മലപ്പുറം കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കൊളേജിലെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ നടൻ ഡെയ്ൻ ഡേവിസിനെ ഇറക്കിവിട്ട സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. സ്റ്റേജിൽ അതിഥിയായി എത്തിയ ഡെയ്നിനോട് ഇറങ്ങിപ്പോടാ... എന്ന് പ്രിൻസിപ്പല്‍ ആക്രോശിച്ചുവെന്ന് ഡെയ്ന്‍ തുറന്നടിച്ചു. ഇതുകേട്ട് ഇറങ്ങാൻ തുടങ്ങിയ ഡെയ്നിനോട് വിദ്യാർഥികൾ അൽപ്പനേരം നിൽക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അപേക്ഷിച്ചു. വീണ്ടും മൈക്കിന്റെ അരികിലേക്ക് എത്തിയ ഡെയ്നിനോട് ‘ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും നാണമില്ലേ നിൽക്കാൻ..’ എന്ന് പ്രിൻസിപ്പല്‍ ചോദിച്ച വിഡിയോ വൈറലായിരുന്നു. ഈ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പ്രിൻസിപ്പാൾ ടി.പി.അഹമ്മദ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിച്ചു.
കോളജിൽ വിദ്യാർഥികൾ രണ്ട് ചേരിയായി തിരിഞ്ഞ് പരിപാടി നടന്ന ദിവസം രാവിലെ മുതൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ഡെയ്ൻ ഡേവിസ് അതിഥിയായി എത്തേണ്ടിയിരുന്നത് പത്തരയ്ക്കായിരുന്നു എന്നാൽ രണ്ട് മണിക്കൂർ വൈകിയാണ് അതിഥിയെത്തിയത്. എത്തിയ സമയത്ത് കോളജിലെ അന്തരീക്ഷം മോശമായിരുന്നു. ഇതിനെക്കുറിച്ച് ഗെയ്റ്റിലെത്തിയപ്പോൾ തന്നെ ഞാൻ ഡെയ്നിനോട് പറഞ്ഞതാണ്. പരിപാടി നടത്താൻ സാധിക്കില്ല, നിങ്ങൾക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് നൽകേണ്ട തുക തന്നേക്കാം മടങ്ങിപൊയ്ക്കോളൂവെന്ന് അറിയിച്ചു. എന്നാൽ വിദ്യാർഥികൾ നിർബന്ധിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു– പ്രിൻസിപ്പല്‍ പറയുന്നു.
ഇറങ്ങിപ്പോടാ...; അപമാനിതനായ ആ നിമിഷം: രോഷത്തോടെ ഡെയ്ൻ പറയുന്നു
കോളജിൽ ഒരു അതിഥിയായി വന്നാൽ പെരുമാറേണ്ട രീതി ഇങ്ങനെയാണോ? സാധാരണ അതിഥികൾ പ്രിൻസിപ്പലിന്റെ മുറിയിലിരുന്ന് ചായസൽക്കാരം സ്വീകരിച്ചതിന് ശേഷമാണ് വേദിയിലെത്തുന്നത്. ഇവിടെ എന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയത്. വീണ്ടും പോകാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഈ വിദ്യാർഥികളുടെ പ്രിൻസിപ്പല്‍ ആയിരിക്കാം, എന്റെ അല്ല, എന്ന് മൈക്കിലൂടെ എന്റെ കുട്ടികളുടെ മുന്നിൽ വിളിച്ചു പറഞ്ഞു. കുട്ടികളുടെ മുമ്പിൽവെച്ച് ഈ രീതിയിൽ സംസാരിച്ച അതിഥിയോട് ഞാൻ അവിടെയിരിക്കാൻ പറയണോ? എനിക്ക് ഇനിയും കോളജിൽ കുട്ടികളുടെ മുമ്പിൽ നടക്കേണ്ടതാണ്. ഇങ്ങനെയൊക്കെ അവരുടെ മുന്നിൽവെച്ച് പറയുന്ന ഒരു അതിഥിയെ പ്രോത്സാഹിപ്പിക്കാൻ എനിക്കാവില്ലായിരുന്നു. ഡെയ്ൻ സോഷ്യൽമീഡിയിയൽ വന്ന് പ്രതികരിച്ചത് പോലെ പ്രതികരിക്കാൻ ഞാന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ല. നാൽപ്പത്തിയഞ്ച് വർഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ച ആളാണ് ഞാന്‍. ഡെയ്ൻ തീരെ പക്വതയില്ലാത്ത അതിഥിയായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഡ്രസ് കോഡിന്റെ വിഷയമല്ല സംഭവങ്ങള്‍ക്ക് കാരണം. കോളജിൽ ക്രമസമാധനത്തിന്റെ പ്രശ്നമുണ്ടായിരുന്നു. കുട്ടികൾ അടിപിടിയും ബഹളവുമുണ്ടാക്കി എന്തെങ്കിലും സംഭവിച്ചാൽ മനേജ്മെന്റിനോട് സമാധാനം പറയേണ്ടത് ഞാനാണ്.– പ്രിൻസിപ്പല്‍ പ്രതികരിച്ചു.
എന്നാൽ കോളജിലേക്ക് വിദ്യാർഥികളും യൂണിയനും സ്വീകരിച്ച് ആനയിച്ചതുകൊണ്ടാണ് താൻ വേദിയിലെത്തിയതെന്നും ഡെയ്ൻ ലൈവിൽ പ്രതികരിച്ചു. അധ്യാപകരായാൽ കുട്ടികൾക്കൊപ്പം ഇറങ്ങിച്ചെല്ലേണ്ടവരാണെന്നും ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഡെയ്ൻ പറഞ്ഞു.