kalabhavan-mani-family-gif

‘മെട്രിക്കുലേഷന്‍ പരീക്ഷ,  നൂറില്‍ നൂറിന്‍റെ വലിയ പരീക്ഷ,  കരയേറി അച്ഛന് സന്തോഷപ്പൂത്തിരിയേകിയ പൊന്നുമുത്തേ...’ കലാഭവന്‍ മണി പാടിയതില്‍ വച്ച് മലയാളിയുടെ ഉള്ളുപ്പാെള്ളിച്ച പാട്ടിലെ വരികളാണിത്. അച്ഛന്‍റെ പൊന്നുമോള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആ വലിയ  സ്വപ്നവും സഫലമാക്കി. മലയാളിയുടെ പ്രിയ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയിരിക്കയാണ്. കുന്നോളം ദുഃഖങ്ങള്‍ക്കിടയില്‍ ആ കുടുംബത്തിന് ഇത്തിരി സന്തോഷം പകരുന്ന കാര്യം. അത്രത്തോളം ഉറങ്ങിപോയിരുന്നു ആ മണിക്കൂടാരം. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് ശ്രീലക്ഷ്മിയുടെ മികച്ച വിജയം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 

‘പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോൾ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാർ കാർ സമ്മാനമായി നൽകിയ പൊന്നച്ഛനാണ് കലാഭവന്‍ മണി. മകൾ പാവങ്ങൾക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകൾക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) വിന് അഭിനന്ദനങ്ങൾ.’–ആർഎൽവി രാമകൃഷ്ണൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ട് വർഷം മുമ്പ് പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാൻ ശ്രീലക്ഷ്മി പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയത് അച്ഛന്റെ വേർപാടെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെയാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. കാത്തുനിന്ന കൂട്ടുകാരികൾ ശ്രീലക്ഷ്മിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയായിരുന്നു. 

സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. മുന്‍പ് പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ അച്ഛനൊപ്പം പാടുകയും ചെയ്തു ശ്രീലക്ഷ്മി പാടി. കലാഭവന്‍ മണിയുടെ ജീവിതത്തില്‍ തന്നെ വലിയ വഴിത്തിരിവായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയത്. അച്ഛന്‍റെ സ്വപ്നമായ ഡോകടര്‍ ആകാനുള്ള സ്വപ്നത്തിലേക്കാണ് ശ്രീലക്ഷ്മി ഇനി നടക്കുന്നത്. പ്രാര്‍ഥനയോടെ ആരാധകരും മണിയെ ഇഷ്ടപ്പെടുന്നവരും ഇപ്പോഴും ആ കുടുംബത്തിനൊപ്പമാണ്. 

 

ആർഎൽവി രാമകൃഷ്ണന്റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

 

കലാഭവൻ മണി ഹൃദയത്തോട് ചേർത്ത ചേട്ടന്റെ ജീവന്റ ജീവനായ മകൾ ശ്രീലക്ഷ്മി. പ്ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോൾ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാർ കാർ സമ്മാനമായി നൽകിയ പൊന്നച്ഛൻ: മകൾ പാവങ്ങൾക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകൾക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങൾ. പാവങ്ങളുടെ ഡോക്ടർ എന്നതിനപ്പുറം ,അച്ഛനെ ഓർത്ത് നെഞ്ചു പിടഞ്ഞു വരുന്നവർക്കൊക്കെ അച്ഛനെ പോലെ സ്നേഹവും, ആശ്വാസവും നൽകണം., അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാൻ ജഗദീശ്വരൻ കൂട്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അമ്മൂസിന് സർവ്വ മംഗളങ്ങളും നേരുന്നു.