ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ ജീവിക്കുന്ന ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. ചൈനയിലെ 'പീപ്പിള്‍ ഡെയ്‌ലി' എന്ന ഫേസ്ബുക്ക് പേജിലാണ് ചെന്നിന്റെ കഥ വന്നത്. ജനിച്ചതു മുതല്‍ ഇരുകൈകളും ഇല്ലാത്ത ചെന്‍ തന്റെ സുഖമില്ലാത്ത അമ്മയെ പരിപാലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടിയിരിക്കുന്നത്.
കാലുകൾ കൊണ്ട് അമ്മയുടെ തലമുടി കെട്ടിക്കൊടുക്കുന്ന, മരുന്നും ഭക്ഷണവും കൊടുക്കുന്ന ചെന്നിന്റെ ദൃശ്യങ്ങളും പോസ്റ്റിൽ കാണാൻ സാധിക്കും. ചെന്നിന്റെ പ്രവൃത്തി പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി എല്ലാ ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ഭൂരിഭാഗം പേരും പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.
1989 -ല്‍ ഷുജിവാന്‍ എന്ന ചൈനയിലെ ഒരു ഗ്രാമത്തിലാണ് ചെന്നിന്റെ ജനനം. ഇരു കൈകളും ഇല്ലാതെയായിരുന്നു ചെൻ ജനിച്ചത്. ശേഷം ഒമ്പത് മാസം പ്രായമായപ്പോൾ ചെന്നിന്റെ പിതാവ് പനി ബാധിച്ച് മരിക്കുകയും ചെയ്തു. പിന്നീട് തന്നെയും സഹോദരനെയും വളർത്താൻ കഷ്ടപ്പെടുന്ന അമ്മയെയാണ് ചെൻ കാണുന്നത്. പരാതിയോ, പരിഭവമോ ഒന്നും പറയാതെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെ തരണം ചെയ്ത അമ്മയെ ചെൻ എന്നും അത്ഭുതത്തോടെയായിരുന്നു നോക്കിരുന്നത്. തുടർന്ന് ചെൻ തന്റെ നാലാമത്തെ വയസ്സിൽ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കാലുകൾ കൊണ്ട് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പരിശീലിക്കാൻ തുടങ്ങി.
ആദ്യമൊക്കെ കാലുകൾ കൊണ്ട് ഒാരോ കാര്യങ്ങൾ ചെയ്യുമ്പോൾ ബാലൻസ് നഷ്ടപ്പെട്ട് പരിശ്രമമെല്ലാം വിഫലമായിരുന്നു. എന്നാലും ചെൻ അതിൽ നിന്നും പിന്തിരിയാൻ തയ്യാറായില്ല.വീണ്ടും വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ യുവാവായ ചെൻ അമ്മയെ ബുദ്ധിമുട്ടിക്കാതെ, മറ്റുള്ളവരുടെ സഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെറിയ ചെറിയ ജോലികൾ, മാർക്കറ്റിൽ പോകുക എന്നിവ ചെയ്യാനും തുടങ്ങി. ചെന്നിന്റെ കഥ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം തന്നെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.