വയനാടിന്റെ ചുരം കയറിയ ഒരു കൊട്ടാരത്തിന്റെ കാഴ്ചകളും വിശേഷങ്ങളും കേരളത്തിലെമ്പാടും സജീവ ചര്‍ച്ചയാണ്. വീട് എന്ന പേരിട്ട് ഇൗ വലിപ്പത്തെ ചെറുതാക്കി കളയരുതെന്നാണ് കണ്ടവരുടെ അഭ്യര്‍ഥന. അത്രത്തോളം വിശേഷങ്ങളുണ്ട് ഇൗ അറയ്ക്കല്‍ പാലസിന്. ഇൗ വലിയ വീടിന് ഏറ്റവും അനുയോജ്യമായ പേര് തന്നെയെന്ന് അറയ്ക്കല്‍ പാലസിന്റെ ചിത്രങ്ങളും മറ്റു വിശേഷങ്ങളും അടുത്തറിയുമ്പോള്‍ ആരും സമ്മതിച്ചുപോകും. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ അറയ്ക്കല്‍ പാലസിന് നല്‍കി കഴിഞ്ഞു. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഒാഫ് ആര്‍ട്ടിടെക് എന്ന സ്ഥാപനവും ജാബര്‍ ബിന്‍ അഹമ്മദ് എന്ന വ്യക്തിയുമാണ് അറയ്ക്കല്‍ പാലസിന്റെ രൂപകല്പനയ്ക്ക് പിന്നില്‍. മൂന്നുവര്‍ഷം കൊണ്ടാണ് ഇവര്‍ പണി പൂര്‍ത്തിയാക്കിയത്.
വ്യവസായിയായ അറയ്ക്കല്‍ ജോയിയുടെ വലിയ സ്വപ്നമാണ് ഇങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നത്. വയനാട് മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഇൗ വലിയ വീടിന്റെ രൂപകൽപന. പുറമേ നിന്നുള്ള കാഴ്ചകളില്‍ നിന്നു തന്നെ ഇൗ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കല്‍ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്.
26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാം ഒത്തുകൂടാനുള്ള ഇടങ്ങളെല്ലാം വേണ്ടുവോളം ഒരുക്കിയിട്ടുണ്ട് ഇൗ അകത്തളത്തില്‍.
താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയില്‍ അഞ്ചും കിടപ്പുമുറികളാണ് ഇൗ വീട്ടിലുള്ളത്. വീട് എന്ന വാക്കില്‍ അറയ്ക്കല്‍ പാലസിനെ ഒതുക്കാനാവാത്തതും അതുകൊണ്ട് കൂടിയാണ്. വീടെന്ന ഭാവനയ്ക്ക് പുതിയ തലം സമ്മാനിക്കുകയാണ് വയനാടിന്റെ മണ്ണില്‍ ഇൗ അദ്ഭുതകൊട്ടാരം.