കേരളത്തില്‍ മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിഴ് സിനിമ മേഖലയില്‍ നിന്നും ആദ്യത്തെ ധന സഹായം. നടന്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയുമാണ് സഹായം പ്രഖ്യാപിച്ചത്. ഇരുവരും ചേര്‍ന്ന് ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. തിങ്കളാഴ്ച പണം കൈമാറും. മലയാളി സുഹൃത്തുക്കളില്‍ നിന്നും കേരളത്തിലെ അവസ്ഥ ചോദിച്ചറിഞ്ഞതിന് ശേഷമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രാധാന്യം മനസിലാക്കിയാണ് താരങ്ങളുടെ ഇടപെടല്‍. കേരളത്തോടും  മലയാളികളോടും പ്രത്യേക സ്നേഹമാണെന്നും എത്രയും പെട്ടന്ന് ദുരിതബാധിത പ്രദേശങ്ങള്‍ സാധരണ നിലയിലേക്ക് ആകട്ടെയെന്നും സൂര്യ പറഞ്ഞു. തമിഴ്നാട്ടിലെ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘവും കേരളത്തിന് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. വയനാട്ടിലും കര്‍ണാടകയിലും ലഭിക്കുന്ന ശക്തമായ മഴ കാരണം തമിഴ്നാട്ടിലെ മേട്ടൂര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്നാണ് പിണറായി വിജയൻ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ വ്യക്തികളോയും സംഘടകളോടും സ്ഥാപനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ദുരന്തം നേരിടാൻ എല്ലാവരും കൈകോർത്തു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.