ഗുരുവായൂരിൽവെച്ച് വിവാഹിതരാകുന്നത് ഹിന്ദു വിശ്വാസപ്രകാരം മഹത്തരമാണ്. അതുകൊണ്ടുതന്നെ വിവാഹമാസങ്ങളിൽ ഗുരുവായൂരിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 10ന് 237 വിവാഹങ്ങളാണ് നടന്നത്. തിരക്കിൽപ്പെട്ട് പലർക്കും കൃത്യസമയത്ത് മണ്ഡപത്തിൽപ്പോലും കയറാനായില്ല. വധുവരന്മാരെയും രക്ഷിതാക്കളെയും ബന്ധുക്കൾ തള്ളിക്കയറ്റുന്ന വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

 

തിരക്കിൽപ്പെട്ട വധു അച്ഛനെ വിളിച്ച് കരയുന്നത് വിഡിയോയിൽ കാണാം. തിരക്കിൽ വസ്ത്രങ്ങളും തലമുടിയുമെല്ലാം ഉലഞ്ഞു. ഏറെ പണിപ്പെട്ടാണ് വരനെയും വധുവിനെയും മണ്ഡപത്തിൽ എത്തിച്ചത്. താലികെട്ടിനു ശേഷം വിവാഹ വേദിയിലേക്കു നിശ്ചയിച്ച സമയത്തു തിരിച്ചുപോകാൻ പലർക്കുമായില്ല. ഗുരുവായൂരപ്പനു മുന്നിൽ മുഹൂർത്തം നോക്കാറില്ലെങ്കിലും വിവാഹ വേദിയിൽ എത്തുന്നതിനു സമയമുണ്ട്. ജീവിതത്തിലെ നിർണായക മുഹൂർത്തം തിക്കിലും തിരിക്കിലുംപെടുവരുന്നവരുടെ ദുരിതം പരിഹരിക്കാൻ  ദേവസ്വം ബോര്‍ഡിനായിട്ടില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതി ദേവസ്വത്തിനു നൽകിയിട്ടുണ്ട്.