ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മ സംഘടനയുടെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. അമ്മ മൗനം പാലിക്കുന്നതിൽ എല്ലാരംഗങ്ങളിൽ നിന്നും വിമർശനശരങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പണ്ട് നടൻ തിലകനെ സംഘടന പുറത്താക്കിയ വിഷയവും ഉയർന്നുവരുന്നുണ്ട്. വിലക്കേർപ്പെടുത്തിയ സമയത്തും ധൈര്യവാനായി നിന്ന് തിലകനെയാണ് പൊതുസമൂഹം കണ്ടത്. എന്നാൽ ആ സമയത്ത് തിലകൻ അനുഭവിച്ച മാനസികസംഘർഷത്തെക്കുറിച്ച് മകൾ ഡോ.സോണിയ തിലകൻ മനോരമന്യൂസിനോട് മനസുതുറന്നു. 

 

 

പൊതുസമൂഹത്തിന് മുമ്പിൽ ധൈര്യം കാണിച്ചിരുന്നുവെങ്കിൽ അച്ഛൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഏഴോളം സിനിമകളിൽ നിന്നാണ് അദ്ദേഹത്തെ വിലക്കിയത്. ഈ വിലക്കിന്റെ ഇടയ്ക്കായിരുന്നു ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്. വിലക്ക് വകവെയ്ക്കാതെയാണ് സംവിധായകൻ രഞ്ജിത്ത് അച്ഛനെ അഭിനയിപ്പിച്ചത്. ഈ സിനിമ ഞാനും അച്ഛനും ഒരുമിച്ചാണ് തീയറ്ററിൽ പോയി കണ്ടത്. ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങളൊരുമിച്ച് കാണുന്ന ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തിൽ പൃഥ്വിരാജ് അച്ഛന്റെ കഥാപാത്രത്തോട് നിങ്ങൾ ഇത്രകാലം എവിടെയായിരുന്നു? എന്ന് ചോദിക്കുന്നുണ്ട്. 

ഇതിന് മറുപടിയായി ഒരു ചിരിയാണ് അദ്ദേഹം നൽകുന്നത്. ഈ ചിരി കേട്ടതും തീയറ്ററിൽ പ്രേക്ഷകർ എഴുന്നേറ്റിരുന്ന് കൈയടിക്കുകയായിരുന്നു. ഇതുകണ്ട് തീയറ്ററിലിരുന്ന് തേങ്ങിക്കരയുന്ന അച്ഛനെയാണ് ഞാൻ നോക്കുമ്പോൾ കാണുന്നത്. എനിക്കപ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയാൻവയ്യാത്ത അവസ്ഥയിലായിരുന്നു. എന്തു വിലക്കുവന്നാലും തിലകൻ എന്ന കലാകാരൻ ജനമനസുകളിൽ നിറഞ്ഞുനിൽക്കുമെന്ന് മനസിലാക്കിയ അവസരം കൂടിയായിരുന്നു അത്. 

ആ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്തിന്..? തിലകന്‍റെ മകള്‍ വെളിപ്പെടുത്തുന്നു

അച്ഛനെ പിന്തുണച്ചതിനാണ് സംവിധായകൻ വിനയൻ ഇത്രയും കാലം അമ്മയിൽ നിന്നും പുറത്തായത്. അച്ഛനോടൊപ്പം അഭിനയിച്ചവരെപ്പോലും വിലക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ ദിലീപിനെ പിന്തുണയ്ക്കുന്നവരെ അമ്മ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്നില്ലേ? എന്ന ചോദ്യം ചോദിച്ചത്. എനിക്കവരോട് ഒന്നേ ചോദിക്കാനുള്ളൂ, അവരും ഒരു സ്ത്രീയല്ലേ, അവർക്കും ഒരു മകളുള്ളതല്ലേ. എന്നിട്ടും സഹപ്രവർത്തകയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചകേസിൽ കുറ്റാരോപിതനായ ഒരാൾക്ക് വേണ്ടി സംസാരിക്കാനും പിന്തുണനൽകാനും എങ്ങനെ മനസനുവദിച്ചു?

അച്ഛനെതിരെ സംസാരിച്ചവരിൽ മറ്റൊരു പ്രധാനിയാണ് ബി. ഉണ്ണികൃഷ്ണൻ. തിലകനാണ് പ്രശ്നം, എല്ലാപ്രശ്നങ്ങളും അദ്ദേഹം സങ്കൽപ്പിച്ചുണ്ടാക്കി പ്രശ്നമുണ്ടാക്കുന്നതാണെന്നായിരുന്നു  ഉണ്ണികൃഷ്ണൻ അന്നുപറഞ്ഞത്. പക്ഷെ ഈ വിഷയത്തിൽ ഉണ്ണികൃഷ്ണനും മൗനം തുടരുകയാണ്. ഇനി അച്ഛനോട് ചെയ്തതിന് അമ്മ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും യാതൊരുമാറ്റവും സംഭവിക്കാൻ പോകുന്നില്ല. പക്ഷെ ഈ വിഷയത്തില്ലെങ്കിലും ഇങ്ങനെ മൗനം പാലിക്കുന്നത് ശരിയല്ല. - സോണിയ പറഞ്ഞു.