mumbai-lady

പ്രചോദനാത്മകമായ ഒരുപാട് ജീവിതകഥകൾ പങ്കുവെക്കുന്ന പേജാണ് ഹ്യൂമൻസ് ഓഫ് ബോംബെ. 16-ാം വയസിൽ ഭർത്താവ് വേശ്യാലയത്തിൽ വിറ്റ ഒരു യുവതിയുടെ കഥയാണ് ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അവരുടെ കഥ ഇങ്ങനെ;

 

16-ാമത്തെ വയസിൽ മുംബൈയിൽ വീട്ടുജോലിക്ക് വന്നപ്പോഴാണ് ഞാൻ എന്റെ ഭർത്താവിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായതോടെ ഞങ്ങൾ വിവാഹിതരാകാനും തീരുമാനിച്ചു. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾക്ക് മകനും ജനിച്ചു. ജീവിതം മനോഹരമായി പോകുമ്പോഴാണ് ഭർത്താവ് എന്നെ ചുവന്ന തെരുവിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ആ മുറിയിൽ എന്നോട് കാത്തിരിക്കാൻ പറഞ്ഞു. മകനോടൊപ്പം ഏറെ നേരം കാത്തിരിന്നിട്ടും അദ്ദേഹം വന്നില്ല. മുറിയുടെ പുറത്തേക്ക് ഇറങ്ങാൻ നോക്കിയ എന്നെ തടിയനായ ഒരാൾ തടഞ്ഞു. ഭർത്താവ് എന്നെ 40,000 രൂപയ്ക്ക് വിറ്റ വിവരം ഞെട്ടലോടെ ഞാൻ അറിഞ്ഞു. ആ പണം തിരികെ കൊടുക്കാതെ അവിടെ നിന്നും പോകാനാകില്ലെന്ന് പറഞ്ഞു. ഏകദേശം എട്ട് ദിവസത്തോളം കൈക്കുഞ്ഞിനെയും കൊണ്ട് ഞാൻ ആ മുറിയിൽ ഭയന്ന് കരഞ്ഞുകൊണ്ടിരുന്നു. ഒമ്പതാമത്തെ ദിവസം പക്ഷെ എനിക്ക് എന്റെ ആദ്യത്തെ ഉപഭോക്താവിനെ സ്വീകരിക്കാതിരിക്കാനായില്ല. പണം ഉണ്ടാക്കി എനിക്ക് എങ്ങനെയെങ്കിലും രക്ഷപെടണമായിരുന്നു.ഏഴ് മാസത്തോളം ഇത് തുടർന്നു. എന്നാൽ 25,000 രൂപ മാത്രമാണ് എനിക്ക് സമ്പാദിക്കാനായത്. 

 

ഒരു ദിവസം എന്റെ ഭർത്താവ് മുറിയിലെത്തി. തിരികെ കൊണ്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ അദ്ദേഹം ഞാൻ സമ്പാദിച്ച തുകയെല്ലാം മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞു. ജീവിതം വീണ്ടും ലൈംഗികതൊഴിലാളിയുടേതായി തുടർന്നുകൊണ്ടിരുന്നു. ജീവിതം മാറ്റമില്ലാതെ പോകുമ്പോഴാണ് ഒരു പുതിയ ഉപഭോക്താവ് എന്റെയടുത്ത് വരുന്നത്. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. എന്നെ ഇവിടുന്ന് രക്ഷപെടുത്താമെന്നും വിവാഹം കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകളിൽ ഞാൻ വിശ്വസിച്ചു. ഞങ്ങളുടെ ബന്ധം തുടർന്നു.ആ ബന്ധത്തിൽ രണ്ട് മക്കളും ജനിച്ചു. എന്നാൽ പിന്നീടാണ് അദ്ദേഹം വിവാഹിതനാണെന്ന വിവരം ഞാൻ അറിയുന്നത്.

 

പിന്നെയും ജീവിതം ഇരുട്ടിലായി. ആകെയുള്ള സമ്പാദ്യം മൂന്ന് കുഞ്ഞുങ്ങൾ മാത്രമായിരുന്നു. എങ്ങനെയെങ്കിലും അവരെ സുരക്ഷിതമായ കൈകളിൽ എത്തിക്കണമെന്ന് ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും സുരക്ഷിതമായി പാർപ്പിക്കാനുമായി ഞാൻ ബോർഡിങ്ങുകളും സ്കൂളുകളും കയറി ഇറങ്ങി. എന്നാൽ ആരും ഒരു ലൈംഗിക തൊഴിലാളിയുടെ മക്കളെ പഠിപ്പിക്കാൻ തയാറായില്ല.

 

അവസാനം ഞാനൊരു എൻജിഒയെ സമീപിച്ചു. അവർ എന്നെ സഹായിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിച്ച് തന്നു. അന്ന് ഞാൻ തീരുമാനമെടുത്തു ഇനി ലൈംഗിക തൊഴിൽ ചെയ്യില്ലെന്ന്. എങ്ങനെ ജീവിതം തുടങ്ങണമെന്ന് അറിയില്ലായിരുന്നു. ഓടയിലെ വെള്ളം കുടിച്ചും, ക്ഷേത്രങ്ങളുടെ മുന്നിൽ ഭിക്ഷ യാജിച്ചും ഞാൻ കഴിഞ്ഞു. ആ ജീവിതത്തിൽ നിന്നും എന്നെ കൈപിടിച്ച് ഉയർത്തിയതും ആ എൻജിഒ ആയിരുന്നു. അവരെനിക്ക് ജോലി തന്നു. ലൈംഗിക തൊഴിലാളികളുടെ ഇടയിൽ ശുചിത്വത്തെക്കുറിച്ചും സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ചുമൊക്കെ ക്ലാസുകൾ എടുക്കാനും അവബോധം സൃഷ്ടിക്കാനും എനിക്കായി. 15 വർഷമായി ഞാൻ ഇതിന്റെ ഭാഗമാണ്. എന്റെ കുട്ടികൾ നല്ല വിദ്യാഭ്യാസം നേടി, വിവാഹിതരായി സുഖമായി കഴിയുന്നു. എനിക്കും ഇപ്പോൾ മനസമാധാനമായി കഴിയാൻ സാധിക്കുന്നുണ്ട്. എന്റെ ജോലിയിൽ നിന്ന് കിട്ടിയ വരുമാനം മിച്ചംപിടിച്ച് ഒരു കുഞ്ഞുവീട് സ്വന്തമാക്കാൻ എനിക്ക് സാധിച്ചു. ജീവിതത്തിന്റെ കറുത്ത ദിനങ്ങൾ അവസാനിച്ചു. ജീവിതത്തിന് മുന്നിൽ സധൈര്യം എഴുന്നേറ്റ് നിൽക്കാൻ എനിക്ക് സാധിച്ചു. ഇന്നിപ്പോൾ എന്റെ മേൽ അധികാരം സ്ഥാപിക്കാൻ ആരുമില്ല. എല്ലാ അർഥത്തിലും ഞാൻ സ്വതന്ത്രയായിരിക്കുന്നു.