ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെ മകള്‍ അഖില(24) എന്ന പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ച് ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്. ഇപ്പോഴിതാ ഹാദിയ മെഡിസിൻ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. ഷെഫീൻ ജഹാൻ തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

 

ഈ മിന്നുന്ന വിജയം എന്തുകൊണ്ടും മികച്ചതാണ്. കാരണം ഈ വിജയത്തിന് പിന്നിൽ പ്രാർഥനയുടെയും മാനസികസംഘർഷങ്ങളുടെയും തടങ്കലിന്റെയും വിരഹത്തിന്റെയും പ്രണയത്തിന്റെയും ക്ഷമയുടെയും നീറ്റലുണ്ട്. എല്ലാ പ്രതിസന്ധികളുടെ തരണം ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. നിന്നെ ഏറെ അഭിമാനത്തോടെ ഞാൻ ഡോക്ടർ എന്ന് വിളിക്കുകയാണ്. അതെ ഹാദിയ ഇനി മുതൽ ഡോ.ഹാദിയ അശോകനാണ്- ഷെഫീൻ കുറിച്ചു.