കാസർഗോഡ് ബേഡഡുക്കകാർക്ക് ആശ്വാസവും വിസ്മയവുമായി ആയംകടവ് പാലം എത്തി. പെരിയ- ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകയാണ് ആയംകടവിൽ നിർമിച്ച പാലം സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നെന്ന സവിശേഷതയുമായാണു ഗതാഗതത്തിനായി തുറക്കുന്നത്. 

ഉയരം തന്നെയാണു പാലത്തിന്റെ സവിശേഷത. ജലനിരപ്പിൽ നിന്നു 25 മീറ്ററാണു തൂണുകളുടെ ഉയരം. തെങ്ങിനേക്കാൾ ഉയരത്തിലാണു ആയംകടവ് പാലം. ഈ ഉയരത്തിൽ രണ്ടു മലനിരകളെ ബന്ധിപ്പിക്കുന്നുവെന്നതാണു പാലമൊരുക്കുന്ന കൗതുകം. അതിനാൽ ഉദ്ഘാടനത്തിനു മുൻപേ സഞ്ചാരികൾ  കൗതുകക്കാഴ്ച കാണാൻ ആയംകടവിലേക്കൊഴുകിത്തുടങ്ങി. കലക്ടർ ഡി.സജിത് ബാബുവിന്റെ നിർദേശപ്രകാരം പാലത്തിന്റെ അടിഭാഗത്തായി ഡിടിപിസിയുടെ സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുതകുന്ന  ടൂറിസ്റ്റ് സെന്ററിന്റെ നിർമാണവും പുരോഗമിക്കുകയാണ്.

നിർമാണത്തിനിടെ പലപ്പോഴും ഉയരക്കൂടുതൽ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ച് പെരിയ ആയംകടവ് പാലം യാഥാർഥ്യമായി. കാസർകോട് ജില്ലയിലെ പുല്ലൂർ പെരിയ- ബേഡഡുക്ക  പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവിൽ നിർമിച്ച പാലം സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നെന്ന സവിശേഷതയുമായാണു ഗതാഗതത്തിനായി തുറക്കുന്നത്. 

പാലത്തിന്റെ ഉയരക്കൂടുതൽ കാരണം നിർമാണജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ വരെ ഭയന്നു പിന്മാറുന്ന സാഹചര്യമുണ്ടായി. ഓരോ തൊഴിലാളിയെയും കരാറുകാരനു പ്രത്യേകമായി അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കേണ്ട സ്ഥിതിയുണ്ടായി. ഓരോ തൊഴിലാളിക്കും നൂതന സുരക്ഷാ ഉപകരണങ്ങളും ഉറപ്പു വരുത്തി. നിർമാണ സാമഗ്രികൾ പാലത്തിനു മുകളിലെത്തിക്കുന്നതിനും ഏറെ വെല്ലുവിളി നേരിട്ടു. ഇതിനായി കോടികൾ വിലമതിക്കുന്ന ക്രെയിനുകൾ കരാറുകാരനു പ്രത്യേകം വാങ്ങേണ്ടി വന്നു. രണ്ടു വർഷം തുടർച്ചയായി ദിനംപ്രതി ശരാശരി 40 തൊഴിലാളികൾ ജോലി ചെയ്താണു പാലം പൂർത്തിയാക്കിയത്.

 180 മീറ്റർ നീളമുള്ള പാലത്തിന് 30 മീറ്റർ വീതമുള്ള 4 സ്പാനുകളും 10 മീറ്റർ വീതം നീളത്തിൽ ക്രോസ് ബീമുകളില്ലാത്ത 6 സ്പാനുകളുമുണ്ട്.  പ്രി സ്ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണു നിർമാണം. 120 മീറ്റർ നീളത്തിൽ ജോയിന്റുകളില്ലെന്ന പ്രത്യേകതയും പാലത്തിനുണ്ട്. 10 മീറ്റർ വീതിയുള്ള പാലത്തിൽ 2.5 മീറ്ററാണു നടപ്പാത. കൊച്ചി സ്വദേശിയായ ഡോ.അരവിന്ദാണു പാലം രൂപകൽപന ചെയ്തത്.