face-app-security

ചെറുപ്പമാകാനല്ല, പ്രായമാകാനുള്ള ഓട്ടത്തിലാണ് നെറ്റിസണ്‍സില്‍ ഭൂരിഭാഗവും. ഫെയ്സ്ബുക്ക് വാളുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞുനില്‍ക്കുന്നത് നര ബാധിച്ച, ചുളിവുകള്‍ വീണ വാര്‍ധക്യ ചിത്രങ്ങളാണ്. കേവലം നേരം പോക്കിനും കൗതുകത്തിനുമപ്പുറം എന്താണ് ഫെയ്സ് ആപ്പ്? ഇത് ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വകാര്യ ചോര്‍ത്തുമോ? സുരക്ഷിതമാണോ? അല്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഫെയ്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ രണ്ട് വട്ടം ആലോചിക്കുന്നത് നല്ലതാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‌‌‌‌‌

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഏറ്റവും പുതിയ വേർഷനാണ് ഫെയ്സ് ആപ്പ്.  2017 ജനുവരിയിലാണ് ആദ്യമായി ഫേസ് ആപ്പ് എന്ന സംഭവത്തെക്കുറിച്ച് ആളുകള്‍ കേട്ടുതുടങ്ങുന്നത്. ആദ്യം അവതരിച്ചത് ഐഒഎസില്‍ ആണെങ്കിലും നെറ്റസണ്‍സിനിടയില്‍ ഇപ്പോളാണ് ഫെയ്സ് ആപ്പ് ഏറ്റവുമധികം പ്രചാരം നേടിയത്. 

ഫോൺ ഗാലറിയിലുള്ള എല്ലാ ഫോട്ടോകളും പരിശോധിച്ചാണ് നിങ്ങളുടെ വാര്‍ധക്യകാലചിത്രം ഫെയ്സ് ആപ്പ് ലഭ്യമാക്കുന്നത്. നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ പല വിവരങ്ങളും ആപ്പിന് കൈമാറുകയാണ്. ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ നിങ്ങൾ നൽകുന്നത് നിങ്ങളുടെ ഒരു ഫോട്ടോ മാത്രമല്ല, നിങ്ങളുടെ ഫോണിലുള്ള ഏതൊരു ഫോട്ടോയും അഡാപ്റ്റ് ചെയ്യാനും മോഡിഫൈ ചെയ്യാനുമുള്ള അനുമതി കൂടിയാണ്. നമ്മുടെ പേരും യൂസർ നെയിമും ഉപയോഗിക്കാൻ ഫെയ്സ് ആപ്പിന് അനുവാദം നൽകുന്നുണ്ട്.

മിക്ക ആപ്പുകളിലും പ്രൊസസിങ്ങ് നടക്കുന്നത് ഡിവൈസിലാണ്. എന്നാല്‍ ഫെയ്സ് ആപ്പില്‍ പ്രൊസസിംഗിനു വേണ്ടി ചിത്രം അപ് ലോഡ് ചെയ്യുന്നത് ക്ലൗഡിലേക്കാണ്.  ആപ്ലിക്കേഷൻ നമ്മൾ നമ്മുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും നമ്മൾ അപ് ലോഡ് ചെയ്ത ഫോട്ടോ ആപ്പിൽ തന്നെയുണ്ടാകും.ഫെയ്സ് ആപ്പ് ഉപയോഗിക്കുന്നവരില്‍ മിക്കവരും ഈ സുരക്ഷാകാരണത്തെ കുറിച്ച് ചിന്തിക്കുന്നതേയില്ല. നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് മാത്രമല്ല നിങ്ങളെ പിന്തുടരുന്ന ഏതൊരാൾക്കും ഡിജിറ്റൽ ലോകത്ത് കൃത്യമായി നൽകാൻ കഴിയുമെന്ന് ചുരുക്കം.