ഉത്തരാഖണ്ഡിൽ വൻ പ്രളയമുണ്ടായപ്പോൾ ആഞ്ചലിന് വയസ്സ് 17. ഇന്ത്യൻ സേനാവിഭാഗങ്ങൾ ഒന്നിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത് നോക്കിനിൽക്കുക മാത്രമായിരുന്നില്ല ആഞ്ചൽ ഗംങ് വാൾ എന്ന മധ്യപ്രദേശുകാരി. അന്നേ അവൾ മനസ്സിലുറപ്പിച്ചു, ഇതുപോലെ താനും സേനയുടെ ഭാഗമാകുമെന്ന്, അനേകമാളുകളുടെ ജീവൻ രക്ഷിക്കുമെന്ന്. 

സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാൻ വീട്ടിലെ സാമ്പത്തികാവസ്ഥ അനുവദിച്ചില്ല. മധ്യപ്രദേശിലെ ഒരു ചെറുഗ്രാമത്തിൽ ചായക്കട നടത്തിയിരുന്ന അച്ഛൻ സുരേഷ് ഗംങ്്വാള്‍ മകളുടെ സ്വപ്നങ്ങൾക്കൊപ്പം മനസ്സുകൊണ്ട് നിന്നു, എന്നാൽ സാമ്പത്തികം വില്ലനായി.  പക്ഷേ ആഞ്ചൽ പിൻമാറിയില്ല. വീറോടെ പഠിച്ചു, ക്ലാസിൽ ഒന്നാമതായി. സ്കോളര്‍ഷിപ്പ് നേടി ഉജ്ജെയിനിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ പഠിക്കാനെത്തി. ഇതിനിടെ പല മത്സരപരീക്ഷകളിലും പങ്കെടുത്തു. 

പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ പാസ്സായി പരിശീലത്തിന് ചേര്‍ന്നെങ്കിലും ഷെഡ്യൂൾ അതികഠിനമായിരുന്നു, ഇതിനിടെ ഇഷ്ടജോലിക്കു വേണ്ടി ശ്രമിക്കാനാവില്ലെന്ന നിരാശയിൽ കഴിയുമ്പോഴാണ് ഇന്‍സ്പെക്ടർ പരീക്ഷയുടെ ഫലമെത്തുന്നത്. ഷെഡ്യൂള്‍ താരതമ്യേന എളുപ്പവുമായിരുന്നു. 

അ‍ഞ്ചു തവണ എയര്‍ഫോഴ്സ് അഡ്മിഷൻ പരീക്ഷയെഴുതി. ആറാമത്തെ ശ്രമത്തില്‍ അത്രയും നാൾ മനസ്സിൽ വിത്തു പാകി വളർത്തിയ സ്വപ്നങ്ങൾ സഫലമായി. 6 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്, തിരഞ്ഞെടുക്കപ്പെട്ടത് 22 പേരും. ഇതിൽ മധ്യപ്രദേശിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരാൾ ആഞ്ചലാണ്. 

അഭിനന്ദന പ്രവാഹങ്ങളാണ് ചുറ്റും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ്സിങ്ങ് ചൗഹാനും ആഞ്ചലിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. അച്ഛൻ സുരേഷ് ഗംങ് വാളിൻറെ നാംദേവ് ചായക്കട തേടിയും ഇപ്പോൾ ആളുകളെത്തുന്നുണ്ട്. മകളുടെ നേട്ടത്തിന് അഭന്ദനമേറ്റു വാങ്ങുമ്പോൾ സുരേഷിൻരെ കൺകോണുകളിൽ നനവു പടരുന്നു. 

ജൂൺ 30 മുതൽ ഒരു വർഷത്തെ പരിശീലക്ലാസിന് ഹൈദരാബാദിലേത്ത് പറക്കാനുള്ള ഒരുക്കത്തിലാണ് ആ‍ഞ്ചലിപ്പോൾ. യുദ്ധവിമാനങ്ങൾ പറത്തണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.