നാലോ അഞ്ചോ വയസുള്ള ചേച്ചി അനുജന് സൂപ്പും ചോളവും ഉണ്ടാക്കി നൽകി സ്നേഹത്തോടെ കഴിപ്പിക്കുന്ന ചേച്ചിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നിഷ്ക്കളങ്കമായ സ്നേഹപ്രകടനങ്ങളുമായി സോഷ്യൽമീഡിയയുടെ മനസു നിറയ്ക്കുകയാണ് ഇൗ കുരുന്നുകൾ.

 

അടുപ്പിൽ വച്ച വലിയ പാത്രത്തിൽ നിന്നും സൂപ്പ് തയ്യാറാക്കി കുഞ്ഞ് ബൗളിലാക്കി എടുക്കുകയാണ് ഈ ചേച്ചി, പിന്നെ തീയിൽ ചുട്ടെടുത്ത ചോളവും. ഇവ രണ്ടുമായി കുഞ്ഞനിയന്റെ അടുത്തെത്തി അവനെയൂട്ടുകയാണിവൾ.

 

കുഞ്ഞനിയനെ ചേർത്തുപിടിച്ച് സൂപ്പ് തവിയിൽ കോരി, അതിന്റെ ചൂട് മാറ്റി അനിയന് പകര്‍ന്നു കൊടുക്കുകയാണ് ഈ കുഞ്ഞേച്ചി. ചൂടു ചോളവും പൊടിതട്ടിയെടുത്ത് കഴിക്കാനായി കൊടുക്കുന്നുണ്ട്. അനിയന് കൊടുക്കുന്നതിനിടെ ചേച്ചിക്കുട്ടിയും കഴിക്കുന്നുണ്ട്. ഈ സഹോദരങ്ങളുടെ സ്നേഹത്തിനു നൂറിൽ നൂറ്റൊന്നു മാർക്കുമായി സമൂഹമാധ്യമവുമുണ്ട്.