സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ സംസാരിക്കുന്നവർ ഈ പെണ്‍കുട്ടിയെ ഒന്നു പരിചയപ്പെടണം. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കവിത. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടതു കൊണ്ടു മാത്രം അവസാനിക്കുന്നതല്ല സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ. സ്വന്തം അനുഭവത്തിൽ ഇങ്ങനെ ഒരു അവസ്ഥയുണ്ടായപ്പോള്‍ ധൈര്യത്തോടെ നേരിട്ട ചുണക്കുട്ടിയായാണ് കേരളം ഇന്ന് കവിതയെ കാണുന്നത്.
എല്ലാവരെയും പോലെ തനിക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കവിതയും ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. പക്ഷെ, അക്രമിക്കെതിരെ കൃത്യമായി പ്രതികരിച്ചതിനു ശേഷം മാത്രമായിരുന്നു ആ പോസ്റ്റ്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് ഈ പെണ്‍കുട്ടി കടുത്ത അപമാനം നേരിടേണ്ടി വന്നത്. തനിക്കുണ്ടായ ദുരനുഭവത്തെ നേരിട്ടതിനെ കുറിച്ച് മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസു തുറക്കുകയാണ് നിയമ വിദ്യാര്‍ത്ഥി കൂടിയായ കവിത ജെ കല്ലൂർ.
എന്തായിരുന്നു സംഭവം?
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിൽ നിന്നും മംഗലാപുരത്തേക്ക് വരാനായി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസും കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ തൊട്ടടുത്തുകൂടെ ഒരാൾ നടന്നു പോയി. അൽപം കഴിഞ്ഞ് തിരിച്ചു വന്ന് ഞാൻ കാണുന്ന വിധം സ്വയംഭോഗം നടത്തി. ഫോട്ടോ എടുക്കാമെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പെട്ടന്ന് എനിക്ക് തോന്നി, ഞാൻ അങ്ങനെ ചെയ്യുന്നതിൽ അർഥമില്ല. കാരണം എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള അതിക്രമങ്ങളെല്ലാം വർധിക്കുകമാത്രമാണ് ചെയ്യുന്നത്.
ഞാൻ ഒരു വിഡിയോ എടുത്ത് ഫെയ്സ്ബുക്കിലിട്ടാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മുൻപും പലരും ഇത്തരം അനുഭവങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചെങ്കിലും പിന്നീട് ഇത്തരം സംഭവങ്ങളിലെ അക്രമികള്‍ക്ക് എന്തു സംഭവിച്ചെന്നും അറിയില്ല. അങ്ങനെ എന്തുകൊണ്ട് പ്രതികരിച്ചു കൂടാ എന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ ഞാൻ ഫോട്ടോ എടുക്കാൻ നിൽക്കാതെ അയാളുടെ ഷർട്ടിപിടിച്ച് അയാളുടെ മുഖത്ത് അടിച്ചു. നന്നായി ചീത്ത വിളിക്കുകയും ചെയ്തു. അടിച്ചപ്പോൾ അയാൾ പറ്റിപ്പോയി.. പറ്റിപ്പോയി എന്നു പറഞ്ഞു. ഇനി മേലാൽ ഇങ്ങനെ നീ ചെയ്യുമോ എന്നു ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു ഇനി ഞാൻ ഒരിക്കലും ഇങ്ങനെ ഒരു പെൺകുട്ടിയോടും ചെയ്യില്ലെന്ന് അയാള്‍ ആണയിട്ട് പറഞ്ഞു.
കണ്ടു നിന്നവരുടെ പ്രതികരണം?
എന്റെ സമീപത്തായി നിരവധി പേരുണ്ടായിരുന്നു. പക്ഷെ, ഈ സംഭവത്തിൽ നിന്ന് എനിക്ക് മനസ്സിലായത് ആളുകൾക്ക് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാൻ മാത്രമാണ് അറിയുന്നത്. അത്രയും സമ്മർദ്ദം അനുഭവപ്പെട്ട ഞാൻ വളരെ ഉച്ഛത്തിലാണ് അയാളെ ചീത്ത വിളിക്കുന്നത്. ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ സ്വാഭാവികമായും നമ്മുടെ നിയന്ത്രണം വിട്ടുപോകുമല്ലോ. അത്രയും ദേഷ്യത്തിലും വലിയ ശബ്ദത്തിലുമാണ് ഞാൻ അയാളോട് സംസാരിക്കുന്നത്. എല്ലാവരും എന്താ നടക്കുന്നതെന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്.
പക്ഷെ, ചുറ്റിലുമുള്ളവർ കേട്ടുനിന്നതല്ലാതെ ആരും എന്താണ് സംഭവിച്ചതെന്ന് ഒരു വാക്ക് എന്നോട് ചോദിക്കാൻ പോലും തയ്യാറായില്ല. സത്യത്തിൽ എന്റെ നാട്ടിലുള്ളവർ ഇങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. ചുരുങ്ങിയത് അവർ എന്നോട് വന്ന് എന്താണ് പ്രശ്നമെന്ന് അന്വേഷിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആരും ഒന്നും ചോദിച്ചില്ല. അപ്പോഴാണ് സോഷ്യൽ മീഡിയയിലുള്ള പ്രതികരണവും യഥാർഥ അനുഭവത്തിൽ ഉണ്ടാകുന്ന പ്രതികരണങ്ങളും രണ്ടാണെന്ന് എനിക്ക് മനസ്സിലായത്.
കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അവരുടെ ഭാഗത്തുനിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം.
പ്രതികരിച്ചപ്പോൾ എന്തുതോന്നി?
ഇങ്ങനെയൊരു ദുരനുഭവമുണ്ടാകുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. സത്യം പറഞ്ഞാൽ പ്രതികരിക്കാൻ കഴിഞ്ഞതിൽ എനിക്കിപ്പോൾ ഒരു മാനസിക സംതൃപ്തിയുണ്ട്. ഞാൻ വിഡിയോയും ഫോട്ടോയും എടുത്തും ഫെയ്സ് ബുക്കിലിടുകയായിരുന്നെങ്കിൽ കുറച്ച് ലൈക്കും കമന്റ്സും മാത്രം ലഭിക്കും. അല്ലാതെ ഒന്നും സംഭവിക്കില്ല.
എന്റെ സുഹൃത്തുക്കളിൽ പലരും ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോൾ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. പ്രായഭേദമില്ലാതെ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പല പെൺകുട്ടികളും പറയുന്നു. പ്രതികരിച്ചാൽ മാത്രമേ ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെ നമുക്ക് തടയാനാകൂ എന്നും കവിത പറയുന്നു.