ഇടവേളയ്ക്കു ശേഷം എത്തിയ കനത്ത മഴയിൽ ആലിപ്പഴത്തിന്റെ ചാകര. ഇന്നലെ വൈകിട്ട് കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം ഭാഗങ്ങളിലാണ് കനത്ത മഴയുടെ ഒപ്പം ആലിപ്പഴം വീണത്. ശക്തമായ കാറ്റിന്റെ അകമ്പടിയോടെ എത്തിയ മഴയുടെ തുടക്കത്തിൽ അപ്രതീക്ഷിതമായി ആലിപ്പഴം വീഴുകയായിരുന്നു. ഓട്, ഷീറ്റ് എന്നിവ മേഞ്ഞ വീടുകളുടെ മേൽക്കൂരയിൽ വലിയ ശബ്ദത്തോടെ ആലിപ്പഴം വീഴുകയായിരുന്നു.
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ പള്ളിയുടെ മുറ്റം, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, എംസി റോഡ് എന്നിവിടങ്ങളിലൊക്കെ ആലിപ്പഴം നിറഞ്ഞു. ചെറിയ ഐസ് കഷണം മുതൽ വലിയ ആലിപ്പഴം വരെ ഭൂമിയിലേക്കു പെയ്തിറങ്ങി. വർഷങ്ങൾക്കു ശേഷമാണ് കുറവിലങ്ങാട് മേഖലയിൽ ആലിപ്പഴം വീഴുന്നതെന്നു കാരണവന്മാർ പറയുന്നു. അപ്രതീക്ഷിതമായി ആലിപ്പഴം വീണതോടെ നാടിനു ആവേശം ഇരട്ടിച്ചു. കനത്ത കാറ്റും ഇടിമിന്നലും അവഗണിച്ചു പലരും പുറത്തിറങ്ങി ആലിപ്പഴം ശേഖരിച്ചു.