noel-frdship

സൗഹൃദങ്ങൾക്ക് ചിലപ്പോൾ കടലോളം ആഴം കാണും. കൂട്ടുകെട്ടിന്റെ തീവ്രത വരച്ചുകാട്ടാൻ സിനിമകളിൽ ഒഴിച്ചുകൂടാനാവാതെ ചേർക്കുന്ന ആ രംഗം ജീവിതത്തിൽ നേരിട്ട് പകർത്തിയിരിക്കുകയാണ് നോയൽ എന്ന ഒന്നാംക്ലാസുകാരൻ. മുറിവേറ്റ കൈകളാൽ ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിക്കു ചോറു വാരിക്കൊടുക്കുകയാണ് ഇൗ കൂട്ടുകാരൻ. സ്വന്തം പാത്രം മാറ്റി വച്ച് സഹപാഠിയായ അഭിനന്ദിന് മതിയാവോളം ചോറുവാരി കൊടുത്തു നോയൽ. പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസി ഷാജി ഇൗ സൗഹൃദസ്നേഹം പകർത്തി സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ ചിത്രം വൈറലായി.  

 

ഏറ്റുമാനൂർ, കാട്ടാത്തി, ആർഎസ്ഡബ്ലു ഗവ.എൽപി സ്കൂളിലെ വിദ്യാർഥികളാണു നോയലും അഭിനന്ദും. ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നെങ്കിലും വലതു കയ്യിലെ മുറിവിന്റെ വേദന അസഹനീയമായതോടെ അഭിനന്ദ് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ചു. ഇതോടെ നോയൽ കുട്ടുകാരനു ചോറു വാരിക്കൊടുത്തു. അഭിനന്ദിന്റെ വയർ നിറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷമാണു തന്റെ ഭക്ഷണം നോയൽ കയ്യിലെടുത്തത്.

 

 

പുതിയ തലമുറയിൽ നിന്ന് ഇല്ലാതാവുന്ന നന്മ അവരിൽ കണ്ടതു കൊണ്ടാണ് ചിത്രമെടുത്തതെന്ന് ജെസി പറഞ്ഞു. കാട്ടാത്തി മേഖലയിലെ ഏക പൊതു സ്ഥാപനമാണ് ഈ വിദ്യാലയം. പെയിന്റിങ് തൊഴിലാളിയായ തടത്തിൽ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയൽ. ഫൊട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനന്ദ്.