ക്യാപ്റ്റൻ മടങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം നോവായി ബാക്കിയാകുന്നു. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ആ വേഷത്തെ പുനരവതരിപ്പിച്ച് അദ്ദേഹം ചെയ്തുപൂര്‍ത്തിയാക്കിയ സിനിമ ഇനിയും വെളിച്ചം കണ്ടിട്ടില്ല. മലയാളസിനിമയിൽ കരുത്തുറ്റ വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ രാജു നാടോടിക്കാറ്റിലൂടെ വമ്പൻ മേക്കോവർ നടത്തുന്നത്. പവനായി എന്ന പ്രൊഫഷണല്‍ കില്ലറായി എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. ആ കഥാപാത്രത്തിലൂടെ ക്യാപ്റ്റന്‍ രാജു ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി. 

 

1987 ല്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ പ്രമേയത്തെ അല്പം മാറ്റി പവനായിയെ പുതിയ വഴിത്താരയിലെത്തിച്ചത് ക്യാപ്റ്റൻ രാജു തന്നെയാണ്. അദ്ദേഹമായിരുന്നു സംവിധാനവും. 97 ല്‍ പുറത്തിറങ്ങിയ ഇതാ ഒരു സ്‌നേഹഗാഥയ്ക്കുശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു. 2012ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പിന്നീടൊരിക്കലും റിലീസ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല. ‘നാടോടിക്കാറ്റിലെ പവനായി മരിക്കുന്നുണ്ട്. ടവറില്‍ നിന്ന് വീണ്. 2012 ല്‍ മിസ്റ്റര്‍ പവനായി 99.99 എന്ന സിനിമ ഞാന്‍ എടുത്തു. അത് ഇതുവരെ റിലീസ് ആയിട്ടില്ല..നിര്‍മാതാവിന് മറ്റെന്തൊക്കെയോ താല്‍പര്യങ്ങളുണ്ട്. എന്റെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി റിലീസ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ.’–ക്യാപ്റ്റൻ രാജു ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. 

 

എന്‍.എന്‍. പിള്ളയുടെ പൗത്രനും വിജയരാഘവന്റെ മകനുമായ ദേവദേവനായിരുന്നു ഹീറോ. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി നായികയായി എത്തി. തിരക്കഥ രൂപക് ആന്‍ഡ് നിഷാക് ആണ് നിര്‍വ്വഹിച്ചത്. ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അഭിനയിച്ചിരുന്നു.