പത്തനംതിട്ടയ്ക്ക് കടലില്ലെങ്കിൽ എന്താ കടലിന്റെ മക്കളുണ്ടല്ലോ. സോഷ്യൽ വാളുകളിലും മലയാളിയുടെ മനസിലും ആരോ കുറിച്ചിട്ട വാക്കുകൾക്ക് സർക്കാരും കൈകൊടുത്തു. അതെ കേരളത്തിന്റെ ‘സൈന്യ’മാണ് മൽസ്യത്തൊഴിലാളികൾ. രക്ഷപ്പെടുത്തിയവരുടെ കണക്കുകൾ നിരത്തി മിടുക്ക് കാണിക്കാൻ അവരാരും ഇതുവരെ വന്നിട്ടില്ല. പ്രളയത്തിൽ കേരളം ഒറ്റപ്പെട്ടപ്പോൾ ജീവിതത്തിൽ എല്ലാമെല്ലാമായ തങ്ങളുടെ ‘കുട്ടിക്കൊമ്പൻ’മാരെ ലോറിയിലേറ്റി അവർ പാഞ്ഞു. ലക്ഷ്യം മീനല്ല ജീവനുകൾ ആയിരുന്നു എന്നുമാത്രം.
പത്തനംതിട്ട, ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, പറവൂർ, തുടങ്ങി പ്രളയബാധിതമേഖലകളിൽ എല്ലാം ഇൗ കടലിന്റെ മക്കൾ ഒാടിയെത്തി. കടലിലെ ഒാളം കണ്ടിട്ട് പേടിച്ചിട്ടില്ല. പിന്നല്ലേ ഇൗ പുഴവെള്ളം എന്ന ഭാവത്തിൽ അവർ കൈപിടിച്ചവരുടെ എണ്ണം പതിനായിരം കടക്കും. പ്രളയത്തിന്റെ തീവ്രത സംസ്ഥാനവ്യാപകമായി അലയടിച്ചപ്പോൾ മുന്നിട്ടിറങ്ങാൻ അവർ അമാന്തിച്ചില്ല. സുനാമിയിലും ഒാഖിയിലും കേരളം അവരോട് കാണിച്ച സ്നേഹത്തിനും സഹാനുഭൂതിക്കും പകരമല്ല അവർ ഇൗ ചെയ്തതെന്നും മറിച്ച് അവരുടെ കടമയായിട്ടാണ് എന്നും അവര്‍ പറയുന്നു.
കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് മൽസ്യബന്ധനബോട്ടുകളുമായി അവർ തുടങ്ങിയ യാത്ര ശുഭവാർത്തകൾ ഓരോന്നായി പുറത്തുകൊണ്ടുവന്നു.
Read More on Kerala Floods News
‘രണ്ടു മൽസ്യത്തൊഴിലാളികൾ വന്ന ഒരു വള്ളത്തിലാണ് എന്നെയും കുടുംബത്തെയും അടക്കം 15പേരെ ഒരു തിരുത്തിൽ നിന്ന് രക്ഷപ്പെടുപത്തിയത്. വള്ളത്തിന്റെ പോക്ക് കണ്ട് ഭയന്ന് കരഞ്ഞു തുടങ്ങിയവരോട് അവർ പറഞ്ഞു. പേടിക്കേണ്ട ഞങ്ങളുള്ളപ്പോൾ നിങ്ങൾക്കൊന്നും സംഭവിക്കില്ല’. രക്ഷപ്പെട്ടിയ വ്യക്തി പറഞ്ഞ വാക്കുകളിൽ ഉണ്ട് അവരുടെ സേവനം. വീടിനുള്ളിൽ കുടുങ്ങിയ സലീംകുമാറും പുറത്തെത്തി ആദ്യം നന്ദി പറഞ്ഞതും കേരളത്തിന്റെ ഇൗ സൈന്യത്തിനാണ്.
കടലോളം നന്ദി സുഹൃത്തുക്കളേ എന്ന് ഓരോ മലയാളിയും പറയുന്നു ഇന്ന്. മറക്കില്ല മലയാളനാട്. സോഷ്യൽ ലോകത്ത് അഭിനന്ദനപ്രവാഹത്തിന്‍റെ മറ്റൊരു പ്രളയം തുടങ്ങിയിട്ടേയുള്ളൂ.