chekutty-doll

ചേറിൽ നിന്ന് രൂപം കൊണ്ട സുന്ദരിക്കുട്ടികളാണ് ചേക്കുട്ടി പാവകൾ. കാണുന്നവരുടെ കണ്ണിലും മനസ്സിലും ആനന്ദം തോന്നിപ്പിക്കാനുള്ള അപൂർവ കഴിവ് കൂടിയുണ്ട് ഈ ചേക്കുട്ടി പാവകൾക്ക്. എന്നാൽ പ്രളയത്തിന്റെ പ്രതീകമായ ചേക്കുട്ടി പാവകളുടെ പേരിലും ഇപ്പോൾ തട്ടിപ്പ് നടക്കുകയാണ്. ഒരു വ്യാജ പത്രവാർത്തയെ അടിസ്ഥാനമാക്കി ചേക്കുട്ടി പാവകളുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഇവർ ഉണ്ടാക്കുന്നത് ചേക്കുട്ടികളല്ല എന്ന് മാത്രമല്ല, വീട്ടിലെ പഴംതുണി കൊണ്ടുപോയി ഇവർ നിർമിക്കുന്ന ഓരോ തുണിപാവകളും പ്രളയത്തിന്റെ നഷ്ടങ്ങളെ സാമ്പത്തികമായും, മാനസികമായും അതിജീവിക്കാൻ ശ്രമിക്കുന്ന ചേന്ദമംഗലത്തെ നെയ്ത്തുക്കാരോടുള്ള അവഹേളനം കൂടിയാണ്. കാരണം, ചേക്കുട്ടി വെറും പഴംതുണിയുടെ കഥയല്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ടീം ചേക്കുട്ടി എഴുതിയ കുറിപ്പ്  വായിക്കാം

ചേക്കുട്ടി വെറും പഴംതുണിയല്ല.

ഇന്നലെ കേരളത്തിൽ നിന്നുള്ള പത്ത് വിദ്യാർത്ഥികൾ മനാലിയിലേക്കു പോകുന്ന യാത്രയിൽ ചേക്കുട്ടികളെ ഉണ്ടാക്കുന്നു, പോകുന്ന വഴിയിൽ അവർ പ്രളയത്തിനെ അതിജീവിച്ച ചേക്കുട്ടികളെ കുറിച്ച് മറ്റു യാത്രക്കാർക്ക് പറഞ്ഞു കൊടുക്കുന്നു, അത് കഴിഞ്ഞു മനാലിയിൽ ചേക്കുട്ടികളുടെ പ്രദർശനം നടത്തുന്നു എന്ന് ഒരു പത്രവാർത്ത കണ്ടു. സാധാരണഗതിയിൽ , ചേക്കുട്ടികളോടുള്ള ഈ സ്നേഹത്തെ പ്രകീർത്തിച്ചു ഞങ്ങൾ തന്നെ ഒരു പോസ്റ്റ് ഇടുമായിരുന്നു.

എന്നാൽ, ഇവർ ഉണ്ടാക്കുന്നത് ചേക്കുട്ടികളല്ല എന്ന് മാത്രമല്ല, വീട്ടിലെ പഴംതുണി കൊണ്ടുപോയി ഇവർ നിർമിക്കുന്ന ഓരോ തുണിപാവകളും പ്രളയത്തിന്റെ നഷ്ടങ്ങളെ സാമ്പത്തികമായും, മാനസികമായും അതിജീവിക്കാൻ ശ്രമിക്കുന്ന ചേന്ദമംഗലത്തെ നെയ്ത്തുക്കാരോടുള്ള അവഹേളനം കൂടിയാണ്. കാരണം, ചേക്കുട്ടി വെറും പഴംതുണിയുടെ കഥയല്ല.

ചേക്കുട്ടി എന്താണെന്നോ ആരാണെന്നോ മനസ്സിലാകാതെയുള്ള ഈ ഒരു പിന്തുണ ചേക്കുട്ടി എന്ന സങ്കൽപ്പത്തിന്റെ കടക്കലാണ് കത്തി വെക്കുന്നത്. സ്നേഹം കൊണ്ട് ചെയ്യുന്നതാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാം. പക്ഷെ ഇത് പോലെയുള്ള സ്നേഹ പ്രകടനത്തിനിടയിൽ, നമുക്ക് ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്തം മറന്ന് പോകരുത്.

ചേന്ദമംഗലത്തെ നെയ്ത്തുകാരിൽ നിന്ന് ഞങ്ങൾ വൃത്തിയാക്കികൊണ്ടുവന്ന തുണിയിൽ നിന്ന് ഉണ്ടാക്കുന്നവ മാത്രമാണ് ചേക്കുട്ടി. ഓരോ ചേക്കുട്ടിക്കും, ഔദ്യോഗികമായ ഒരു ടാഗ് കൂടെയുണ്ടാകും. അവിടെ നിന്ന് എടുക്കുന്ന, ഓരോ തുണിക്കും, അതിൽ നിന്ന് എത്ര ചേക്കുട്ടികളെ ഉണ്ടാക്കാം എന്നതിനും കണക്കുണ്ട്. വിൽക്കുന്ന ഓരോ ചേക്കുട്ടിയിൽ നിന്നും ഉണ്ടാകുന്ന പണം അപ്പോൾ തന്നെ നെയ്‌ത്തു സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വവും ഞങ്ങൾ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഒരിഞ്ചു തുണി പോലും നഷ്ട്ടപെടുത്താതെയാണ് ഞങ്ങൾ ഇതുവരെ ഓരോ ചേക്കുട്ടിയേയും ഉണ്ടാക്കിയിട്ടുള്ളത് . NSS ഉം, സ്കൂളുകളും, കോളേജുകളും, യൂണിവേഴ്സിറ്റികളും, വീട്ടമ്മമാരും, ഇൻഫോ പാർക്കുക്കാരുമൊക്കെയാണ് ഇത് വരെ ചേക്കുട്ടികളെ ഉണ്ടാക്കിയിട്ടുള്ളത്. പക്ഷെ അവരെല്ലാവരും തന്നെ ഞങ്ങൾ കൊടുത്ത മാർഗ നിർദേശപ്രകാരമാണ് ചേക്കുട്ടികളെ ഉണ്ടാക്കിയിട്ടുള്ളത്. ഇത് വരെ കരിമ്പാടം യൂണിറ്റ് H - 191-ൽ നിന്നുള്ള വൃത്തിയാക്കിയ തുണികൾ മാത്രമാണ് ചേക്കുട്ടികൾ നിർമ്മിക്കാനായി ഞങ്ങൾ ഉപയോഗിച്ചിട്ടുള്ളത്

കഴിഞ്ഞ ദിവസം തൊട്ടു കുരിയപ്പിള്ളി യൂണിറ്റ് കൂടി അവരുടെ കേടു വന്ന തുണിത്തരങ്ങൾ ഞങ്ങളെ ഏൽപ്പിക്കാം എന്ന് അറിയിച്ചിട്ടുണ്ട്.

ഈ കുറിപ്പുണ്ടാക്കുന്നതു വരെ പത്തു ലക്ഷം രൂപയുടെ ചേക്കുട്ടികളുടെ ഓർഡർ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിനായുള്ള ചേക്കുട്ടികളെ പൂർണമായും കേരളത്തിനകത്തും പുറത്തുമുള്ള നൂറിലേറെ ചെറു സംഘങ്ങളും, വിദേശ രാജ്യങ്ങളിലുള്ള മലയാളി സംഘടനകളും, വ്യക്തികളും ചേർന്നാണ് നിർമ്മിക്കുന്നത്. ഇവരെല്ലാവരും തന്നെ, ഞങ്ങളുടെ നിർദ്ദേശപ്രകാരം , ചേന്ദമംഗലത്തുള്ള നെയ്ത്തുകാരുടെ അതിജീവനത്തിനായും, നെയ്ത്തുശാലകളുടെ പുനർ നിർമാണത്തിനായുമാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.

മലയാളികളുടെ അതിജീവനത്തിന്റെ പ്രതീകമായി മാറികഴിഞ്ഞ ചേക്കുട്ടി എന്ന ആശയം മഹത്തരമാകണമെങ്കിൽ, അതിന്റെ പിന്നിലുള്ള പ്രയത്‌നത്തെയും വൈകാരികതയെയും അറിയേണ്ടതുണ്ട്. അത് കൊണ്ട് തന്നെ, ചേക്കുട്ടിയെ പിന്തുണക്കാൻ ആഗ്രഹിക്കുന്നവർ, അതിന്റെ തനതായ രീതിയിൽ തന്നെ നിർമ്മിച്ചെടുക്കാൻ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊള്ളുന്നു.