ആനകളുടെ തറവാട് എന്നറിയപ്പെടുന്ന മംഗലാംകുന്ന് വീട്ടിലെ കാരണവർ മംഗലാംകുന്ന് ഗണപതിയുടെ വിടവാങ്ങൾ ആനപ്രേമികൾക്ക് മാത്രമല്ല എല്ലാ മലയാളികൾക്കും നോവായി മാറിയിരിക്കുകയാണ്. ഗണപതിയുടെ സംസ്കാര ചടങ്ങനിടയിൽ  മറ്റൊരു കൊമ്പനും ഗണപതിയുടെ സഹോദരനുമായി കണക്കാക്കുന്ന മംഗലാംകുന്ന് അയ്യപ്പൻ നൽകുന്ന പ്രണാമം എല്ലാവരുടെയും കണ്ണുനിറയ്ക്കും. തുമ്പിക്കയ്യുയർത്തി കാലുകൾ മുന്നോട്ട് വളച്ച് സാഷ്ടാംഗം പ്രണമിക്കുകയാണ് അയ്യപ്പൻ. സഹോദര സ്നേഹത്തിന്റെ നീറുന്ന കാഴ്ചയായി മാറുകയാണ് ഇത്. ഇതിന്റെ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

മംഗലാംകുന്ന് ഗണപതി, അയ്യപ്പൻ, കർണൻ എന്നിവരായിരുന്നു ആനത്തറവാട്ടിലെ ത്രിമൂർത്തികള്‍. ഗണപതിക്ക് പിന്നാലെ തറവാട്ടിലെത്തിയതാണ് അയ്യപ്പന്‍. പൂരങ്ങൾക്കും ഉൽസവങ്ങൾക്കുമെല്ലാം ഒരുമിച്ച് യാത്ര ചെയ്തവര്‍. സിനിമയിലുംഇവർ ഒരുമിച്ചു. ജയറാമിന്റെ ആനച്ചന്തത്തിൽ ഗണപതിക്കൊപ്പം അയ്യപ്പനും അഭിനയിച്ചിരുന്നു. ഇന്നലെ  വൈകിട്ട‌ോടെയാണ്  75 വയസുകാരനായ ഗണപതി ചരിഞ്ഞത്. അനത്തറവാട്ടിലെ ഏറ്റവും മുതിർന്ന ആനയായിരുന്നു ഗണപതി. നമ്പൂതിരി ആന എന്ന് പ്രേമികൾ വിളിക്കുന്ന ഗണപതിക്ക് കേരളത്തിൽ ആരാധകരേറെയാണ്. 

കോന്നി ആനക്കൂട്ടിൽനിന്ന് ഏഴാംവയസിൽ കൊല്ലത്തെ അന്നപൂർണേശ്വരി ഹോട്ടലുകാരാണ് ഗണപതിയെ സ്വന്തമാക്കുന്നത്. പിന്നീട് പോബ്‌സൺ വ്യവസായ ഗ്രൂപ്പ‌് ഇവനെ സ്വന്തമാക്കി. ഇവരിൽനിന്ന് സിനിമാനടൻ ബാബു നമ്പൂതിരി വാങ്ങിയ ഗണപതിയെ പിന്നീട് മംഗലാംകുന്നുകാർ വാങ്ങുകയായിരുന്നു.നടൻ ജയറാമിന്റെ പ്രിയപ്പെട്ട ആനയായിരുന്നു ഗണപതി.