ഒരുകാലത്ത് സജീവമായിരുന്ന മനോഹരഗ്രാമം ഇന്ന് ദുര്‍ഗന്ധപൂരിതം. സ്വപ്നംപോലെ കെട്ടിപ്പടുത്ത വീടുകളിലെ ഇരുണ്ടുപോയ മുറികളില്‍ അന്യസംസ്ഥാനക്കാരും സാമൂഹ്യവിരുദ്ധരും കൂടുകൂട്ടി. വെറുതെ ഫാത്തിമയുടെ മീന്‍കുളത്തിലേക്കൊന്നുപോയി എത്തിനോക്കി. 
ബ്രഹ്മപുരത്തിന്‍റെ ദുരവസ്ഥ ഏറെക്കാലം മനോരമ ന്യൂസിനായി റിപ്പോര്‍ട്ട് ചെയ്ത മീട്ടു മാത്യു എഴുതുന്നു

 

ബ്രഹ്മപുരം മാലിന്യസംസ്കരണപ്ലാന്‍റിനായി വീടുകള്‍ വിട്ടൊഴിയേണ്ടിവന്ന ദിവസം. മുറ്റത്തെ കിണറ്റില്‍ വളര്‍ത്തുന്ന വരാലുകള്‍ക്ക് അവസാനമായി ഒരുപിടി ചോറും നല്‍കി സ്വന്തംവീടിന്‍റെ പടിയിറങ്ങുമ്പോള്‍ ഫാത്തിമ പൊട്ടിക്കരഞ്ഞു.  അതുപോലെ അന്‍പതിലേറെ കുടുംബങ്ങള്‍. തെളിനീരൊഴുകുന്ന കടമ്പ്രയാറിന്‍റെ തീരത്തെ സ്വച്ഛസുന്ദരമായ ഗ്രാമവും അവിടുത്തെ ശാന്തമായ ജീവിതവും വിട്ട് വാടകവീടുകളിലേക്ക് ചിതറിപ്പോയവര്‍. കൊച്ചി ബ്രഹ്മപുരം  മാലിന്യസംസ്കരണ പ്ലാന്‍റിന്‍റെ ദുര്‍ഗന്ധത്തില്‍ ജീവിതത്തിന്‍റെ സുഗന്ധം നഷ്ടമായ ഇവരോടാണ്  കൊച്ചി നഗരസഭ മറുപടി പറയേണ്ടത്. കാരണം 19 കോടി ചെലവിട്ട(കണക്ക് പ്രകാരം) പ്ലാന്‍റ്  ഉദ്ഘാടനം ചെയ്ത് 11 വര്‍ഷങ്ങള്‍ക്കുശേഷം ദേശീയ ഹരിതട്രൈബ്യൂണല്‍ കൊച്ചി നഗരസഭയ്ക്ക് ഒരുകോടി പിഴ ചുമത്തിയിരിക്കുന്നു. പ്ലാന്‍റ് നിര്‍മാണം അനിശ്ചിതമായി നീളുന്നതിനെതിരെയാണ് നടപടി. ബ്രഹ്മപുരത്തിനുവേണ്ടി ജീവിതം വിട്ടുനല്‍കിയവരുടെ നഷ്ടമാലോചിക്കുമ്പോള്‍ ആ ഒരു കോടി എത്ര തുച്ഛം 

 

മനോരമ ന്യൂസിന്‍റെ കൊച്ചി ബ്യൂറോയില്‍  റിപ്പോര്‍ട്ടിങ് ട്രെയിനിയായി ജോലിക്കെത്തുന്നത് 2007ലാണ്. കൊച്ചി അന്ന് അറബിക്കടലിന്‍റെ റാണിയല്ല, മാലിന്യക്കൂനകള്‍ക്കു നടുവിലാണ്. മാലിന്യനീക്കം നിലച്ചു. നഗരമാലിന്യം തള്ളിയിരുന്ന ഫാക്ടിന്‍റെയും പോര്‍ട്ട് ട്രസ്റ്റിന്‍റെയും ഭൂമിയില്‍ ഉള്‍ക്കൊള്ളാവുന്നതിലധികമായി. വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നുമുള്ള മാലിന്യനീക്കം പൂര്‍ണമായി നിലച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്നത്ര ഗുരുതരമായ സാഹചര്യം. മേയര്‍  മേഴ്സി വില്യംസിന്‍റെ നേതൃത്വത്തില്‍ സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭ പിരിച്ചുവിടേണ്ടിവരുമെന്ന് ഹൈക്കോടതി വാക്കാല്‍ വിമര്‍ശിച്ചു. മനോരമ ന്യൂസ് നാട്ടുവാര്‍ത്തയുടെ  ആദ്യഹെഡ്സ് ഏറെക്കാലത്തേക്ക് ഇങ്ങനെയായിരുന്നു.  "കൊച്ചിയില്‍ മാലിന്യനീക്കം പുനരാരംഭിച്ചില്ല"  മാലിന്യവാര്‍ത്തകള്‍ കൈകാര്യംചെയ്ത് അവസാനം ബ്യൂറോയിലെ 'വേസ്റ്റ് റിപ്പോര്‍ട്ടര്‍' ആയി മാറിയകാലം. 

 

കൊച്ചിയിലെ മുഴുവന്‍ മാലിന്യവും സംസ്കരിക്കാനുതകുന്ന സംവിധാനം എന്ന നിലയ്ക്കാണ് ബ്രഹ്മപുരം പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നത്. കടമ്പ്രയാറിനോടു ചേര്‍ന്നുള്ള ജനവാസമേഖലയായ  63 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശ് ടെക്‌നോളജി ഡവലപ്‌മെന്റ് കോർപറേഷന് (എ.പി.ടി.ഡി.സി.) ആയിരുന്നു നിര്‍മാണ ചുമതല. ചതുപ്പുനിലം നന്നായി മണ്ണിട്ടുനികത്തണം, സ്മാര്‍ട്സിറ്റി ഉള്‍പ്പെടെ ആറുപഞ്ചായത്തുകളുടെ ശുദ്ധജലസ്രോതസായ കടമ്പ്രയാറില്‍ മാലിന്യം കലരാതിരിക്കാന്‍ ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കണം, വാണിജ്യനഗരത്തിന്‍റെ മുഴുവന്‍ മാലിന്യവും (പ്രതിദിനം 250 ടണ്ണോളം ജൈവമാലിന്യം,80 ടണ്‍ പ്ലാസ്റ്റിക് മാലിന്യം) താങ്ങാന്‍ ശേഷിവേണം. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസം വേണം. അങ്ങേയറ്റം കൃത്യതയോടെ പാലിക്കപ്പെടേണ്ട നിബന്ധനകള്‍ ഏറെയായിരുന്നു. പക്ഷേ തുടക്കത്തില്‍ തന്നെ കല്ലുകടിച്ചു. പ്ലാന്‍റ് നിര്‍മാണം തുടങ്ങും മുന്‍പേ നഗരസഭയുടെ മാലിന്യവണ്ടികള്‍ സ്മാര്‍ട്സിറ്റിക്കു മുന്നിലൂടെ നിര്‍ബാധം ബ്രഹ്മപുരത്തേക്കൊഴുകി. സ്വാഭാവികമായും നാട്ടുകാര്‍ പ്രതിേഷധിച്ചു. ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. മാലിന്യവണ്ടികള്‍ തടഞ്ഞിട്ടു സംഘര്‍ഷഭരിതമായ എത്രയോ രാത്രികള്‍ ഉറക്കംകളഞ്ഞ് ഞങ്ങള്‍ ബ്രഹ്മപുരത്തേക്കോടി. 

 

ബ്രഹ്മപുരം പദ്ധതിപ്രദേശത്ത് മാധ്യമങ്ങള്‍ക്ക് നഗരസഭയുടെ അപ്രഖ്യാപിതവിലക്കുവന്നു. ഒരിയ്ക്കല്‍ നാട്ടുകാരുടെ പിന്തുണയോടെ  ക്യാമറാമാന്‍ രമേഷ് മണിയ്ക്കൊപ്പം പ്ലാന്റിനുള്ളില്‍ കയറി. ദൃശ്യങ്ങള്‍ പകര്‍ത്തി. ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. ബീമുകള്‍ ചരിഞ്ഞ്, തറ പൊട്ടി, കോണ്‍ക്രീറ്റീട്ട ഏതാനും കെട്ടിടങ്ങള്‍. ചിലത് മണ്ണിനടിയിലേക്ക് താഴ്ന്ന നിലയില്‍.  മാലിന്യം മുഴുവന്‍ കടമ്പ്രയാറിലേക്കൊഴുകുന്നു. ഗ്രീന്‍ ബെല്‍റ്റ് വേണമെന്നതടക്കം മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി.  എക്സ്ക്ലൂസീവ് ദൃശ്യങ്ങളുമായി പിറ്റേന്ന് സ്റ്റോറി പോയി (എന്‍റെ റിപ്പോര്‍ട്ടിങ് ജീവിതത്തിലെ ആദ്യ എക്സ്ക്ലൂസിവ്). പിന്നീട് മറ്റ് മാധ്യമങ്ങളൊക്കെ വിഷയം ഗൗരവത്തോടെ ഏറ്റെടുത്തു. ഒന്നുംകൂസാതെ നഗരസഭ ഉദ്ഘാടനതിയതി പ്രഖ്യാപിച്ചു. 2008 ജൂണില്‍ ചുറ്റും മല പോലെ ഉയര്‍ന്നുനില്‍ക്കുന്ന മാലിന്യക്കൂനകള്‍ വമിപ്പിക്കുന്ന ദുര്‍ഗന്ധത്തിനിടയിലും വലിയആഘോഷമായി തന്നെ ഉദ്ഘാടനം നടത്തി. പുറത്ത് സമരസമിയുടെ നിരാഹാരം.

KOCHI 2016 OCTOBER 26 : Plastic wastes sorting inside Brahmapuram plant @ Josekutty Panackal

 

തനിക്കുമുന്‍പെ സംസാരിച്ചവരൊക്കെ ബ്രഹ്മപുരം പ്ലാന്‍റിന്‍റെ മേന്‍മയെക്കുറിച്ച് നീട്ടിപ്പറഞ്ഞ് പരിപാടി വൈകിയപ്പോള്‍ അനിഷ്ടം മറച്ചുവയ്ക്കാതെ ഉദ്ഘാടനപ്രസംഗം അന്ന് വിഎസ് ഒറ്റവരിയിലൊതുക്കി "ബ്രഹ്മപുരം പ്ലാന്‍റ് ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു". ആ പ്രഖ്യാപനത്തിന് ഏതാനും  മാസങ്ങള്‍ക്കുശേഷം ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചു. ദിനംപ്രതിയെത്തുന്ന 250 ടണ്‍ മാലിന്യം ബ്രഹ്മപുരത്തുകിടന്നു ചീഞ്ഞളിഞ്ഞു. നാട്ടുകാരെയൊക്കെ മാറ്റിപ്പാര്‍പ്പിച്ച് നഗരസഭ കൂടുതല്‍ സ്ഥലം ഏറ്റെടുത്തു. ഇടയ്ക്കിടെ  മാലിന്യക്കൂനയില്‍ തീപടരും. പ്ലാസ്റ്റിക് കത്തിയെരിഞ്ഞ് അന്തരീക്ഷം പുകമൂടും. നാട്ടുകാരുടെ പ്രതിഷേധാഗ്നിയെ കെടുത്തിയപോലെ വെള്ളമൊഴിച്ചുകെടുത്തുക എളുപ്പമല്ലായിരുന്നു.  

 

പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള അവശിഷ്‌ട മാലിന്യങ്ങളിൽ നിന്ന് ഇന്ധന കട്ടകൾ (ഫ്യൂവൽ പെല്ലറ്റ്‌സ്) ഉണ്ടാക്കുന്ന പുതിയ പ്ലാന്റും ബ്രഹ്മപുരത്ത്  ഉദ്ഘാടനം ചെയ്തിരുന്നു. ഏഴുകോടി രൂപയായിരുന്നു ചെലവ്. പ്രതിദിനം 200 ടൺ ഫ്യൂവൽ പെല്ലറ്റുകൾ ഉൽപാദിപ്പിക്കാനായാൽ നാലു മെഗാവാട്ടിന്റെ താപവൈദ്യുതി നിലയം പ്രവർത്തിപ്പിക്കാൻ കഴിയും. നഗരത്തിനു പുറമെ, സമീപ മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും മാലിന്യം ബ്രഹ്‌മപുരത്തു സംസ്‌കരിച്ചാൽ താപനിലയം പ്രവർത്തിപ്പിക്കാം.  എന്നൊക്കെയുള്ള അന്നത്തെ വാഗ്ദാനങ്ങളോര്‍ത്താല്‍ ഇന്നുചിരിവരും. കാരണം  മാലിന്യക്കൂനകളുടെ ഉള്ളില്‍ ആ യന്ത്രങ്ങളൊക്കെ എന്നേ തുരുമ്പെടുത്തു. മറ്റുരാജ്യങ്ങളിലെ മാലിന്യസംസ്കരണത്തെക്കുറിച്ച് പഠിക്കാനെന്ന പേരില്‍ ഒരുവിദേശട്രിപ്പ് തരപ്പെടുത്താത്ത മേയര്‍മാരൊന്നുമില്ല കൊച്ചിനഗരസഭയില്‍. വിദേശത്തേക്ക് പറന്നത് ഇൗ മാലിന്യക്കൂനയ്ക്കു മുകളിലൂടെയായിരുന്നുവെന്നത് തിരിച്ചെത്തുമ്പോഴേക്കും അവരും മറന്നുപോയി. 

 

കൊച്ചി നഗരസഭയുടെ ഭരണം സിപിഎമ്മിന് നഷ്ടമാകാനുള്ള കാരണം തന്നെ മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ വന്ന വീഴ്ചയായിരുന്നു എന്നാണ് വിലയിരുത്തല്‍. നഗരസഭയിലെ പുതിയ യുഡിഎഫ് ഭരണസമിതിയും ബ്രഹ്മപുരത്ത് വാഗ്ദാനം കാറ്റില്‍പറത്തി. എല്ലാ ബജറ്റിലുമുണ്ടാകും ബ്രഹ്മപുരം പ്ലാന്‍റിന് കോടികളുടെ നീക്കിയിരിപ്പ്. ഒരു ഗുണവും ഉണ്ടാകില്ലെന്നുമാത്രം. ഏറ്റവും ഒടുവില്‍ പ്ലാന്‍റ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന ജിജെ ഇക്കോ പവർ പ്രൈവറ്റ് ലിമിറ്റഡിനും വാഗ്ദാനം പാലിക്കാനാകാത്തതിനെത്തുടര്‍ന്നാണ് ഹരിതട്രൈബ്യൂണല്‍ വിധി.   

 

വര്‍ഷങ്ങള്‍ക്കുശേഷം  മനോരമന്യൂസിന്‍റെ 'അഴുക്കില്‍ നിന്ന് അഴകിലേക്ക് ' ക്യാംപയിന്‍റെ ഭാഗമായി ബ്രഹ്മപുരത്തുപോയി. ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളും കളിയിടങ്ങളും എല്ലാം കാടുമൂടിയിരിക്കുന്നു.  ഒരുകാലത്ത് സജീവമായിരുന്ന മനോഹരഗ്രാമം ഇന്ന് ദുര്‍ഗന്ധപൂരിതം. സ്വപ്നംപോലെ കെട്ടിപ്പടുത്ത വീടുകളിലെ ഇരുണ്ടുപോയ മുറികളില്‍ അന്യസംസ്ഥാനക്കാരും സാമൂഹ്യവിരുദ്ധരും കൂടുകൂട്ടി. വെറുതെ ഫാത്തിമയുടെ മീന്‍കുളത്തിലേക്കൊന്നുപോയി എത്തിനോക്കി. വരാലില്ലായിരുന്നു. കുറുകിയ കറുത്ത കളറുള്ള വെള്ളംമാത്രം.