ചാപിള്ളയെന്നു സാക്ഷ്യപ്പെടുത്തി ഡോക്ടർമാർ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിഞ്ഞതാണ് അവളെ. കുഞ്ഞു ശരീരത്തിൽ ജീവന്റെ തുടിപ്പുകളുണ്ടെന്നു കണ്ട് അവളെ വീണ്ടെടുത്തത് ഒരു ബന്ധു.

 

29 വർഷത്തിനു ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരം അമിതാഭ് ബച്ചനൊപ്പം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ അവൾ നിൽക്കുകയാണ് – നൂപുർ സിങ്.

 

ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി (കെബിസി) എന്ന ക്വിസ് ഷോയിൽ 12.5 ലക്ഷം രൂപ സമ്മാനം നേടിയപ്പോഴാണ് നൂപുർ, കേൾക്കുമ്പോൾ ഹൃദയം നിലച്ചു പോകുന്നത്ര തീവ്രമായ തന്റെ ‘മരണ–ജനന’ കഥ പങ്കിട്ടത്.

 

ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലുള്ള കർഷകനായ രാംകുമാർ സിങ്ങിന്റെ ഭാര്യ കൽപന കാൻപുരിലെ ആശുപത്രിയിലാണ് പ്രസവിച്ചത്. കുഞ്ഞിനു ജീവനില്ല എന്നു പറഞ്ഞ് ഡോക്ടർ ഉപേക്ഷിച്ചു. ജീവനക്കാർ കുഞ്ഞിനെ മാലിന്യങ്ങളുടെ കൂടെ ഉപേക്ഷിച്ചു. പിന്നാലേ പോയി നോക്കിയ അമ്മായിയാണ് കുഞ്ഞിനു ജീവനുണ്ടെന്നു കണ്ടു തിരിച്ചെടുത്തു കൊണ്ടു വന്നത്.

 

ജനിച്ചയുടൻ വേണ്ട പരിചരണം കിട്ടാത്ത കുഞ്ഞ് പിന്നീട് ശാരീരികപ്രശ്നങ്ങളോടെയാണു വളർന്നത്. അംഗപരിമിതയാണ് നൂപുർ ഇപ്പോൾ. എന്നാൽ, പഠിക്കാൻ മിടുക്കി. ബിഎഡ് പൂർത്തിയാക്കി. ട്യൂഷൻ ടീച്ചറാണ് ഇപ്പോൾ. കെബിസിയിൽ 12 ചോദ്യങ്ങൾക്കു ശരിയുത്തരം പറഞ്ഞാണ് 12.5 ലക്ഷം രൂപ സമ്മാനം നേടിയത്.