നവമാധ്യമങ്ങളിൽ ‘ടെൻ ഇയർ ചലഞ്ച്' ആഘോഷമാണ്. 10 വർഷം മുൻപുള്ള ചിത്രങ്ങൾ ഇപ്പോഴത്തെ ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്യുക എന്നതാണ് ചലഞ്ച്. മാറുന്ന കാലത്തിനൊപ്പം മാറുന്ന രൂപമാറ്റം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആഘോഷിക്കുകയാണ്. 

എന്നാൽ ചിലർക്കിത് ആഘോഷമല്ല. വേദനയാണ്. അതിലൊരാളാണ് ആസിഡ് ആക്രമണം മുഖം വികൃതമാക്കിയ ലക്ഷ്മി അഗർവാൾ. 2005ലാണ് ലക്ഷ്മിയുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയെഴുതിയ ആസിഡ് ആക്രമണം നടക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനാറാം വയസ്സിലാണ് ലക്ഷ്മി ആക്രമണത്തിനിരയായത്.

ലക്ഷ്മിയുടെ 2005ലെ മുഖവും ആസിഡ് ആക്രമണം നടന്ന ശേഷമുള്ള മുഖവും ചേർത്തുവച്ചുള്ള ‘ടെൻ ഇയർ ചാലഞ്ച് ചിത്രമാണ്’ സോഷ്യൽമീഡിയയിൽ  കണ്ണീരാകുന്നത്. ലക്ഷ്മിയുടെ പഴയ രൂപവും പുതിയ രൂപവും കാഴ്ചക്കാരെ വേദനിപ്പിക്കുകയാണ്.  മറ്റൊരു രീതിയില്‍ പറഞ്ഞാൽ ലക്ഷ്മിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേർസാക്ഷ്യം കൂടിയാകുകയാണ് ഈ ചിത്രങ്ങൾ.

ആക്രമണത്തിന് ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ലക്ഷ്മി പുറംലോകത്തെ അഭിമുഖീകരിച്ച് തുടങ്ങിയത്. പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് ലക്ഷ്മി നേതൃത്വം നല്‍കി. ഇതിനിടയില്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി. ലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ഛപാക്' എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് നായിക.