ഒന്നു കണ്ണാടി നോക്കാൻ അവൾക്ക് ഇന്ന് ഭയമാണ്. വേദനയിൽ അവൾ കണ്ണീരൊഴുക്കുമ്പോൾ ചേർന്ന് നിൽക്കാൻ മാത്രമേ എല്ലാവർക്കും കഴിയൂ. അത്രത്തോളമാണ് 13 വയസുകാരി വഫ എന്ന പെൺകുട്ടിയുടെ ജീവിതം. എല്ലാ വർണങ്ങളുമുള്ള അവളുടെ ജീവിതം തകർത്തെറിഞ്ഞത് ചർമ്മാർബുദമാണ്. കൂട്ടുകാർക്കൊപ്പം കളിയും ചിരിയും പഠിത്തവുമൊക്കെയായി മുന്നോട്ട് പോയ ജീവിതത്തിലേക്കാണ് രോഗം കടന്നെത്തിയത്. സൂര്യപ്രകാശം പോലും അവൾക്ക് നരകയാതനയാണ് സമ്മാനിക്കുന്നത്. 

തൊലിപ്പുറത്തെ കറുത്ത പാടുകളിൽ നിന്നുമായിരുന്നു രോഗത്തിന്റെ തുടക്കം. അസ്വാഭാവികമായി ഒന്നു തോന്നിയില്ലെങ്കിലും ഉപ്പ അബ്ദുലും ഉമ്മ നസീറയും അവളെ ആശുപത്രിയിലെത്തിച്ചു. അപ്പോഴാണ് മകളെ ബാധിച്ചിരിക്കുന്നത് ചർമ്മാർബുദമാണെന്ന് കുടുംബം തിരിച്ചറിയുന്നത്.  വഫയുടെ സഹോദരന്റെ ജീവനെടുത്തതും ഇതേ രോഗമായിരുന്നു. ശരീരത്തിൽ നിന്നും തൊലി വലിച്ചുരിയുന്ന പോലുള്ള വേദനയാണ് അവളെ കാത്തിരുന്നത്. കളിയും ചിരിയും മാറി ആശുപത്രിയിലെ കിടക്കയിലേക്ക് അവൾ സ്വയം ഒതുങ്ങി ജീവിച്ചു. എന്നാൽ രോഗം അവളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 

ഓരോ ദിനവും തൊലി അടർന്നു പൊളിഞ്ഞു വീഴുന്ന നിലയിലേക്കും ഇൗ പെൺകുട്ടിയുടെ ജീവിതം മാറി. മിലാപ്പ് എന്ന ഫെയ്സ്ബുക്ക് പേജീലൂടെ പങ്കുവച്ചിരുന്ന അവളുടെ ജീവിതം സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. അടിയന്തരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ജീവന്റെ വിലയെന്നോണം കുഞ്ഞ് വഫയ്ക്കായി ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.