ദേവസേനയും കുഞ്ഞുമാണ് ഇപ്പോള്‍ പത്തനംതിട്ട എഴുമറ്റൂരിലെ താരം. കേരളത്തില്‍ അപൂര്‍വമായ കാങ്കറേജ് ഇനം പശുവാണ് ദേവസേന. കേരളത്തില്‍ കാങ്കേറേജ് പശുവിന്റെ പ്രസവം ആദ്യമായതിനാല്‍ എഴുമറ്റൂരിലെ ഫാമില്‍ സന്ദര്‍ശകരുടെ തിരക്കാണ്.
ബാഹുബലി 2 ദ കണ്ക്ലൂഷനില് തലയ്ക്ക് ആനുപാതികമല്ലാത്ത വലിയ കൊമ്പില്‍ തീപന്തവുമായി യുദ്ധമുഖത്തേക്ക് അഴിച്ചുവിടുന്ന കാളക്കൂട്ടം. ഇതാണ്, രാജസ്ഥാനിലെ തനിനാടന്‍ പശുവിനമായ കാങ്കറേജ്. സിനിമയ്ക്കൊപ്പം പ്രശസ്തമായ കാങ്കറേജിനെ നേരിട്ട് കാണണമെങ്കില്‍ എഴുമറ്റൂരിലെ അമൃതധാര ഗോശാലയില്‍ എത്തിയാല്‍ മതി. മറ്റ് നാടന്‍ പശുക്കളുടെ ഇടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് ദേവസേന. ഒപ്പം വികൃതികളുമായി കുഞ്ഞുമുണ്ട്.
കേരളത്തില്‍തന്നെ വളര്‍ത്തിയിരുന്ന ദേവസേനയെ പ്രസവിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടമ ഒഴിവാക്കുകയായിരുന്നു. എഴുമറ്റൂരിലെത്തിച്ച് ഏറെ ചികില്‍സയ്ക്കുശേഷമാണ് കുഞ്ഞുണ്ടായതും.
പ്രത്യേകരീതിയില്‍ വളഞ്ഞ വലിയ കൊമ്പുകളും ചെറിയ തലയുമാണ് കാങ്കറേജിന്റെ പ്രത്യേകത. നാടന്‍ ഇനമായതുകൊണ്ട് കേരളത്തിലെ കാലാവസ്ഥയോട് ഇണങ്ങുകയും ചെയ്യും. എന്തായാലും കൂടുതല്‍ കാങ്കറേജ് പശുക്കളെയും കാളയെയും ഫാമിലെത്തിക്കാനുള്ള ശ്രമത്തിലാണ് അജയകുമാര്‍ .