ലിവിങ് റൂമുകളിലും മറ്റും സെക്യൂരിറ്റി ക്യാമറകള്‍ പിടിപ്പിക്കുന്നതിനു മുൻപ് പല തവണ ആലോചിക്കണമെന്ന് സ്വോണ്‍ (Swann) കമ്പനി അധികൃതർ. മറ്റു പലര്‍ക്കും നമ്മളുടെ കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനായേക്കാം എന്ന സാധ്യത നിലനില്‍ക്കുന്നതായി അവര്‍ പറയുന്നു. ഇങ്ങനെ പറയാൻ കൃത്യമായ കാരണങ്ങൾ ഇവർക്കുണ്ട്. 

 

ലോകത്തെ ഏറ്റവും പ്രശസ്തമായ സെക്യൂരിറ്റി ക്യാമറ നിര്‍മാതാക്കളില്‍ ഒന്നായ സ്വോണ്‍ (Swann) കമ്പനിയുടെ വിഡിയോ സ്ട്രീം ഹൈജാക്ക് ചെയ്ത വാർത്ത ഞെട്ടലോടെയാണ് ഉപഭോക്താക്കൾ അറിഞ്ഞത്.. എന്നാല്‍, ഈ പ്രശ്‌നം അവരുടെ SWWHD-Intcam ( സ്വോണ്‍ സ്മാര്‍ട് സെക്യുരിറ്റി ക്യാമറ) ഒരു മോഡലിനെ മാത്രമാണ് ബാധിച്ചിരിക്കുന്നതെന്നാണ് സ്വോണ്‍ ആദ്യം പ്രതികരിച്ചത്. പക്ഷേ, ഓസ്‌വിഷന്‍ (OzVision) എന്ന ക്ലൗഡ് സര്‍വീസുമായി ബന്ധമുള്ള, കമ്പനി വിറ്റ മറ്റു മോഡലുകള്‍ക്കും ഈ പ്രശ്‌നം കണ്ടേക്കാമെന്നാണ് വിശകലനവിദഗ്ധര്‍ ഭയക്കുന്നത്. ഓസ്‌വിഷന്‍ സെക്യൂരിറ്റി വിഡിയോ സ്ട്രീം ചെയ്യുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ലൗഡ് കമ്പനികളില്‍ ഒന്നാണ്. 

 

 

സ്വോണ്‍ ക്യാമറയ്‌ക്കൊപ്പം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്പില്‍ സ്വന്തം ക്യാമറയുടെ സീരിയല്‍ നമ്പര്‍ മാറ്റി നോക്കിയപ്പോള്‍ ഗവേഷകര്‍ക്ക് മറ്റു ക്യാമറകളില്‍ നിന്നുള്ള ഫീഡുകള്‍ കാണാനായി. പരീക്ഷണം നടത്തിയ ഒരു സമയത്തും മറ്റു ക്യാമറകളുടെ അക്കൗണ്ട് യൂസര്‍ നെയ്മുകളോ പാസ്‌വേഡുകളോ ചോദിച്ചില്ല എന്നാണ് അവരുടെ കണ്ടെത്തല്‍. സ്വോണ്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന സീരിയല്‍ നമ്പര്‍ കണ്ടെത്താനും ഗവേഷകര്‍ ഒരു വഴി കണ്ടെത്തിയിരുന്നു. 

 

ഇത് അവര്‍ക്ക് തത്വത്തില്‍ ഏത് അക്കൗണ്ടിലേക്കും കടക്കാനുളള അവരസമൊരുക്കി. ബുക്കിന്റെ പേജു മറിക്കുന്നതു പോലെ പല അക്കൗണ്ടുകളിലൂടെ തങ്ങള്‍ തുരുതുരെ കടന്നു പോയെങ്കിലും ഒന്നിലെയും വിഡിയോ പരിശോധിച്ചില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. അങ്ങനെ വിഡിയോ കണ്ടാല്‍, അത് കംപ്യൂട്ടര്‍ ദുരുപയോഗ നിയമ (Computer Misuse Act) പ്രകാരം കുറ്റകരമാണ്. വിഡിയോ കാണുന്നതിനു പകരം അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സ്വോണ്‍ കമ്പനിയെ അറിയിക്കുകയാണ് തങ്ങള്‍ ചെയ്തതതെന്ന് ഗവേഷകര്‍ പറയുന്നു. കമ്പനി വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിച്ചുവെന്നും അവര്‍ അറിയിച്ചു. ഇപ്പോള്‍, ഈ രീതിയില്‍ സ്വോണ്‍ സെക്യൂരിറ്റി സിസ്റ്റം ക്യാമറകളിലേക്ക് കടന്നു കയറാന്‍ സാധ്യമല്ല.