടും സംഗീതം കൊണ്ടും എന്റെ പ്രിയപ്പെട്ടതാണ്. പക്ഷേ ആ ചിത്രവും പുറത്തിറങ്ങിയില്ല.

 

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

 

chandralekha-mani

ഒരു പൂവ് ചോദിച്ചപ്പോൾ നിമിഷനേരം കൊണ്ട് പൂക്കാലം കിട്ടിയ ആളാണ് ഞാൻ. എനിക്ക് ഒരു സങ്കടവുമില്ല, മറിച്ച് സന്തോഷമേയുള്ളൂ, ഇതു പോലും സ്വപ്നം കണ്ടിരുന്ന ആളല്ല ഞാൻ. ആ എനിക്ക് പാടാൻ ഒട്ടേറെ വേദികളുണ്ട്. സനേഹത്തോടെ അനുജത്തീ എന്നു വിളിക്കുന്ന ഒരുപാട് പേരുണ്ട്. ഗാനമേളയും സ്റ്റേജ് പരിപാടികളും കിട്ടുന്നുണ്ട്. സിനിമയിൽ പ്രതീക്ഷിച്ച അവസരങ്ങൾ കിട്ടിയില്ല എന്നതുകൊണ്ട് ഞാൻ എന്തിന് സന്തോഷിക്കാതിരിക്കണം? എനിക്ക് വിശ്വാസമുണ്ട് എനിക്ക് ഇനിയും സിനിമയിൽ പാടാൻ അവസരം കിട്ടുമെന്ന്. 

 

chandralekha-chithra

മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരുടെ കൂടെ പാടാൻ മോഹമില്ല?

 

മോഹമല്ല, മറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്വപ്നമാണത്. എനിക്ക് പറ്റുന്ന പാട്ടുകൾ വരുമ്പോൾ അവർ എന്നെ വിളിക്കും. ഞാൻ കാത്തിരിക്കുകയാണ്. അങ്ങനെ ഒരു പാട്ടിനായി.

 

കലാഭവൻ മണിയുടെ കുഞ്ഞനുജത്തിയായിരുന്നല്ലോ, മണിചേട്ടന്റെ ഒാർമകൾ..?

രാജഹംസമേ എന്ന ഗാനം വൈറലായപ്പോൾ എനിക്ക് ആദ്യം വന്ന പ്രശസ്തരുടെ കോളിൽ മണിച്ചേട്ടന്റെതാണ്. ഷൂട്ട് കഴിഞ്ഞ് കാറിൽ മടങ്ങുമ്പോഴാണ് എന്നെ വിളിക്കുന്നത്. നീ എന്റെ കുഞ്ഞനുജത്തിയാണ്... എന്നാണ് മണിച്ചേട്ടൻ പറഞ്ഞത്. ആ ചേട്ടന്റെ സ്നേഹം വീണ്ടും ഒരുപാട് അനുഭവിക്കാൻ കഴിഞ്ഞു. ഒമാനിലെ പരിപാടിക്ക് അദ്ദേഹം എന്നെയും കൂട്ടി. പിന്നീട് മരിക്കുന്നതിന് മുൻപ് ഒറ്റപ്പാലത്ത് നടന്ന പരിപാടിയിലും അദ്ദേഹത്തിനൊപ്പം പങ്കെടുത്തു.അന്ന് എന്നോട് പറഞ്ഞിരുന്നു. അനിയത്തീ.. നമുക്ക് ഒരുമിച്ച് ഒരു കാസറ്റ് ചെയ്യണം. അത് ഉടനെ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. നടക്കാതെ പോയ ആ സ്വപ്നം ഇന്നും ചന്ദ്രലേഖയ്ക്ക് തേങ്ങലാണ്. മണിചേട്ടന്റെ ഓർമയിൽ ആ സ്വപ്നം ഇന്നും ജ്വലിച്ചുനിൽക്കുന്നു.

 

ചിത്ര ചേച്ചിയുമായുള്ള സൗഹ്യദം.

 

ആ സൗഹ്യദത്തിനപ്പുറം വിലപ്പെട്ടതായി എനിക്കൊന്നുമില്ല. ഒരിക്കൽ ചേച്ചി എന്നെ വീട്ടിലേക്ക് കൊണ്ടുപോയി, ഭക്ഷണമൊക്കെ തന്നു, ഒരു അനുജത്തിയോടെന്നപോലെ എനിക്ക് വസ്ത്രവും കമ്മലും വാങ്ങിത്തന്നു. അത് ഞാനിന്ന് ഒരു നിധി പോലെ സൂക്ഷിക്കുന്നുമുണ്ട്. ചേച്ചിക്കൊപ്പം ഇനിയും പാടണമെന്നാണ് മോഹം. എന്നോട് പറഞ്ഞിട്ടുണ്ട് നിനക്ക് എപ്പോൾ വേണമെങ്കിലും എന്താവശ്യത്തിനും എന്നെ വിളിക്കാമെന്ന്. ആ സൗഹൃദം തന്നെ എനിക്ക് മഹാകാര്യമാണ് അങ്ങനെയുള്ള ഞാൻ എങ്ങനെയാ... വാക്കുകൾ തികയാതെ വരുന്നു ചന്ദ്രലേഖയ്ക്ക്. ബുദ്ധിമുട്ടാകുമോ എന്ന ശങ്കമാത്രമാണ് ഇൗ അനിയത്തിക്കുട്ടിക്കെന്ന് ചിത്രചേച്ചി തിരിച്ചറിയും. ചേച്ചിയോട് പറയാതെ ഒരു സ്വപ്നമുണ്ട് ഇൗ അനിയത്തിക്ക്. ഒരിക്കലെങ്കിലും എ.ആർ റഹ്മാനെ നേരിൽ കാണണം. ആ മോഹം ചേച്ചിയോട് പറയാനുള്ള മടിയുമുണ്ട് ചന്ദ്രലേഖയ്ക്ക്.

 

പാട്ടിൽ ജീവിക്കണം, ഇപ്പോൾ കൈവന്ന ഭാഗ്യത്തിന് തന്നെ ദൈവത്തോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല ചന്ദ്രലേഖയ്ക്ക്. ഒന്നുമാത്രം അവർ വീണ്ടും എടുത്തുപറ‍ഞ്ഞു. ഞാൻ ഇവിടെയുണ്ട്. തികഞ്ഞ സന്തോഷത്തിൽ. സ്വപ്നം കണ്ടതിനപ്പുറം എനിക്ക് കിട്ടി. അത്യാഗ്രഹമൊന്നുമില്ല, മലയാളിക്കും മലയാളത്തിനും സകല ഇൗശ്വരൻമാർക്കും നന്ദി. ഗാനമേളയ്ക്ക് പുറപ്പെടാറായി. സംഗീത യാത്രയുടെ ഡബിൾ ബെൽ വീണ്ടും പത്തനംതിട്ടയിലെ ആ വീട്ടുമുറ്റത്തേക്ക് ശബ്ദിക്കട്ടെ.