murajapam-special

ശ്രീപത്മനാഭസ്വാമിക്ഷേത്രം വേദമന്ത്രങ്ങളില്‍ മുങ്ങാനൊരുങ്ങുകയാണ്. ആറുവര്‍ഷം കൂടുമ്പോഴൊരിക്കല്‍ മുറതെറ്റാതെ വരുന്ന മുറജപം ഇതാ വീണ്ടും. നവംബര്‍ 21 ന് തുടങ്ങുന്ന മുറജപം മകരസംക്രമ ദിനമായ ജനുവരി 15 ന് ലക്ഷദീപത്തോടെ സമാപിക്കും. വേദമന്ത്ര മുഖരിതമായ അന്‍പത്തിയഞ്ചുദിവസമാണ് അനന്തപുരിയെ കാത്തിരിക്കുന്നത്. ചരിത്രവും ഐതീഹ്യവും വിശ്വാസവും എല്ലാം സംഗമിക്കുന്ന ദിവസങ്ങള്‍.

 

എന്താണ് മുറജപം..?

 

രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തിരുവിതാംകൂര്‍രാജവംശം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയവച്ചതാണ് മുറജപം. മുറ എന്ന പദം വേദം എന്ന അര്‍ഥത്തിലും എടുക്കാം. ഒാരോ മുറയിലും ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവ ക്രമമായി ജപിക്കുന്നു. ഒരുമുറ എന്നാല്‍ എട്ടുദിവസം കൂടുന്നതാണ്. ഏഴുദിവസം കഴിഞ്ഞ് എട്ടാം ദിവസത്തെ മന്ത്രജപത്തിനൊടുവില്‍ മുറശീവേലി. ഭഗവാനെ പ്രത്യേക വാഹനത്തില്‍ എഴുന്നള്ളിക്കുന്നതാണ് മുറശീവേലി. ഒന്നാം മുറയിൽ അനന്തവാഹനം, രണ്ടാം മുറയിൽ കമലവാഹനം, മൂന്നിലും അഞ്ചിലും ഇന്ദ്രവാഹനം, നാലിലും ആറിലും പല്ലക്ക്, ഏഴാം മുറയിൽ ഗരുഡവാഹനം എന്നീക്രമത്തിൽ എഴുന്നെള്ളിക്കണമെന്നാണു വ്യവസഥ.

 

കൃത്യമായ ജപരീതിയാണ് മുറജപത്തിന്റെ സവിശേഷത. ഋഗ്വേദം മന്ത്രപ്രധാനമാണ്. യജുര്‍വേദം ക്രിയാപഥം ആകുന്നു. സാമവേദമാകട്ടെ ശ്രുതിമധുരവും. വേദ ജപങ്ങളോടൊപ്പം സൂക്തങ്ങളും വിഷ്ണസഹസ്രനാമവും മുഴങ്ങും. കാഞ്ചിപുരം, പേജാവാർ, ശൃംഗേരി, തഞ്ചാവൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ള വേദപണ്ഡിതന്മാർക്കു പുറമേ കേരളത്തിലെ വിവിധ ബ്രാഹ്മണ സഭകളിലെയും യോഗക്ഷേമസഭകളിലെയും പ്രതിനിധികളുൾപ്പെടെ 200 പേരാണ് ഇത്തവണ എത്തുന്നത്. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പല ഭാഗത്തായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് രാവിലെ 6.30 മുതല്‍ 10.30 വരെയാണ് വേദജവും,സുക്തജപവും സഹസ്രനാമ ജപവും. 

 

കിഴക്കേനടയിലെ വലിയ ബലിക്കല്ലിന് മുന്നിലൂടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ ഇടതുവശത്തെ മണ്ഡപത്തിലാണ് ഋഗ്വേദ ജപം. വലത്തേമണ്ഡപത്തില്‍ യജുര്‍വേദ ജപം. മുന്നിലേക്ക് പോയാല്‍ വലതുഭാഗത്ത് അലങ്കാരമണ്ഡപം കാണാം. ഇവിടെയാണ് സാമവേദജപം.

ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിന് പുറകില്‍ വലതുഭാഗത്ത് വേദവ്യാസമണ്ഡപത്തില്‍ സൂക്തങ്ങള്‍ ജപിക്കുന്നു. 

 

ഒറ്റക്കൽ മണ്ഡപത്തിനു പുറത്ത്‌ പ്രദക്ഷിണവഴിയിൽ അശ്വഥാമാവിനൊപ്പമുളള വേദവ്യാസൻ ഒരു കാലുമടക്കി തുടയിൽ വച്ചിരിക്കുന്നരീതിയിലാണ് . വ്യാസന് അഭിമുഖമായി രാമാനുജാചാര്യരുടെ ശിൽപമുണ്ട്. 

 

കിഴക്കേനട കൊടിമരത്തിന് സമീപമുള്ള കുലശേഖരമണ്ഡപത്തിലാണ് വിഷ്ണസഹ്രനാമ ജപം. ധമരാജ എന്നറിയപ്പെട്ട കാർത്തികതിരുനാൾ രാമവർമ നിര്‍മിച്ചതാണ് കുലശേഖര മണ്ഡപം.കരിങ്കല്ലിൽ കൊത്തിയ ദേവീദേവന്മാരുടെ ശിൽപം രാമായണ മാഹാഭാരത ,ശിൽപങ്ങൾ എന്നിവ ഇവിടെയുണ്ട്. ശിലയില്‍ തീര്‍ത്ത മണിയും പുണ്യതീർഥങ്ങളിലെ ജലം സംഭരിക്കാനുള്ള കൽത്തൊട്ടിയും ഇവിടെ കാണാം.തിരുവിതാംകൂർ രാജാക്കന്മാർ  ഹിരണ്യഗർഭം എന്ന ചടങ്ങിന് ഉപയോഗിച്ചിരുന്നതാണ് കല്‍ത്തൊട്ടി. ഇവിടത്തെ ഏറ്റവും വലിയ സവിശേഷത സംഗീതസ്തൂപങ്ങളാണ് . രണ്ടറ്റത്തായി 28 കൽത്തൂണുകൾ. സപ്തസ്വരങ്ങളുതിർക്കുന്ന ഒരുതൂണിൽ മൃദംഗധ്വനി വേറിട്ടുകേൾക്കാം. കളക്കാട്, ശുചീന്ദ്രം, ബ്രമ്മദേശം എന്നീ ക്ഷേത്രങ്ങളിലെ ശിൽപികളാകാം ഇവ നിർമിച്ചതെന്ന്  ചരിത്രകാരന്‍ ഡോ.എം.ജി.ശശിഭൂഷൺ പറയുന്നു. വള്ളിയൂർ, പാപനാശം ,തൂക്കണാംകുടി എന്നിവിടങ്ങളിൽ നിന്നാണ് ശിൽപികളെ കൊണ്ടുവന്നതെന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായി പറയുന്നു.തോട്ടത്ത് മൂത്ത പണിക്കർ എന്ന ശിൽപിയാണ് നേതൃത്വം നൽകിയത്

 

അനേക വര്‍ഷങ്ങള്‍ക്കുശേഷം ഇക്കുറി ജലജപവുമുണ്ട്. രാവിലെ ജപത്തില്‍ പങ്കെടുക്കുന്ന വൈദികരെല്ലാവരും വൈകുന്നേരം ആറിന് പത്മതീര്‍ഥക്കുളത്തില്‍ ഇറങ്ങി നിന്നാണ് ജലജപം. തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മിത്വത്തില്‍ വേദമന്ത്രങ്ങളും സഹസ്രനാമവും ചൊല്ലുന്നു. കരയില്‍ നില്‍ക്കുന്നവര്‍ക്കും വൈദികരോടൊപ്പം ജപത്തില്‍ പങ്കാളികളാകാം. എല്ലാദിവസവും വൈകുന്നേരം അഞ്ചുമുതല്‍ നാടകശാലയിലെ സഹസ്രനാമജപത്തിലും ഭക്തര്‍ക്ക് പങ്കാളികളാകാം.

 

മുറജപത്തിന്റെ ചരിത്രം

 

 ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് മുറജപത്തിന് തുടക്കമിട്ടത്. ആദ്യ മുറജപം 1747ൽ ആയിരുന്നുവെന്ന് തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ  ശ്രീപത്മനാഭസ്വാമിക്ഷേത്രം എന്ന പുസ്തത്തില്‍ പറയുന്നു. പണ്ട് നാഞ്ചിനാട് മുതല്‍ വര്‍ക്കലയ്ക്ക് സമീപമുള്ള ഇടവ വരെയുണ്ടായിരുന്ന വേണാട് എന്ന രാജ്യം തിരുവിതാംകൂറായി വലുതായത് മാര്‍ത്താണ്ഡവര്‍മയുടെ കാലത്തായിരുന്നു. അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ പാത സുഗമമായിരുന്നില്ല. ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ടായിരുന്നു ആ ജൈത്രയാത്ര. ചെറിയ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിന്റെ വിസ്തൃതി കൂട്ടി കെട്ടുറപ്പുള്ള ഒരു രാഷ്ട്രമാക്കി മാറ്റുന്ന പരിശ്രമത്തിൽ അദ്ദേഹം വിശ്രമം അറിഞ്ഞിട്ടില്ല. നിരന്തരമായ പോരാട്ടമായിരുന്നു ആ ജീവിതം.കായംകുളവുമായുള്ള യുദ്ധമായിരുന്നു അതിൽ ഏറ്റവം ശ്രമകരം. അതുകൂടി വിജയിച്ചതോടെ മാര്‍ത്താണ്ഡവര്‍മയ്ക്ക് അധികാരത്തോട് വിരക്തി തോന്നിത്തുടങ്ങി. തൃപ്പടിദാനത്തിന് അദ്ദേഹത്തെ നയിച്ച ചേതോവികാരവും മറ്റൊന്നല്ല. ദേഹം പള്ളിവാളും രാജ്യവും ശ്രീപത്മാനഭസ്വാമിക്കു സമർപ്പിച്ച് പത്മഭദാസനായത് ചരിത്രപ്രസിദ്ധമായ ആ തൃപ്പടിദാനത്തിലൂടെയായിരുന്നു. പക്ഷേ എന്നിട്ടും രാജാവിന് തൃപ്തിയായില്ല.

 

കടന്നുവന്ന ചോരപ്പുഴകൾ. കേൾക്കാതെപോയ വിലാപങ്ങൾ അതൊക്കെ മുൻനിർത്തി പ്രായശ്ചിത്തത്തിന് ചക്രവർത്തി അശോകനെപ്പോലെ അദ്ദേഹം തയാറെടുത്തു. അതെപ്പറ്റി തിരുവിതാംകൂറിന്റെ ചരിത്രമെന്ന പുസ്തകത്തിൽ പി.ശങ്കുണ്ണി മേനോന്‍‍ എഴുതുന്നു:

ചെറുകിട രാജാക്കന്മാരെയും പ്രധാനികളെയും മാടമ്പിമാരെയും എട്ടുവീട്ടിൽപിള്ളമാരെയും എല്ലാം ഒതുക്കിയ ശേഷം യുദ്ധം, വധം, എന്നീ പാപങ്ങൾക്കു പ്രായശ്ചിത്തമായും രാജ്ത്തിന് ഐശ്വര്യമായും ചില കർമങ്ങളൾ അനുഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതിനായി മധുര, തിരുനെൽവേലി, മലബാർ പ്രദേശങ്ങളിൽ നിന്ന് വൈദിക ബ്രാഹ്മണരെ വിളിച്ചു.നാലുവേദങ്ങളുംആറു ശാസ്ത്രങ്ങളും തിരഞ്ഞ് പ്രായശ്ചിത്ത വിധികൾ കണ്ടെത്താൻ അവരോടു നിർദേശിച്ചു. അവരുടെ അന്വേഷണങ്ങളിൽ വ്യക്തമായത് പണ്ട് കാർത്തവീരാർജുനൻ എന്ന ചക്രവർത്തി നടത്തിയ പ്രായശ്ചിത്തങ്ങളാണ്. അങ്ങനെയാണ് മുറജപവും ഭദ്രദീപവും നടത്താൻ ഉപദേശിച്ചത്. ദക്ഷിണായനത്തിലെ കർക്കിടകം ഒന്നുമുതലും ഉത്തരായനം തുടങ്ങുന്ന മകരം ഒന്നുമുതലും 7 ദിവസം മൂന്നു വേദങ്ങളും ജപിക്കണം. അതുകഴിയുമ്പോൾ ഭദ്രദീപം നടത്തണം.ഇങ്ങനെ തുടർച്ചയായി 5 കൊല്ലം ചെയ്തശേഷം 6 ആഴ്ചനീളുന്ന മുറജപം നടത്തണം. 56–ാം ദിവസത്തിൽ ലക്ഷം ദീപങ്ങൾ തെളിക്കണം’ ഇതായിരുന്നു പ്രായശ്ചിത്ത വിധി.

 

ലക്ഷദീപം

 

ആറുവര്‍ഷത്തിലൊരിക്കല്‍ കാണാവുന്ന അനുഭവിക്കാവുന്ന അപൂര്‍വ നിമിഷണാണ് ഈ മകരസംക്രമ സന്ധ്യയില്‍ ഭക്തരെക്കാത്തിരിക്കുന്നത്. സന്ധ്യയാകുന്നതോടെ ക്ഷേത്രം ദീപപ്രഭയാല്‍ മുങ്ങിത്തുടങ്ങും. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം 8.30 ന്  മകരശീവേലി തുടങ്ങും. ശ്രീപത്മനാഭസ്വാമി, ശ്രീ നരസിംഹസ്വാമി, ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളാണ് ഗരുഡവാഹനത്തില്‍ എഴുന്നള്ളുന്നത്. മൂന്നു പ്രദക്ഷിണം. ക്ഷേത്രത്തിലെ കണക്കനുസരിച്ച് ഒരുവര്‍ഷം പത്തുതവണ ഗരുഡവാഹനത്തില്‍ ഭഗവാന്‍ പുറത്തെഴുന്നെള്ളി ഭക്തര്‍ക്ക് ദര്‍ശനമേകുന്നു. അങ്ങനെ ആറുവര്‍ഷമാകുമ്പോള്‍ മകരസംക്രമദിനത്തിലെ ശീവേലി അറുപതാമത്തെ ഗരുഡവാഹനത്തിലാകുന്നു. ശീവേലിയും ലക്ഷദീപവും കാണാന്‍ പതിനായിരങ്ങളെത്തും. മണ്‍ചെരാതുകളിലെ വെളിച്ചത്തിനൊപ്പം വൈദ്യുതി ദീപങ്ങളും തെളിയുന്നതോടെ ക്ഷേത്രവളപ്പിലെ തൂവെള്ള മണല്‍ ക്ഷീരസാഗരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. വെളിച്ചം മനസ്സിന്റെ തെളിച്ചമാകുന്നു. ആത്മീയുടെ സൗന്ദര്യാനുഭൂതിയായി അത് മാറുന്നു.