കുമ്പളങ്ങി നൈറ്റ്സിനൊപ്പം ഹിറ്റ് ആയൊരു പ്രതിഭാസമുണ്ട്. കവര് അല്ലെങ്കിൽ ആ കായലിലെ നീലവെളിച്ചം. ''കവര് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിക്ക്''; എന്ന് ബോണിയോട് ബോബി പറഞ്ഞപ്പോൾ അതു കേട്ട പ്രേക്ഷകരും ഒന്നു ചെവി കൂർപ്പിച്ചു. എന്താണീ കവരെന്ന് ചിലർ തമ്മില്‍ തമ്മിലും മറ്റു ചിലർ ആത്മഗതമായും ചോദിച്ചു. നിലാവു പൂത്ത രാത്രിയിൽ ബോണി പെണ്‍സുഹൃത്തിനെ ഒപ്പം കൂട്ടി കവരു കാണാൻ പോകുന്നതും ആ നീലവെള്ളം അവൾ ഉള്ളംകയ്യിൽ കോരിയെടുക്കുന്നതും കുമ്പളങ്ങിയിലെ മനോഹരമായ ഫ്രെയിമുകളിൽ ഒന്നാണ്.
എന്താണീ കവര്?
ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് ഇവിടെ 'കവര്' എന്ന് വിളിക്കുന്നത് . ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാലാണത്.
ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിപ്പിക്കുന്നതിനു പിന്നിലെ കാരണവും. ചെങ്കടലിന്റെ ചുവപ്പുനിറത്തിനു കാരണവും
ബയോലൂമിനസെന്‍സ് തന്നെ. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവക്കും ഈ കഴിവുണ്ട്. നമുക്കത് അത്ഭുതവും കൗതുകവുമൊക്കെയാണെങ്കിലും ഇവയ്ക്ക് അത് പ്രതിരോധമാർഗം കൂടിയാണ്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്. ചില ജീവികളില്‍ ഇവ കാണണമെങ്കില്‍ ഒരു പ്രത്യേക ഭക്ഷണമോ മറ്റേതെങ്കിലും ജീവിയോ ഉണ്ടാവണം.
കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസം കൂടുതലായും കാണപ്പെടുന്നത്. ഈ ജീവികൾ മനുഷ്യന് ഉപകാരപ്രദമാകും എന്നതു സംബന്ധിച്ച് ഗവേഷണം നടന്നുവരികയാണ്.