ജാർഖണ്ഡിലെ രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയായ സുമിത്രദേവിയുടെ വിരമിക്കൽ ചടങ്ങിനെത്തിയ എല്ലാവരും ഞെട്ടി. മൂത്ത മകൻ വീരേന്ദ്ര കുമാർ റെയിൽവെയിൽ എഞ്ജിനിയർ, രണ്ടാമൻ ധീരേന്ദ്ര കുമാർ ഡോക്ടർ, ഇളയമകൻ മഹേന്ദ്രകുമാർ കലക്ടർ. എല്ലാവരെയും പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിച്ചത് തൂപ്പുജോലിയില് നിന്നുകിട്ടുന്ന വരുമാനത്തിൽ നിന്ന്.
ചടങ്ങില്‍ തങ്ങളേ പഠിപ്പിക്കാനും വളർത്താനും അമ്മ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് മക്കൾ വാതോരാതെ പറഞ്ഞപ്പോള്‍ സുമിത്രാദേവി സന്തോഷംകൊണ്ട് കരയുകയായിരുന്നു. ''ഈ ജോലിയിൽ നിന്നുലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും. അതുകൊണ്ട് അമ്മ ഈ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ'', മഹേന്ദ്രകുമാർ പറയുന്നു.
എല്ലാ മക്കളും ഉയർന്ന നിലയിലെത്തിയിട്ടും സുമിത്ര ഈ ജോലിയിൽ തുടർന്നു. അമ്മയുടെ ജോലിയിൽ അഭിമാനമുള്ള മക്കളുള്ളപ്പോള്‍ എന്തിനാ ജോലി ഉപേക്ഷിക്കണമെന്ന് സുമിത്രാദേവി ചോദിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഈ ജോലി ചെയ്യുന്നുണ്ട് സുമിത്ര.
അറുപതുകാരിയായ സുമിത്രാദേവിക്ക് യാത്രായയപ്പ് നൽകാൻ സഹപ്രവർത്തകർ തീരുമാനിച്ചതോടെ മക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത സുമിത്രയുടെ മക്കൾ ഉയർന്ന നിലയിലാണെന്ന് സഹപ്രവർത്തകരിൽ പലർക്കും അറിയില്ലായിരുന്നു. അതറിഞ്ഞപ്പോൾ മേലുദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും അതിശയിച്ചു.