suhasini-reporter45

ശബരിമലയിലെ യുവതീ പ്രവേശ വിധിക്കുശേഷം ആദ്യമായി മലകയറാൻ ഒരുങ്ങിയ മാധ്യമപ്രവർത്തക സുഹാസിനി രാജായിരുന്നു ഇന്നത്തെ ശ്രദ്ധാകേന്ദ്രം. എന്നാൽ ശബരിമലയിലെ സമരക്കാരുടെ പ്രതിഷേധം മൂലം സുഹാസിനിക്ക് മലകയറാനായില്ല. എന്നാൽ സുഹാസിനി ഇതിനുമുമ്പും സാഹസങ്ങൾക്ക് മുതിർന്നിട്ടുണ്ട് എന്ന് ആ മാധ്യമ പ്രവര്‍ത്തകയുടെ ജീവിതം തിരഞ്ഞാല്‍ അറിയാം.  ‘ദ് ന്യൂയോർക്ക് ടൈംസി’ന്റെ ഡൽഹിയിലെ സൗത്ത് എഷ്യ ബ്യൂറോയിൽ പ്രവർത്തിക്കുകയാണ് സുഹാസിനി ഇപ്പോൾ. 2005 ഡിസംബർ 12 ന് ആജ് തക് ചാനൽ സംപ്രേഷണം ചെയ്ത, എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ ‘ഓപ്പറേഷൻ ദുര്യോധന’യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി.



‘ഓപ്പറേഷൻ ദുര്യോധന’ എന്ന പേരിൽ കോബ്ര പോസ്‌റ്റ് ഡോട്ട് കോം നടത്തിയ രഹസ്യ നീക്കത്തിലാണ് പതിനൊന്ന് എംപിമാർ കുരുങ്ങിയത്. പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭയിലും ഡോ. കരൺസിങ് അധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി. രണ്ട് സമിതികളുടേയും റിപ്പോർട്ട് കുറ്റക്കാരെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. ഉത്തരേന്ത്യൻ ചെറുകിട ഉത്‌പാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളിൽ നിന്നാണ് എംപിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിന്റെ കടുത്ത ചോദ്യ തിരഞ്ഞെടുപ്പു രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു.



എൻഡിഎ ഭരണകാലത്തു തെഹൽക ഡോട്ട് കോമിലൂടെ പ്രതിരോധ ഇടപാടിലെ കോഴക്കഥ പുറത്തുകൊണ്ടുവന്നു ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്‌മണിന്റെയും പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെയും കസേര തെറിപ്പിച്ച അനിരുദ്ധ ബഹാലിനൊപ്പം കോബ്ര പോസ്‌റ്റ് ഒരുക്കിയ‘ഓപ്പറേഷൻ ദുര്യോധന’യിൽ സുഹാസിനി രാജായിരുന്നു പ്രധാന പങ്കുവഹിച്ചത്.



വിദേശിയായ സഹപ്രവർത്തകനൊപ്പം പമ്പയിൽ എത്തിയ സുഹാസിനി ഭക്തരുടെ ശ്രദ്ധയിൽപ്പെടാതെയാണ് മല കയറിയത്. ഇന്ന് രാവിലെ മലകയറാനെത്തിയ സുഹാസിനിയെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാരുടെ ഇടപെടൽ മൂലം ഇവർ യാത്ര അവസാനിപ്പിച്ചു.

 

അപ്പാച്ചിമേടിനു സമീപം ഭക്തർ ശരണംവിളികളോടെ മനുഷ്യമതിൽ തീർത്ത് പ്രതിഷേധവുമായി നിലകൊണ്ടതോടെ യാത്ര അവസാനിപ്പിച്ചു മലയിറങ്ങാൻ സുഹാസിനി തീരുമാനിക്കുകയായിരുന്നു. ഒപ്പമെത്തിയ സഹപ്രവർത്തകനും പ്രതിഷേധത്തിനിടെ യാത്ര തുടരേണ്ടെന്ന് സുഹാസിനിയോട് പറഞ്ഞു.  



സംഭവിച്ചത് ഇങ്ങനെ:

ശബരിമല സന്നിധാനത്തേക്കുപോയ വനിതാമാധ്യമപ്രവർത്തക കയ്യേറ്റശ്രമത്തെത്തുടര്‍ന്നാണ് തിരികെ മടങ്ങിയത്. ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് അപ്പാച്ചിമേട്ടിലെ പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറങ്ങിയത്. കനത്ത പൊലീസ് കാവലില്‍ യുവതിയെ തിരിച്ചയച്ചു. സുഹാസിനിയെ തടഞ്ഞതിന് കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെ കേസെടുത്തു.



അപ്രതീക്ഷിതമായി മലകയറുകന്ന യുവതിയുടെ ദൃശ്യം പമ്പയില്‍ വച്ചാണ് ആദ്യം ക്യാമറയില്‍ പതിഞ്ഞത്. കുറച്ച് മുന്നോട്ടു നീങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. പെട്ടെന്ന് തന്നെ പൊലീസ് പാഞ്ഞെത്തി. തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ച താന്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് യാത്രയെന്നും വിശദീകരിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് കനത്ത സുരക്ഷയൊരുക്കി സുഹാസിനിയെ അനുഗമിച്ചു. 



സുഹാസിനി അപ്പാച്ചിമേട് എത്തിയപ്പോള്‍ വിശ്രമിക്കാന്‍ ഇരുന്നു. ഇതോടെ ഇവര്‍ക്കരികിലേക്ക് പ്രതിഷേധക്കാരും അയ്യപ്പഭക്തരുമടക്കം ഇരുനൂറോളം പേര്‍ ഇരച്ചെത്തി. അപ്പാച്ചിമേട്ടിൽ തമ്പടിച്ചിരുന്ന പ്രതിഷേധക്കാര്‍ക്കൊപ്പം മല കയറുന്ന അയ്യപ്പഭക്തരും മലയിറങ്ങി വന്ന ഭക്തരും ഒപ്പം ചേർന്നതോടെ സാഹചര്യം വഷളായി. മലയിറങ്ങി വന്ന സുഹാസിനിക്കുനേരെ അസഭ്യവർഷവും ഷെയിം ഓൺ യു വിളികളും തുടർന്നു. അതിനിടെ ഇരുമുടിക്കെട്ടേന്തിയ ഭക്തനാണ് സുഹാസിനിക്കെതിരെ കയ്യേറ്റശ്രമം നടത്തിയത്. സ്്ഥിതി കൈവിട്ടുപോകുമെന്ന നിലയിലെത്തിയപ്പോള്‍ സുഹാസിനി മലയിറങ്ങുകയായിരുന്നു. തനിക്ക് നേരെ കല്ലേറുണ്ടായെന്നും സുഹാസിനി പറഞ്ഞു.കനത്ത പൊലീസ് സുരക്ഷയിലാണ് സുഹാസിനിയെ നിലയ്ക്കലെത്തിച്ചതും ഇവിടെ നിന്ന് പുറത്തേക്ക് കൊണ്ടുപോയതും.