അവളുടെ രോഗത്തിന്റെ വേദനയിൽ നിന്നും രക്ഷനേടാനായിരുന്നു ആ ടിക്ടോക് വിഡിയോകളെല്ലാം. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലിൽ സോഷ്യൽ ലോകം അവൾക്ക് സമ്മാനിച്ചത് കടുത്ത അവഗണനയും പരിഹാസങ്ങളും. ഒടുവിൽ ആ കുട്ടി തന്നെ രംഗത്തെത്തി പറഞ്ഞു. ഇനി ടിക്ടോക് വിഡിയോകൾ ചെയ്യില്ല. പക്ഷേ ഞാനൊരു വൃക്ക രോഗിയാണെന്ന് കള്ളം പറഞ്ഞതാണെന്ന് ചിലർ പറയുന്നു. ദേ ഇത് കാണൂ. ഇന്നും ഡയാലിസിസ് കഴിഞ്ഞ് വന്നതേയൂള്ളൂ. ടിക്ടോക് വിഡിയോയിലെ കണ്ണീരിനെക്കാൾ ഉള്ളുലയ്ക്കുകയാണ് അവളുടെ വാക്കുകൾ.

വൃക്കരോഗി കൂടിയായ ഒരു പെൺകുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരിൽ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവർ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്സിൽ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കണ്ണീരോടെ എത്തി. രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെ ആധിക്ഷേപങ്ങൾ നീണ്ടതോടെയാണ് ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെൺകുട്ടി പങ്കുവച്ചത്.