വിയറ്റ്നാമിന്റെ പരമ്പരാഗത ജലപാവകളി വാട്ടര്‍ പപ്പറ്റ് തൃശൂര്‍ രാജ്യാന്തര നാടകോല്‍സവത്തില്‍ അവതരിപ്പിച്ചു. തോല്‍പാവക്കൂത്ത് കണ്ടുപരിചയമുള്ള മലയാളി ആസ്വാദകര്‍ക്ക് ജലപാവക്കളി വേറിട്ട കാഴ്ചയൊരുക്കി.

വിയറ്റ്നാമിലെ പാവക്കളിയ്ക്കു പത്തു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1969 മുതലാണ് പ്രഫഷനല്‍ സംഘമായി പാവക്കളി അവതരിപ്പിക്കാന്‍ തുടങ്ങിയത്. വാട്ടര്‍ പപ്പറ്റ് അവതരിപ്പിക്കാന്‍ പന്ത്രണ്ടംഗ സംഘമാണ് വിയറ്റ്നാമില്‍ നിന്ന് എത്തിയത്. അവരുടെ നാട്ടിലെ കാര്‍ഷിക സംസ്ക്കാരങ്ങളും ഗ്രാമീണ ജീവിതവുമാണ് പ്രമേയം. നദികളും, തടാകങ്ങളും, കുളങ്ങളും ചേർന്ന വിയറ്റ്നാമിന്റെ ഗ്രാമഭംഗിയും പാവക്കളിയുടെ പ്രമേയത്തില്‍ നിറഞ്ഞുനിന്നു. 

പാരമ്പര്യ സംഗീതമായിരുന്നു പശ്ചാത്തലമൊരുക്കിയത്. നാടന്‍ പാട്ടുകളും നിറഞ്ഞുനിന്നു. കൃത്രിമ തടാകമായിരുന്നു മറ്റൊരു ആകര്‍ഷണം. പ്രത്യേക രീതിയിലുള്ള വെളിച്ച സജ്ജീകരണങ്ങളും പുതിയ അനുഭവമായി. വിനോദ നാടകമെന്ന നിലയിലാണ് ആസ്വാദകര്‍ വരവേറ്റരത്. കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആകര്‍ഷിച്ചും പാവക്കളി അരങ്ങില്‍ വിസ്മയം തീര്‍ത്തു.