arunima-kerala-can-life

‘അലസമായി ഉറങ്ങൂ നീ അരുമയാം അരുണിമേ..’ കോളജ് കാലത്ത് ആരോ എനിക്ക് കുറിച്ച് നൽകിയ ഇൗ വരികളിൽ തുടങ്ങിയാലോ ‘എന്റെ കഥ’... ഇന്ന് രാവിലെ മരണം കൊണ്ടുപോയ അരുണിമ ദിവസങ്ങള്‍ മാത്രം മുന്‍പാണ് എന്നോട് ചോദിച്ചത്. ‘കാന്‍സര്‍ വാര്‍ഡിലെ ചിരിയെ കുറിച്ച് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രായത്തില്‍ കാന്‍സര്‍ എത്തിയാല്‍ ശരീരം മാത്രമല്ല മനസും തകരും. ആ അവസ്ഥയെ പറ്റി തുറന്നെഴുതണം എനിക്ക്. പ്രണയത്തെ പറ്റി. ജീവിതത്തിന്റെ സ്വപ്നങ്ങളെ പറ്റി. നാലു ലക്കം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ബാക്കി കൂടി എഴുതി ഇതൊരു പുസ്തകമായി പുറത്തിറക്കണം. തുറന്നെഴുത്തുകളുടെ പുതിയ ‘ആമി’ ആവണം...’ അവള്‍ പറഞ്ഞു. വേദന മാത്രമല്ല കാന്‍സര്‍ സമ്മാനിച്ച നല്ല ദിനങ്ങളെ പറ്റിയും അവള്‍ എഴുതി തുടങ്ങിയപ്പോഴാണ് വിധി ഒപ്പം കൂട്ടിയത്. അരുണിമ എന്ന പ്രിയ സുഹൃത്തിന്റെ ഒാരോ വാക്കുകളിലും അവള്‍ ഒളിപ്പിച്ച വിസ്മയങ്ങള്‍ ഏറെയായിരുന്നു.

 

arunima-poem

മനോരമ ന്യൂസിന്റെ കേരള കാന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അരുണിമയെ ആദ്യമായി കാണുന്നത്. ചിരിച്ച് കളിച്ച് സന്തോഷിച്ച് ന്യൂസ് റൂമിനെയും മ‍ഞ്ജു വാരിയരെയും ജയസൂര്യയെയും നിമിഷങ്ങള്‍ കൊണ്ട് അമ്പരപ്പിച്ച ആ പെണ്‍കുട്ടിയെ അദ്ഭുതത്തോടെയാണ് നോക്കിയിരുന്നത്. ലൈവത്തോണ്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഒരു അഭിമുഖം എടുത്തപ്പോള്‍ അവള്‍ കുറച്ച് കൂടി വാചാലയായി. ‘എനിക്ക് കുടലിലായിരുന്നു കാന്‍സര്‍. പല്ലുവേദന വന്ന് പല്ലെടുക്കാന്‍ പോയതാണ് തുടക്കം. നാലാം സ്റ്റേജിലാണെന്ന് അപ്പോഴാണ് അറിയുന്നത്. രണ്ടുമാസം മാത്രമാണ് അന്ന് ആയുസ് പറഞ്ഞിരുന്നത്. ഞാന്‍ തളര്‍ന്നില്ല. കാരണം വീട്ടുകാരും തളര്‍ന്നുപോകും. ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. രണ്ടല്ല അതിനപ്പുറം ‍ഞാന്‍ ജീവിക്കും. ദേ ഇപ്പോള്‍ എന്റെ കുടല്‍ ശരീരത്തിന് പുറത്ത് വച്ചിരിക്കുകയാണ്. ഇൗ അവസരത്തില്‍ പോലും ‍ഞാന്‍ എന്തു ഹാപ്പിയാണെന്ന് നോക്കൂ. ഇഷ്ടമുള്ളത് ചെയ്ത്.. ഇഷ്ടമുള്ളത് വായിച്ച്... ഇഷ്ടമുള്ളത് വരച്ച്... അങ്ങനെ അങ്ങനെ പോണം.. എവിടം വരെ പോകുമോ അവിടെ വരെ...’

പത്തനംതിട്ടയില്‍ നിന്ന് തനിയെ കാറോടിച്ച് ഞാന്‍ കൊച്ചി അമൃതയില്‍ വന്ന് കീമോ ചെയ്തിട്ടുണ്ട്. ഇനി ഒരു കീമോ കൂടിയുണ്ട്. അതും കൂടി കഴിഞ്ഞാല്‍ എനിക്ക് മറ്റുള്ളരുടെ അനുകമ്പയില്‍ നിന്നും രക്ഷപ്പെടാം. ഇൗ അനുകമ്പയാണ് രോഗത്തെക്കാള്‍ വലിയ കുരിശ് എന്ന് തോന്നും പലപ്പോഴും. നമുക്ക് ഇല്ലാത്ത വേദനയാണ് പലര്‍ക്കും നമ്മളെ കാണുമ്പോള്‍. ഡ്രൈവിങ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. നല്ല വേഗത്തില്‍ വണ്ടിയോടിക്കാന്‍ എനിക്ക് നല്ല ആവേശമാണ്. അമ്മയും അച്ഛനും അച്ചുവും (സഹോദരി) എപ്പോഴും വഴക്ക് പറയും. എങ്കിലും എന്റെ ഇഷ്ടങ്ങളായിരുന്നു അവര്‍ക്ക് പ്രധാനം. അതുതന്നെയാണ് ഇൗ അവസരത്തില്‍ ഒരാള്‍ കൊതിക്കുക. കൂടെ നില്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഏതു മരുന്നിനെക്കാളും ഗുണം ചെയ്യും...’

ഇങ്ങനെ ആ ദിവസം വാക്കുകളിലൂടെ അവള്‍ പകര്‍ന്ന ഉൗര്‍ജം എല്ലാവരെയും അമ്പരപ്പിച്ചു. അദ്ഭുതത്തോടെ തന്നെ നോക്കുന്ന ഒരുപാട് കണ്ണുകളെ സാക്ഷിയാക്കിയാണ് അന്ന് അവള്‍ സ്റ്റുഡിയോ വിട്ടത്. പോകാന്‍ നേരം മഞ്ജു വാരിയര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ടുവന്ന ചിത്രവും അരുണിമ മഞ്ജു ചേച്ചി എന്ന് വിളിച്ച് സമ്മാനിച്ചു. കേരള കാന്‍ പരിപാടിക്ക് എത്തിയ കാന്‍സറിനെതിരെ പോരാടിയ നന്ദുവിനോടും അവള്‍ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അടുത്തിരുന്ന ആ ചര്‍ച്ച കേട്ട എല്ലാവരുടെയും  മനസില്‍ ഒന്നുറപ്പിച്ചു. കാന്‍സര്‍ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍. അനുകമ്പയോ കണ്ണീരോ അല്ല പ്രതീക്ഷിക്കുന്നത്. ഒപ്പം നില്‍ക്കാന്‍ കുറച്ചുപേരെയാണ്. 

arunima-poem-1

ദിവസങ്ങള്‍ക്ക് ശേഷം അരുണിമ വിളിച്ചത് ഒരു നന്ദി പറയാനായിരുന്നു. ഒാണ്‍ലൈനില്‍ കൊടുത്ത ലൈവ് വിഡിയോ ഫെയ്സ്ബുക്കില്‍ രണ്ടര ലക്ഷത്തിലേറെ ആളുകള്‍ കണ്ടു. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രമിലും ഒരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ട്. ചിലയിടത്ത് ക്ലാസുകള്‍ എടുക്കാന്‍ വിളിക്കുന്നുണ്ട്. മനോരമയോട് ഒരുപാട് സ്നേഹം എന്ന് അവള്‍ പറഞ്ഞു. നാളെ ഒരുപാട് കുഞ്ഞുങ്ങളുള്ള ഒരു കേന്ദ്രത്തില്‍ ക്ലാസെടുക്കാന്‍ പോകുന്നുണ്ടെന്നും. അവിടെ ഒരു അദ്ഭുതം കാണിക്കുമെന്നും പറഞ്ഞാണ് അരുണിമ ഫോണ്‍വച്ചത്. പിറ്റേന്ന് വിളിച്ചപ്പോഴാണ് ആ അദ്ഭുതത്തെ പറ്റി പറയുന്നത്.

ക്ലാസെടുത്ത ശേഷം ജീവിതത്തെ ഏറ്റവും പോസിറ്റീവായി കാണാന്‍ കഴിയുന്ന തരത്തില്‍ അക്കൂട്ടത്തില്‍ സംസാരിച്ച ഒരു പെണ്‍കുട്ടിയെ അടുത്ത് വിളിച്ചു. ഇത് ചേച്ചി വരച്ച ചിത്രമാണ്. മോള്‍ക്ക് എന്റെ സമ്മാനമാണെന്ന് പറഞ്ഞ് നല്‍കി. അപ്പോള്‍ അവളുടെ കണ്ണില്‍ ‍ഞാന്‍ കണ്ടെടോ അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷം. പോകാന്‍ നേരം  ആ കുട്ടി എന്നോട് പറഞ്ഞു. ചേച്ചി ഇനി വരുമ്പോള്‍ ഞാന്‍ നല്ലൊരു പാട്ടുപഠിച്ച് വച്ചിരിക്കും... ഉറപ്പ്... അവളുടെ പാട്ട് കേള്‍ക്കാന്‍ പോകണമെന്ന് പറഞ്ഞാണ് അന്ന് അരുണിമ ഫോണ്‍ വച്ചത്.

ജീവിതത്തെ കുറിച്ച്, രോഗത്തെ കുറിച്ച്, സൗഹൃദത്തെ കുറിച്ച്,  രാഷ്ട്രീയത്തെ കുറിച്ച് അവള്‍ക്ക് വ്യക്തമായ കാഴ്ചപാടുകളുണ്ടായിരുന്നു. രണ്ടുമാസം മാത്രം ആയുസ് പറഞ്ഞ ജീവിതം ഇങ്ങനെ നീട്ടി തരുന്നിന് അയാള്‍ പലപ്പോഴും കവിതകളിലൂടെ നന്ദി അറിയിച്ചിരുന്നു. അത്തരം കവിതകളില്‍ ചിലത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

‘എന്റെ വഴിയിലെ വെയിലിനും നന്ദി..കവിള്‍ ചുവപ്പിച്ച സൂര്യനും നന്ദി..’ എന്ന വരികള്‍ പലപ്പോഴും ചുണ്ടിലുണ്ടാകും. ഗസലുകള്‍ മൂളുന്ന ഒരു പാട്ടുപ്പെട്ടിയും അക്വേറിയത്തില്‍ കിടക്കുന്ന രമേശും സുരേഷും എന്ന് പേരിട്ട് വിളിക്കുന്ന ഗപ്പി മീനുകളും. വീടിന്റെ ജനലില്‍ തന്നെ തേടി എന്നും വരാറുള്ള ഒരു മഞ്ഞ കുരുവിയെ കുറിച്ചും പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. രോഗവും ജീവിതവും എത്ര വേദനിപ്പിച്ചാലും തോല്‍ക്കാത്ത പ്രകൃതിയാണ് താനെന്ന് ആ പുസ്തകം പുറത്തിറങ്ങുമ്പോള്‍ എല്ലാവരും അറിയും. ജീവിതത്തെ ഇത്ര മനോഹരമായി വാക്കുകളില്‍ നിറയ്ക്കുന്ന ആ പുസ്തകത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാനും.

arunima-rajan-manju

അവസാനമായി അമൃതയില്‍ എത്തിയപ്പോഴും വിളിച്ചിരുന്നു. എടോ ബി പോസിറ്റീവ് രക്തം വേണ്ടി വരും. ഒരു വണ്‍ഡേ മാച്ചുണ്ട്. ബീ പോസിറ്റീവ് ആയോണ്ട് കുഴപ്പമില്ല ആവശ്യത്തിന് എന്നില്‍ തന്നെ കാണും. തികയാതെ വന്നാല്‍ ഒപ്പിച്ച് വച്ചേക്കണം. മറ്റന്നാളാണ് ഒാപ്പറേഷന്‍.. എനിക്ക് പേടിയൊന്നുമില്ല. കാന്‍സര്‍ എന്ന അധ്യായം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ്. ഇൗ ഒാപ്പറേഷനിലൂടെ കാന്‍സറിനോട് പോടോ എന്ന് പറഞ്ഞു വരും.. ഇന്നസെന്റ് പണ്ട് പറഞ്ഞപോലെ ഇതല്ല.. ഇതിനപ്പുറം ചാടിക്കടന്നവനാണ്.. ഇൗ.. ഇൗ.. ആമി. ജീവിതത്തിന്റെ രാജകുമാരീ... അവസാനമായി അവള്‍ പറഞ്ഞുനിര്‍ത്തി.

സൈബര്‍ ലോകത്ത് നിറയുന്ന പോസ്റ്റുകളില്‍ നിന്നും മഞ്ജു വാരിയര്‍ പങ്കുവച്ച ഒാര്‍മകളില്‍ നിന്നും ഒന്നുറപ്പാണ്. രോഗത്തിനല്ല ഒന്നിനും കീഴ്പ്പെടുത്താനാവത്ത ഒരു കരുത്തായിരുന്നു അരുണിമ. അടുത്തിടെ സൈബര്‍ ഇടത്തില്‍ അവള്‍ കുറിച്ച വാക്കുകള്‍ പോലെ. ജീവിതാസ്വാദനത്തിന്റെ പരകോടിയില്‍ ഇരിക്കുമ്പോഴാണ് ആ വിളി എത്തിയത്.. മരണവിളി. തീര്‍ന്നു എന്നു കരുതിയ ഇടത്ത് നിന്ന് വീണ്ടും പുനര്‍ജന്‍മം. കാരണം ‍ഞാന്‍ ൈദവത്തിന് അത്രമേള്‍ പ്രിയപ്പെട്ടവാളാണ്..’

ഒരു സ്വപ്നം മാത്രം ബാക്കി വച്ചാണ് അരുണിമ മടങ്ങിയത്. അവളുടെ ജീവിതവും രോഗവും പറയുന്ന ഒരു പുസ്തകം.. അത് പൂര്‍ത്തായാക്കി മോഹന്‍ലാലിനെ കൊണ്ട് പ്രകാശനം ചെയ്യിക്കണം.. എന്നിട്ട് ആ വേദിയില്‍ നിന്ന് സംസാരിക്കണം..  എഴുതി തുടങ്ങിയിട്ടും പൂര്‍ത്തിയാക്കാതെ പോയ മോഹം ഇപ്പോഴും അഷ്ടപതി എന്ന അവളുടെ സ്വപ്നവീടിന്റെ ഉള്ളില്‍ ചലനമറ്റ അവളെ നോക്കി വെമ്പല്‍ കൊള്ളുന്നു.