horse-bite

രൂക്ഷമായ തെരുവ് നായ ശല്യത്തെക്കുറിച്ചും തെരുവ് നായ കടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നിരവധി വാർത്തകൾ വരാറുണ്ട്. എന്നാൽ മൈസൂരിൽ ബൈക്ക് യാത്രക്കാരനെ തെരുവ് കുതിര കടിച്ച വാർത്തയാണ് അദ്ഭുതമാകുന്നത്. 

 

മൈസൂർ നഗരത്തിൽ തെരുവ് നായകളേക്കാൾ ശല്യമാണ് തെരുവ് കുതിരകൾ. വ്യക്തികൾ ഉപേക്ഷിക്കുന്ന തെരുവിൽ അലഞ്ഞുതിരിയാറുണ്ട്. ഇവ തമ്മിലുള്ള വഴക്കുകളും പോരാട്ടങ്ങളും സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ അലഞ്ഞുതിരിഞ്ഞ ഒരു തെരുവ് കുതിരയാണ് ഹരീഷ് എന്ന യുവാവിന്റെ ഇടതു കൈയിൽ കടിച്ചത്.

 

മൈസൂരിലെ ട്രാഫിക്കിലൂടെ ഇന്നലെ വൈകുന്നേരം ബൈക്കോടിച്ച് പോകുകയായിരുന്നു ഹരീഷ്. ഇടയ്ക്ക് ട്രാഫിക്കിൽ കുടുങ്ങി. ഈ സമയത്താണ് രണ്ടുകുതിരകൾ തമ്മിലുള്ള ഇടി ഹരീഷ് കാണുന്നത്. അവ പൊയ്ക്കോട്ടെയെന്നു കരുതി വണ്ടിയെടുക്കാതെ കാത്തുനിന്ന ഹരീഷിന്റെ നേരെ അപ്രതീക്ഷിതമായി ഒരു കുതിര പാഞ്ഞുവന്നത്. 

 

പാഞ്ഞെത്തിയ ഉടൻ അത് ഹരീഷിന്റെ കൈകളിൽ മുട്ടിയുരുമ്മി. നിനച്ചിരിക്കാതെ കൈയിലേക്ക് ആഞ്ഞുകടിച്ചു. കൈ ശക്തിയായി കുടഞ്ഞാണ് കുതിരയുടെ വായിൽ നിന്നും കൈ വിടുവിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെങ്കിലും പിന്നീട് മനഃസാന്നിധ്യം കൈവിടാതെ ഇരിക്കാൻ ഹരീഷ് ശ്രദ്ധിച്ചു. അല്ലായിരുന്നെങ്കിൽ ബൈക്കിൽ നിന്നും റോഡിലേക്ക് വീണ് മറ്റ് അപകടങ്ങൾ സംഭവിക്കുമായിരുന്നു. ഏതായാലും കുതിരക്കടി കിട്ടി അധികം വൈകാതെ തന്നെ ഹരീഷ് അടുത്തുള്ള ആശുപത്രിയിലെത്തി പ്രതിരോധകുത്തിവയ്പ് എടുത്തു. ആശുപത്രി അധികൃതർക്കും ഇത്തരമൊരു കേസ് ആദ്യമായിരുന്നു.