ജോൺ മാത്തിസ് എന്ന യുവാവിന്റെ ഒരു നിമിഷത്തെ ജാഗ്രത രക്ഷിച്ചത് ഒരു കുഞ്ഞുജീവൻ. യുഎസിലെ ടെക്സസ് സ്വദേശിയായ ജോൺ തിങ്കളാഴ്ച രാത്രി ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ‍. ലിഫ്റ്റില്‍ നിന്ന് ജോണ്‍ പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു യുവതി തന്റെ പോമറേനിയന്‍ നായയുമായി  എത്തിയത്. യുവതി ലിഫ്റ്റിൽ കയറിയ ഉടൻ വാതിലടഞ്ഞു. നായ പുറത്തായിരുന്നു, എന്നാൽ തുടലിന്റെ അറ്റം യുവതിയുടെ കയ്യിലും. 

 

പെട്ടന്നാണ് ജോൺ നായ പുറത്തു നിൽക്കുന്നത് കണ്ടത്. ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയിരുന്നു. ജോൺ അതിവേഗം നായയെ കൈക്കുള്ളിലാക്കി തുടലഴിച്ച് സ്വതന്ത്രനാക്കി. നായയെ സ്നേഹപൂർവ്വം ആശ്വസിപ്പിച്ച ശേഷം ഉടമയ്ക്ക് കൈമാറി.  സംഭവത്തിന്റെ സിസിടിവി ദൃശ്യം ജോൺ തന്നെയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്. അപകടത്തില്‍ നിന്ന് നായയെ ജോണ്‍ രക്ഷിക്കുന്നതിന്റെ വീഡിയോ ഇതിനോടകം ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അശ്രദ്ധയോടെ ജോണ്‍ മാത്തിസ് നടന്നു പോയിരുന്നെങ്കില്‍ ആ കുഞ്ഞന്‍ നായയ്ക്ക് അന്ന് ജീവന്‍ നഷ്ടമാകുമായിരുന്നു.