ഇതാണ് ശരിക്കും ക്യാറ്റ് വാക്ക്. സോഷ്യൽ ലോകം ഒന്നടങ്കം കയ്യടിക്കുന്ന പ്രകടനമാണ് ഇൗ പൂച്ച കാഴ്ചവയ്ക്കുന്നത്. ഫാഷൻ ഷോയ്ക്കിടയിൽ റാംപിലെത്തിയ പൂച്ചയാണ് സോഷ്യൽ ലോകത്ത് താരം. തുർക്കിയിലെ ഈസ്താംബൂളിൽ നടന്ന ഫാഷൻ ഷോയിലാണ് പൂച്ച റാംപിലെത്തിയത്.  ഷോ തുടങ്ങിയപ്പോള്‍ മുതൽ വിളിക്കാതെയെത്തിയ ഈ അതിഥി റാംപിലുണ്ടായിരുന്നു. നിറഞ്ഞിരിക്കുന്ന സദസും മോ‍ഡലുകളുടെ സാന്നിധ്യവു കാതടപ്പിക്കുന്ന സംഗീതവുമൊന്നും പൂച്ചയ്ക്കൊരു പ്രശ്നമേയല്ലായിരുന്നു.

 

റാംപിനു നടുവിലൂടെ മോഡലുകൾ വന്നു മടങ്ങുമ്പോൾ ഇതൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന മട്ടിൽ ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുന്ന പൂച്ചയെയാണ് ആദ്യം ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഇതിനിടയിൽ മടങ്ങുന്ന മോഡലിന്റെ  നീളൻ വസ്ത്രത്തിൽ പിടിച്ചു കളിക്കാനും ശ്രമിക്കുന്നുണ്ട്. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ഫാഷൻ ഷോയ്ക്കെത്തിയ മോഡലുകളേക്കാളും  ശ്രദ്ധകവർന്നത് ഈ പൂച്ചയായിരുന്നു. റാംപിനു നടുവിലൂടെ ഒരു കിടിലൻ ക്യാറ്റ് വോക്കും നടത്തിയാണ് ഇൗ പൂച്ച സുന്ദരി പിൻമാറിയത്.