കണ്ണട വച്ചിരുന്നാണ് അദ്ദേഹം ധ്യാനിക്കുന്നത്... പുറത്തിറങ്ങി നിൽക്കുന്ന സിംഹങ്ങൾ, കടുവകൾ, ഹിമക്കരടികൾ... ട്രോൾ ലോകം ആശയങ്ങൾ കൊണ്ട് സമ്പന്നമാണ്. ട്രോളൻമാർക്കൊപ്പം പ്രതിപക്ഷ നേതാക്കളും പോസ്റ്റുകളുമായി സജീവമായി കഴിഞ്ഞു. കാവി പുതച്ച് ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലായതോടെ അദ്ദേഹത്തിന്റെ ക്യാമറാപ്രണയം വീണ്ടും ചർച്ചയാക്കുകയാണ് സൈബർ ലോകം. കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎൽഎ ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവച്ച് കുറിച്ചതിങ്ങനെ. ‘പ്രിയ ഭക്തകളേ, സംഘപുത്രരേ, ഇദ്ദേഹത്തിന്റെ ഈ ടൈപ്പ് വേഷം കെട്ടല് കണ്ടിട്ട് നിങ്ങൾക്ക് അൽപ്പമെങ്കിലും നാണക്കേട് തോന്നിത്തുടങ്ങുന്നുണ്ടോ? ഉണ്ടെങ്കിൽ ആശ്വാസം. ഈ നാട് രക്ഷപ്പെടാൻ ഇനിയും ചാൻസുണ്ട്. ഇല്ലെങ്കിൽ സ്വാഭാവികം. നിങ്ങളിൽ നിന്ന് അതേ പ്രതീക്ഷിക്കുന്നുള്ളൂ.’ ബൽറാം കുറിച്ചു. വേറിട്ട ആശയത്തിൽ ട്രോളുകളും നിറയുകയാണ്.
ഹിമാലയക്ഷേത്രമായ കേദാർനാഥിനു സമീപത്തെ ഗുഹയിലാണ് മണിക്കൂറുകൾ നീളുന്ന ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ ദുര്‍ഘടമായ മലമ്പാതയിലൂടെ രണ്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു അദ്ദേഹം ഗുഹയിലെത്തിയത്. നാളെ പുലർച്ചെ വരെ ഗുഹയിൽ ഇത്തരത്തിൽ ധ്യാനം തുടരുമെന്നാണ് സൂചന. കാവി തുണി ശരീരമാകെ മൂടി ഗുഹയ്ക്കുള്ളിൽ കണ്ണടച്ച് ഇരിക്കുന്ന മോദിയുടെ ചിത്രമാണു പറത്തുവന്നത്. അദ്ദേഹം കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.
കേദാർനാഥ് വികസന പദ്ധതികളുടെ പ്രവർത്തനവും മോദി വിലയിരുത്തി. ഈ സമയത്തു പരമ്പരാഗതമായ പഹാരി വസ്ത്രം ധരിച്ചാണു പ്രധാനമന്ത്രി എത്തിയത്. കേദാർനാഥിലേക്കുള്ള യാത്രയ്ക്കിടെ ഉത്തരാഖണ്ഡിന്റെ ആകാശചിത്രങ്ങൾ പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷയിലാണു കേദാർനാഥ് ക്ഷേത്രവും പരിസരവും. രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം ആറുമാസത്തെ ശൈത്യകാലത്തിനുശേഷം ഈ മാസമാണു ഭക്തർക്കായി തുറന്നുകൊടുത്തത്. നാളെ രാവിലെ ബദ്രിനാഥ് ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. അതിനുശേഷം ഉച്ചയ്ക്ക് അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും.