ഇന്നത്തെ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാതാപിതാക്കൾ നൽകുന്ന അമിതസമ്മർദം. പഠനത്തിൽ മിടുക്കനാകാനും എല്ലാവരെക്കാളും ഒന്നാമനാകാനും നിരന്തരം കുട്ടികളെ സമ്മര്‍ദത്തിലാഴ്ത്തുകയാണ്. എന്നാൽ കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടാൽ അവർ തന്നെ അനുയോജ്യമായ വഴി കണ്ടെത്തുമെന്ന് സ്വന്തം ജീവിതം ഉദാഹരണമാക്കി പറയുകയാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിങ് ഐപിഎസ്. ഒരു ചാനൽ പരിപാടിയിലാണ് അദ്ദേഹം സ്വന്തം ജീവിതം തുറന്നുപറഞ്ഞത്. ഋഷിരാജ് സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ:

 

എന്റെ മകന് പഠിക്കാൻ തീരെ താൽപര്യമില്ലായിരുന്നു. 52–60 അതിനപ്പുറത്തേക്ക് വിജയശതമാനം കടക്കില്ലായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, ഇത് എന്താണ് ഇങ്ങനെയെന്ന്. ‘എനിക്ക് ഇത്രയേ പഠിക്കാന്‍ പറ്റുകയുള്ളൂ’ എന്നായിരുന്നു അപ്പോള്‍ അവന്റെ മറുപടി. അതിന് ശേഷം കുട്ടിയോട് ഒന്നും ചോദിച്ചില്ല. നമ്മള്‍ എന്തിനാണ് ശല്യം ചെയ്യുന്നത്.

 

പ്ലസ് ടുവിന് കേവലം 62 ശതമാനം മാർക്ക് മാത്രമാണ് വാങ്ങിയത്. ഇത്രയും കുറഞ്ഞ മാർക്ക് കൊണ്ട് പ്രയോജനമില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ അവനോട് ഇനി എന്താണെന്ന് ചോദിച്ചു. എന്നെ ഒരു അനിമേഷൻ ഡിപ്ലോമ കോഴ്സിന് ചേർത്താൽ മതിയെന്നും അത് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും അവൻ പറഞ്ഞു. അവന്റെ ആഗ്രഹപ്രകാരം വിദ്യാഭ്യാസ ലോൺ എടുത്ത് ഇഷ്ടപ്പെട്ട കോഴ്സിന് ചേർത്തു. 

 

പഠനം കഴിഞ്ഞ് അവൻ മുംബൈയിലുള്ള ഒരു ചെറിയ സ്റ്റുഡിയോയിൽ ജോലിക്ക് കയറി. പിന്നീട് അവിടെ നിന്ന് വലിയ സ്റ്റുഡിയോയിലേക്ക് മാറി. അയാള്‍ എന്താണ് ചെയ്യുന്നതെന്നുപോലും എനിക്ക് അറിയില്ല. അതിന് ശേഷം ബംഗ്ലൂരിലുള്ള സ്റ്റീഫൻ സ്പിൽബെർഗ് അക്കാദമയിൽ പരീക്ഷ എഴുതി വിജയിച്ച് കയറി. അവിടെ പഠിക്കുമ്പോൾ അവന്റെ മിടുക്ക് കണ്ട് ഇന്റസ്റ്റിറ്റ്യൂട്ടുകാർ ലണ്ടനിലേക്ക് അയച്ചു.  ലണ്ടനിൽ നിന്ന് അവൻ തനിയെ പരീക്ഷ എഴുതി ചൈനയിലേക്ക് പോയി. ഇപ്പോൾ ചൈനയിലെ ഒരു വലിയ ആനിമേഷൻ സ്റ്റുഡിയോയിൽ ആർട്ടിസ്റ്റാണ്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് മകനുള്ളത്. 

 

അവൻ എന്റെ പോലെ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് ആവശ്യമില്ലാതെ സമർദ്ദം ചെലുത്തിയിരുന്നെങ്കിൽ ചിലപ്പോൾ അവൻ ആത്മഹത്യ ചെയ്യുകയോ വീട് വിട്ട് ഇറങ്ങിപ്പോകുകയോ ചെയ്തേനേ. നമ്മുടെ മക്കൾ നമ്മുടെ അടുത്തുണ്ടല്ലോ എന്ന് ആശ്വസിക്കാം. അവരുടെ കഴിവിന് അനുസരിച്ച് അവർ എന്തെങ്കിലും ആയിക്കോളും. എന്റെ അച്ഛൻ പൊലീസ് ഓഫിസറായിരുന്നു. അദ്ദേഹം ഒരിക്കൽപ്പോലും എന്നോട് പഠിക്കുന്നുണ്ടോയെന്നോ എന്ത് ആകണമെന്നോ ചോദിച്ചിട്ടില്ല– ഋഷിരാജ് സിങ് പറഞ്ഞു.