പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടാനെത്തിയപ്പോള്‍ തടഞ്ഞ എബിവിപി പ്രവർത്തകരോട് ഒറ്റയ്ക്ക് പൊരുതിയ എസ്എഫ്ഐ വനിതാ നേതാവിന് ധനമന്ത്രി തോമസ് ഐസക്കിന്റെ അഭിനന്ദനം. കുന്നംകുളം വിവേകാന്ദ കോളജിലെ എസ്എഫ്ഐ വനിതാ നേതാവ് കെ.വി.സരിതയെ പ്രശംസിച്ചാണ് ധനമന്ത്രി രംഗത്തെത്തിയത്. പെണ്‍കുട്ടി ധൈര്യസമേതം ഭീഷണികള്‍ക്ക് മുന്നില്‍ എതിരിട്ടുനില്‍ക്കുന്ന വിഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

 

ഇൗ വിഡിയോയാണ് ഡോ. തോമസ് എൈെക്കിനെ അദ്ഭുതപ്പെടുത്തിയത്. തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ: 'അവിടെയുണ്ടായിരുന്ന എസ്എഫ്ഐക്കാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍ ആണെന്ന് വ്യക്തം. അവരോടായിരുന്നു എബിവിപിക്കാരുടെ ആക്രോശം. ഒരിഞ്ച് പോലും വഴങ്ങാതെ എത്ര ശക്തമായ വാദം ആണ് സഖാവ് നടത്തുന്നത്. കണ്ടിട്ട് അസൂയ തോന്നുന്നു. കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം. എന്റെ അഭിവാദനങ്ങള്‍'  

 

ഭീഷണി പതിവ്; പിന്നോട്ടില്ല; എബിവിപിയെ എതിരിട്ട ആ പെണ്‍കുട്ടി ഇതാ: അഭിമുഖം

 

കഴിഞ്ഞദിവസം കാമ്പസില്‍ സംഭവിച്ചത് ഇങ്ങനെ: പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടാന്‍ എത്തിയതാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍. ക്യാംപസില്‍ മേധാവിത്വം എ.ബി.വി.പിയ്ക്കും. വൃക്ഷത്തൈ നടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എ.ബി.വി.പി. പ്രവര്‍ത്തകര്‍ എത്തി. എസ്.എഫ്.ഐ. പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വനിതകളായിരുന്നു. തൈ നടല്‍ തടഞ്ഞപ്പോള്‍ എസ്.എഫ്.ഐ. ഏരിയാ ജോയിന്റ് സെക്രട്ടറി കെ.വി.സരിത ഇടപ്പെട്ടു. തൈ നട്ട ശേഷമേ പോകൂവെന്നായിരുന്നു മറുപടി. എതിര്‍പക്ഷത്ത് വന്‍സംഘം നിലയറുപ്പിച്ചിട്ടും സരിത ധീരമായി പ്രതിരോധിച്ച വിഡിയോ ആണ് വൈറലായത്.   

 

‘പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങിയ ശേഷമാണ് തൈ നടാന്‍ എത്തിയത്. എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട. അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം.’ എന്നായിരുന്നു സരിതയുടെ മറുപടി. 

 

സംഭവത്തെക്കുറിച്ച് ഇന്നലെ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സരിത പ്രതികരിച്ചത് ഇങ്ങനെ: ക്യാംപസില്‍ ഭീഷണി രണ്ടു വര്‍ഷമായി നേരിടുന്നുണ്ട്. എ.ബി.വി.പി പ്രവര്‍ത്തകരുടെ മേധാവിത്വമുള്ളതിനാല്‍ സംഘടനാ സ്വാതന്ത്രമില്ല. ബി.എ. മലയാളം മൂന്നാം വര്‍ഷം വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷവും ഭീഷണികളെ അവഗണിച്ചാണ് സംഘടന പ്രവര്‍ത്തനം നടത്തിയത്. ഇനിയും അതു തുടരും.