‘മഴ പെയ്താൽ സ്കൂൾ പിള്ളേർക്ക് മാത്രം അവധി നൽകുന്ന കലക്ടർ വീരൻ, പ്രഫഷനൽ കോളജുകൾക്കും അവധി നൽകുന്നവൻ ദൈവം ’. സോഷ്യൽ മിഡിയയിൽ ഇന്നലെ ഹിറ്റായ ഡയലോഗാണിത്. മഴക്കാലമെത്തിയാൽ വിദ്യാർഥികൾക്ക് പ്രത്യേക സ്നേഹമാണ് കലക്ടറോട്. അതുവരെ അടക്കിവച്ചിരിക്കുന്ന കലക്ടർ ബ്രോ, സഹോ തുടങ്ങി സ്നേഹപ്രയോഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തിത്തുടങ്ങും. ഒരൊറ്റ കണ്ടീഷൻ മാത്രം – അവധി നൽകണം.അവധി നൽകിയാൽ അധ്യയന ദിനങ്ങൾ തികയില്ലെന്ന് അധികൃതരുടെ പരാതി. അവധി നൽകിയില്ലെങ്കിൽ കനത്ത മഴയിൽ കുട്ടികൾ കഷ്ടപ്പെടുമെന്നത് മറ്റൊരു കാര്യം.

 

ഇതിനിടയിൽപ്പെട്ട് കൺഫ്യൂഷനടിച്ചിരിക്കുന്ന കലക്ടറുടെ വിഷമം മനസ്സിലാക്കണം– പറയുന്നത് മറ്റാരുമല്ല സാക്ഷാൽ കലക്ടർ തന്നെയാണ്. ഇത്തവണ മഴ കനത്തപ്പോൾ സ്കൂളിനു അവധി കൊടുക്കുമോ എന്ന് ചോദിച്ച് കലക്ടർ എച്ച്. ദിനേശനു വന്നത് നൂറിലധികം ഫോൺ കോളുകൾ. അഞ്ചാം ക്ലാസുകാരൻ മുതൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ വരെ വിളിച്ചവരുടെ കൂട്ടത്തിൽപെടും. മഴയുടെയും ഉരുൾപൊട്ടൽ പോലുള്ളവയുടെയും മുന്നറിയിപ്പുകൾ കിട്ടുന്നതനുസരിച്ചാണ് അവധി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

 

ഇത്തവണ ആദ്യമേ തന്നെ അവധികൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു– കലക്ടർ പറഞ്ഞു. അവധി സംബന്ധിച്ച അറിയിപ്പുകൾ കൃത്യമായി മാധ്യമങ്ങളിലൂടെയും കലക്ടറുടെ ഫേസ്ബുക്ക് പേജിലും അറിയിക്കുമെന്ന ഉറപ്പും കലക്ടർ തരുന്നു. അവധിയുണ്ട് എന്ന രീതിയിൽ വ്യാജ അറിയിപ്പുകൾ പറന്നു നടക്കുന്നുണ്ട്. ഇവ ശ്രദ്ധിക്കണ്ട. മഴ കൂടുകയാണെങ്കിൽ രാത്രി വൈകുന്നതിനു മുൻപു തന്നെ അറിയിപ്പ് തരും. 

 

അവധിക്ക് പിന്നിൽ കലക്ടർ മാത്രം അല്ല 

 

കലക്ടർ മാത്രം വിചാരിച്ചാൽ അവധി കൊടുക്കാൻ പറ്റുമോ? കനത്ത മഴ കാരണം അവധി നൽകുന്നു എന്ന കലക്ടർ പ്രഖ്യാപനം ആണു വിദ്യാർഥികളും രക്ഷിതാക്കളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ കലക്ടർ ഒറ്റയ്ക്ക് അല്ല തീരുമാനം എടുക്കുക. 

 

ഭൂരിഭാഗം സ്ഥലത്തും വെള്ളം കയറുക, വെള്ളപ്പൊക്കം മൂലം വാഹന ഗതാഗതം നിലയ്ക്കുക , അപകട സാധ്യത ഉണ്ടാകുക, കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് എന്നിവ കണക്കിലെടുത്താണ് കലക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. വില്ലേജ് ഓഫിസർമാർ അതതു മേഖല സന്ദർശിച്ചു രേഖാമൂലം തഹസിൽദാർമാർക്കു റിപ്പോർട്ട് സമർപ്പിക്കും.

 

തഹസിൽദാർമാർ സ്ഥല സന്ദർശനം നടത്തി സ്ഥിതി ബോധ്യപ്പെട്ട ശേഷം ഈ റിപ്പോർട്ടും ശുപാർശയും എഡിഎമ്മിനും കലക്ടർക്കും കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും അവധി പ്രഖ്യാപിക്കുന്ന നടപടി. സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുകയാണെങ്കിലും അവധി നൽകും.