തണുപ്പുകാലത്താണ് ഇഴജന്തുക്കളെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്ന് പറയാറുണ്ട്. പാമ്പുകൾ ഇരതേടിയും പുതിയ വാസസ്ഥലം തേടിയുമൊക്കെ പുറത്തിറങ്ങുന്നത് ഇക്കാലത്താണ്. തണുപ്പ് കാലത്ത് ഉറങ്ങാൻ പോകുന്നവർ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കിടക്കയിലും വിരികൾക്കുള്ളിലുമൊക്കെ ഇവ ഒളിച്ചിരിക്കാൻ സാധ്യതയേറെയാണ്. ഇത്തരമൊരു സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നും പുറത്തു വരുന്നത്.

ഓസ്ട്രേലിയയിലെ നാമ്പോറിലുള്ള ഒരു സ്ത്രീയാണ് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുറിക്കുള്ളിൽ പാമ്പിനെ കണ്ട് ഞെട്ടിയത്. ബെഡ് റൂമിലെത്തി ലൈറ്റിട്ടപ്പോൾ കണ്ടത് കിടക്കയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ പാമ്പിനെയാണ്. ഏഴടിയോളം നീളമുള്ള കാർപെറ്റ് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പാണ് വീടിനുള്ളിൽ കടന്നുകയറിയത്. പാമ്പിനെ കണ്ടു ഭയന്ന പുറത്തിറങ്ങിയ സ്ത്രീ വാതിലടച്ച ശേഷം ഉടൻ തന്നെ പാമ്പ് പിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു.

സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സിലെ സ്റ്റ്യുവർട്ട് മക്കൻസിയാണ് പാമ്പിനെ പിടികൂടാനെത്തിയത്. മക്കെൻസിയെത്തുമ്പോൾ പാമ്പ് മുറിക്കുള്ളിൽ ഇഴഞ്ഞു നടക്കുകയായിരുന്നു. അധികം പരിശ്രമമൊന്നും കൂടാതെ പെട്ടെന്നു തന്നെ മക്കെൻസി പാമ്പിനെ പിടികൂടി പുറത്തെത്തി. മുൻവാതിലിനു സമീപമുള്ള ദ്വാരത്തിലൂടെയാകാം പാമ്പ് വീടിനുള്ളിൽ പ്രവേശിച്ചതെന്ന് മക്കെൻസി വ്യക്തമാക്കി. പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു.

തണുപ്പ് ഏറെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉറങ്ങാൻ പോകുന്നതിന് മുൻപ് കിടക്കയും വിരികളുമൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും മക്കെൻസി മുന്നറിയിപ്പു നൽകി.