വീടിനെ പുസ്തകങ്ങൾകൊണ്ട്  ഗ്രാമീണവായനശാലയാക്കുന്ന രവിയെ പരിചയപ്പെടാം. പാലക്കാട് കുമരനെല്ലൂർ അമേറ്റിക്കര സ്വദേശിയായ രവിയുടെ ജീവിതമാണ് വേറിട്ടതാകുന്നത്.  ആയിരത്തിലധികം പുസ്തകങ്ങൾകൊണ്ട് വീടിനെ ലൈബ്രററിയാക്കിയിരിക്കുകയാണ് ചേക്കോട്ടുപറമ്പിൽ രവി. 

എഴുത്തുക്കാരുടെ അപൂർവ്വമായ കത്തുകൾ, ചെറുതും വലുതുമായ ലേഖനങ്ങൾ, പ്രമുഖരുടെ പ്രസംഗങ്ങളുടെ പതിപ്പുകൾ, ജീവചരിത്രങ്ങൾ, പഴയ കാല പത്രങ്ങളുടെ ശേഖരങ്ങൾ എന്നിങ്ങനെ സർവ്വ വിജ്ഞാനത്തിന്റെ കലവറയാണ് രവിയുടെ വീട്. നാട്ടുകാർക്കിത് ലൈബ്രറിയാണ്. 

വായനയുടെ ഗ്രഹാതുരത്വം ഒട്ടും മങ്ങാതെയുള്ള ലൈബ്രററിയിൽ സുഗന്ധ സ്റ്റാമ്പുകളുടെ ശേഖരവും ഉണ്ട്. 2000 മുതൽ 80000 രൂപ വില പിടിപ്പുള്ള അപൂർവ്വമഷിപേനകളുടെ വേറിട്ട ശേഖരവും കാഴ്ചയാകുന്നു. ഗ്രാമീണ വായനശാലകൾ ഇല്ലാതാകുന്നതിനാൽ വിദ്യാർഥികൾക്ക് വിവരശേഖരണത്തിന്നും വായനയ്ക്കുമായി "വീട്ടുലൈബ്രററിയിൽ " സൗകര്യം ഒരുക്കിയിരിക്കുന്നു.

ഓരോ വീട്ടിലും ഓരോ പുസ്തക ലൈബ്രറി നിർമിക്കണമെന്നുള്ള സന്ദേശമാണ് രവി സമൂഹത്തിന് നൽകുന്നത്. പുസ്തക ശേഖരണത്തിനൊപ്പം റേഡിയോ പ്രഭാഷണങ്ങൾക്കും രവി സമയം കണ്ടെത്തുന്നു.